Image courtesy: Canva
Managing Business

കുടുംബ ബിസിനസ്: സ്ത്രീ പങ്കാളിത്തം എത്രമാത്രം?

കുടുംബ ബിസിനസില്‍ സ്ത്രീകള്‍ക്കുള്ള അവസരങ്ങളും വെല്ലുവിളികളും പഠിക്കാന്‍ ഗേറ്റ്‌വേയ്‌സ് ഗ്ലോബല്‍

Dhanam News Desk

സ്ത്രീകള്‍ യഥാര്‍ത്ഥത്തില്‍ കുടുംബ ബിസിനസുകളില്‍ എങ്ങനെ പങ്കെടുക്കുന്നു? ആ ബിസിനസില്‍ പ്രവേശിക്കുകയും തുടരുകയും ഒടുവില്‍ വിരമിക്കുകയും ചെയ്യുന്നത് വരെയുള്ള അവരുടെ യാത്ര എങ്ങനെയാണ് രൂപപ്പെടുന്നത് എന്നിവയെല്ലാം പഠിക്കാന്‍ തയാറെടുക്കുകയാണ് കുടുംബ ബിസിനസ് മാനേജ്‌മെന്റ്, എക്‌സിക്യൂട്ടിവ് കോച്ചിങ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗേറ്റ്‌വേയ്‌സ് ഗ്ലോബല്‍ ഹ്യൂമന്‍ ക്യാപിറ്റല്‍ സൊല്യൂഷന്‍സ്.

കുടുംബ ബിസിനസുകള്‍ വെറും വാണിജ്യ സ്ഥാപനങ്ങള്‍ മാത്രമല്ല; തലമുറകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രതീകമാണ്. കേരളത്തിലും ഇന്ത്യയിലെവിടെയും അവ വ്യവസായങ്ങളുടെ വളര്‍ച്ചക്ക് ദിശാബോധം നല്‍കുകയും, തൊഴിലവസരങ്ങള്‍ നിലനിര്‍ത്തുകയും കമ്പനികള്‍ക്ക് ശക്തമായ അടിത്തറ ഒരുക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, സ്ത്രീകളുടെ വിദ്യാഭ്യാസ നേട്ടവും പ്രൊഫഷണല്‍ പരിചയവും ഗണ്യമായി വര്‍ധിച്ചിരിക്കുന്ന ഈ കാലത്തും അവരെ സംബന്ധിച്ച ചില പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് ഗേറ്റ്‌വേയ്‌സ് ഗ്ലോബലിന്റെ ലീഡ് പാര്‍ട്ണറായ എം.ആര്‍ രാജേഷ്‌കുമാര്‍ പറയുന്നു.

സ്ത്രീകള്‍ യഥാര്‍ത്ഥത്തില്‍ കുടുംബ ബിസിനസുകളില്‍ എങ്ങനെ പങ്കെടുക്കുന്നു? ആ ബിസിനസില്‍ പ്രവേശിക്കുകയും തുടരുകയും ഒടുവില്‍ വിരമിക്കുകയും ചെയ്യുന്നത് വരെയുള്ള അവരുടെ യാത്ര എങ്ങനെയാണ് രൂപപ്പെടുന്നത് എന്നീ ചോദ്യങ്ങളെ ആധികാരികമായി, തെളിവുകള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്ന ഒരു ഗവേഷണത്തിനാണ് ഗേറ്റ്‌വേയ്‌സ് ഗ്ലോബല്‍ തുടക്കം കുറിച്ചിരിക്കുന്നത്. കുടുംബ സംരംഭങ്ങളില്‍ പലപ്പോഴും സ്ത്രീകള്‍ പ്രതീകാത്മക നേതൃത്വ സ്ഥാനങ്ങളില്‍ ഒതുങ്ങുന്നു. അവര്‍ക്ക് തീരുമാനങ്ങളെടുക്കാനോ, ഭരണസാരഥ്യം വഹിക്കാനോ അവസരം ലഭിക്കുന്നില്ല. അനുമാനങ്ങളെ ആശ്രയമാക്കിയല്ല. സ്ത്രീകളുടെ പങ്കാളിത്തത്തെ കുറിച്ച് പഠിക്കുന്നതിനായി തികച്ചും നിഷ്പക്ഷമായ ഒരു അന്വേഷണമാണ് തങ്ങള്‍ നടത്തുന്നതെന്ന് രാജേഷ് കുമാര്‍ വ്യക്തമാക്കുന്നു.

മൂന്ന് തലത്തില്‍

മൂന്ന് ഘട്ടങ്ങളുള്ള മിക്സഡ്-മെത്തേഡ് സമീപനമാണ് ഈ പഠനം പിന്തുടരുന്നത്. ആദ്യഘട്ടം, രണ്ടാം തലമുറ മുതലുള്ള കുടുംബ ബിസിനസ് അംഗങ്ങളുടെ ജീവിതാനുഭവങ്ങള്‍ പകര്‍ത്തുന്ന സെമി-സ്ട്രക്ചേര്‍ഡ് അഭിമുഖങ്ങളിലൂടെയും (താഴെ കൊടുത്തിരിക്കുന്ന ചോദ്യാവലി), രണ്ടാം ഘട്ടം, ഈ ഉള്‍ക്കാഴ്ചകളെ മുന്‍നിര്‍ത്തി ഘടനാപരമായ ഒരു സര്‍വേയിലൂടെയും, മൂന്നാം ഘട്ടം ഈ കണ്ടെത്തലുകളെ സമന്വയിപ്പിച്ചുള്ള അന്തിമ റിപ്പോര്‍ട്ടിലൂടെയും കൈകാര്യം ചെയ്യും.''ഗവേഷണവും ഉപദേശക പരിശീലനവും സംയോജിപ്പിക്കുന്നതിലൂടെ, കൂടുതല്‍ ശക്തമായ കുടുംബ സംരംഭങ്ങള്‍ക്ക് അടിത്തറയിടാന്‍ ഈ പഠനത്തിത്തിലൂടെ കഴിയും. മാത്രമല്ല, കുടുംബ ബിസിനസുകളുടെ ഇപ്പോഴത്തെ അവസ്ഥ മനസിലാക്കാനും അത് ഉപകരിക്കും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാം തലമുറയിലെ കമ്പനി മാനേജ്‌മെന്റ് അംഗങ്ങള്‍, ഭരണതലത്തിലിരുന്നവര്‍, ബിസിനസില്‍ നിന്ന് പുറത്തു പോയവര്‍ എന്നിവരുള്‍പ്പെടെ മറ്റ് സ്ഥാപനങ്ങള്‍, ബിസിനസ് അസോസിയേഷനുകള്‍, പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കുകള്‍ തുടങ്ങി എല്ലാവരും ഈ ശ്രമത്തെ പിന്തുണക്കുമെന്നാണ് കൊച്ചി ആസ്ഥാനമായ ഗേറ്റ്‌വേയ്‌സ് ഗ്ലോബല്‍ പ്രതീക്ഷിക്കുന്നത്.

പഠനത്തിന്റെ ലക്ഷ്യങ്ങള്‍

1. കുടുംബ ബിസിനസില്‍ സ്ത്രീകളുടെ പങ്കാളിത്തം കണക്കാക്കുക.

2. നേതൃസ്ഥാനങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തെല്ലാമാണെന്ന് മനസിലാക്കുക.

3. വെല്ലുവിളികള്‍ മറികടക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും കുടുംബ ബിസിനസുകള്‍ കൈക്കൊള്ളുന്ന രീതികളും നടപടിക്രമങ്ങളും അറിയുക.

ചോദ്യാവലി: https://forms.office.com/r/dwMYb5RB9y

(Originally published in Dhanam Magazine March 31, 2026 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT