Image courtesy: Canva
Managing Business

മത്സരശേഷി വര്‍ധിപ്പിക്കണോ? ബിസിനസ് മള്‍ട്ടി-യൂണിറ്റ് സംവിധാനത്തിലേക്ക് വികസിപ്പിക്കാം

ഇതു വഴി സ്ഥിരം ചെലവുകള്‍ കുറക്കാനും പങ്കുവെക്കാനും വിതരണക്കാരുമായി മികച്ച രീതിയില്‍ വിലപേശാനും കഴിയും

Tiny Philip

ബിസിനസിന്റെ മെക്കാനിക്കല്‍ വിഭാഗങ്ങളെ കുറിച്ചാണ് ഈ ലക്കത്തില്‍ പരിശോധിക്കുന്നത്. പരമ്പരാഗത 'സപ്ലൈ ചെയിന്‍' എന്നതില്‍ നിന്ന് ഉയര്‍ന്ന നിലവാരമുള്ള 'ഡിമാന്‍ഡ് ചെയിന്‍' എന്നതിലേക്കുള്ള മാറ്റമാണ് ഇവിടെ പറയുന്നത്.

ഈ സംവിധാനങ്ങളുടെ പ്രവര്‍ത്തനരീതിയിലേക്ക് കടക്കുന്നതിന് മുമ്പ്, നമ്മള്‍ എന്തുകൊണ്ട് ഇത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കണം. ബിസിനസ് വികസിപ്പിക്കുന്നതിന്റെ (Scaling up) പ്രധാന ലക്ഷ്യം- അതായത് ഒറ്റ യൂണിറ്റില്‍ നിന്ന് മള്‍ട്ടി-യൂണിറ്റ് സംവിധാനത്തിലേക്ക് മാറുന്നത്- ബിസിനസിന്റെ മത്സരശേഷി വര്‍ധിപ്പിക്കുക എന്നതാണ്.

അസ്ഥിരമായ ഒരു വിപണിയില്‍, യഥാര്‍ത്ഥ മത്സരശേഷി എന്നത് ഏറ്റവും കുറഞ്ഞ വില നല്‍കുക എന്നതല്ല; മറിച്ച്, പ്രതിസന്ധികളെ അതിജീവിക്കാന്‍ ശേഷിയുള്ള, കരുത്തുറ്റ ഒരു ഘടന ഉണ്ടായിരിക്കുക എന്നതാണ്. ബിസിനസ് വികസിപ്പിക്കുക വഴി സ്ഥിരം ചെലവുകള്‍ കുറക്കാനും പങ്കുവെക്കാനും വിതരണക്കാരുമായി മികച്ച രീതിയില്‍ വിലപേശാനും വലിയൊരു പ്രദേശത്ത് ആധിപത്യം സ്ഥാപിക്കാനും കഴിയും. എന്നിരുന്നാലും, ബിസിനസ് വികാസമെന്നത് ഒരു ഇരുതലമൂര്‍ച്ചയുള്ള വാളാണ്. നിലവിലെ അപാകതകളോടെയാണ് നിങ്ങള്‍ വികസിക്കുന്നതെങ്കില്‍, അത് കൂടുതല്‍ ദുര്‍ബലമായ, വലിയൊരു ലക്ഷ്യത്തെ മാത്രമെ സൃഷ്ടിക്കൂ.

'ഡിമാന്‍ഡ് ചെയിന്‍'

മത്സരരംഗത്ത് മുന്‍തൂക്കം ലഭിക്കാന്‍, ഇന്‍വെന്ററിയില്‍ കുറഞ്ഞ മൂലധനം മാത്രം മുടക്കിക്കൊണ്ട് ഉപഭോക്താവിന് പരമാവധി ലഭ്യത ഉറപ്പാക്കുന്ന ഒരു സംവിധാനം നിങ്ങളുടെ വളര്‍ച്ചക്ക് പിന്തുണയേകണം. ഇവിടെയാണ് 'ഡിമാന്‍ഡ് ചെയിന്‍' നിങ്ങളുടെ ഏറ്റവും വലിയ തന്ത്രപരമായ ആയുധമായി മാറുന്നത്.

ഈ ആശയം വിശദമായി വ്യക്തമാക്കാന്‍ ഒറ്റ യൂണിറ്റില്‍ നിന്ന് ആറ് യൂണിറ്റുകളായി വികസിച്ച ഒരുഹോസ്പിറ്റല്‍ ശൃംഖലയെ ഞാന്‍ ഉദാഹരണമായി എടുക്കാം.

ശരിക്കും കരുത്തുറ്റ ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്നതിന് ചിത്രം ഒന്നില്‍ നല്‍കിയിരിക്കുന്നത് പോലെ 'എഫക്റ്റീവ് ഇന്‍വെന്ററി മാനേജ്‌മെന്റ്' (effective inventory management) എന്നതിനെക്കുറിച്ച് നമ്മള്‍ പുനര്‍വിചിന്തനം നടത്തണം.

Figure 1

മിക്ക മാനേജര്‍മാരും ഷെല്‍ഫുകളില്‍ സാധനങ്ങള്‍ ലഭ്യമാണ് എന്നതിനെ മാത്രമാണ് വിജയമായി നിര്‍വചിക്കുന്നത്. എന്നാല്‍ 'കോണ്‍ട്രേറിയന്‍' ലോകത്ത് 'കുറഞ്ഞ നിക്ഷേപത്തില്‍ പരമാവധി ലഭ്യത' എന്ന തീര്‍ത്തും മെക്കാനിക്കലായ ഫലത്തിനാണ് പ്രാധാന്യം.

സാധാരണയായി, ഈ രണ്ട് കാര്യങ്ങളും തമ്മില്‍ വൈരുദ്ധ്യമുള്ളതായാണ് കണക്കാക്കപ്പെടുന്നത്. കൂടുതല്‍ ലഭ്യത ഉറപ്പാക്കാന്‍ നിക്ഷേപം വര്‍ധിപ്പിക്കണം (കൂടുതല്‍ സ്റ്റോക്ക് വാങ്ങണം) എന്നാണ് പരമ്പരാഗത മാനേജ്മെന്റുകള്‍ കരുതുന്നത്. ഈ വിശ്വാസം നേരിട്ട് നയിക്കുന്നത് 'മള്‍ട്ടിയൂണിറ്റ് ട്രാപ്പിലേക്കാണ്' (Multi-Unit Trap).

ചിത്രം രണ്ടില്‍ നല്‍കിയിരിക്കുന്നത് പോലെ, ഒന്നിലധികം ഇന്‍-ഹൗസ് ഫാര്‍മസികളുള്ള സിംഗിള്‍ ഹോസ്പിറ്റല്‍ പോലുള്ള ഒരു സാധാരണ സിംഗിള്‍ യൂണിറ്റ് പ്രവര്‍ത്തനത്തെ ഉദാഹരണമായി എടുക്കാം.

സേഫ്റ്റി സ്റ്റോക്ക്

ലഭ്യത ഉറപ്പാക്കാന്‍, വിതരണക്കാരില്‍ നിന്ന് സാധനങ്ങള്‍ എത്തിച്ചേരാന്‍ എടുക്കുന്ന സമയം മറികടക്കാന്‍ മാനേജര്‍ ഒരു 'സേഫ്റ്റി സ്റ്റോക്ക്' നിലനിര്‍ത്തുന്നു.

ഒരു സാധാരണ സിംഗിള്‍-യൂണിറ്റ് സാഹചര്യത്തില്‍ പ്രതിമാസം മൂന്ന് കോടി രൂപയുടെ വില്‍പനയുള്ളപ്പോള്‍ മാനേജര്‍ 10 ദിവസത്തെ സേഫ്റ്റി സ്റ്റോക്ക് സൂക്ഷിച്ചേക്കാം.

പ്രതിമാസ ഷിപ്പ്‌മെന്റ് കൂട്ടുമ്പോള്‍, 'പീക്ക് സ്റ്റോക്ക്' 40 ദിവസത്തിലെത്തുന്നു, ശരാശരി ഇന്‍വെന്ററി 25 ദിവസമായി നില്‍ക്കുന്നു. ഇത് മൂലധനപരമായി കാര്യക്ഷമമല്ലെങ്കിലും, ബിസിനസ് ചെറുതായതുകൊണ്ട് അത് കൈകാര്യം ചെയ്യാവുന്നതേയുള്ളൂ.

Figure 2

യഥാര്‍ത്ഥ അപകടം തുടങ്ങുന്നത് വിപുലീകരണത്തിലേക്ക് കടക്കുമ്പോഴാണ്. ഒരു ബിസിനസ് മള്‍ട്ടി-യൂണിറ്റ് പ്രവര്‍ത്തനമായി വളരുമ്പോള്‍, സങ്കീര്‍ണതകള്‍ വെറുതെ കൂടുകയല്ല, മറിച്ച് പലമടങ്ങായി പെരുകുകയാണ് ചെയ്യുന്നത്.

സാധാരണ സംവിധാനത്തില്‍ ഓരോ യൂണിറ്റും ഒരു ദ്വീപ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ ബ്രാഞ്ച് മാനേജരും, ഒരു രോഗിയെയോ ഉപഭോക്താവിനെയോ നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ സ്വന്തമായി പ്രൊക്യുര്‍മെന്റ് സംവിധാനവും പ്രാദേശിക സേഫ്റ്റി സ്റ്റോക്കുകളും നിലനിര്‍ത്തുന്നു.

ഈ ദ്വീപ് അധിഷ്ഠിത മാതൃകയില്‍, മൊത്തം സിസ്റ്റത്തിലെ ഇന്‍വെന്ററി ഒരു വലിയ ഭാരമായി മാറുന്നു. യൂണിറ്റുകള്‍ സാങ്കേതികമായി ഒരു ബ്രാന്‍ഡ് നാമത്താല്‍ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ചിത്രം മൂന്നില്‍ നല്‍കിയിരിക്കുന്നത് പോലെ, അവയുടെ പ്രവര്‍ത്തന രീതിയില്‍ സാമ്യമില്ല.

Figure 3

ഇത് ഏതൊരു സിഇഒക്കും മുന്നില്‍ നിര്‍ണായകമായ ഒരു ചോദ്യമുയര്‍ത്തുന്നു: ഒരു മള്‍ട്ടി-യൂണിറ്റ് സംവിധാനം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?

ഓരോ ശാഖയും ആദ്യത്തെ ശാഖയുടെ ഒരു പകര്‍പ്പ് മാത്രമാവുകയും അവ സ്വന്തമായി സാധനങ്ങള്‍ വാങ്ങുകയും സൂക്ഷിക്കുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ വളര്‍ന്നിട്ടുണ്ടാകാം, എന്നാല്‍ കാര്യക്ഷമത കൈവരിക്കാന്‍ സാധിച്ചിട്ടില്ല.

ചിത്രം നാലില്‍ നല്‍കിയിരിക്കുന്നത് പോലെ, നിങ്ങളുടെ റിസ്‌ക് പലമടങ്ങ് വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.

Figure 4

വ്യക്തിഗത യൂണിറ്റുകളെ സംരക്ഷിക്കാന്‍ ആകെത്തുകയെ (Aggregate) പ്രയോജനപ്പെടുത്താനുള്ള കഴിവാണ് ഒരു മള്‍ട്ടി-യൂണിറ്റ് സംവിധാനത്തിന്റെ യഥാര്‍ത്ഥ നേട്ടം.

കേന്ദ്രീകൃതമായ ഒരു തന്ത്രം ഇല്ലെങ്കില്‍ നിങ്ങള്‍ വെറുതെ കുറച്ച് സ്വതന്ത്ര ചെറുകിട ബിസിനസുകളുടെ ഒരുകൂട്ടം മാത്രമാണ് നടത്തുന്നത്. അവ ഓരോന്നിനും അവരവരുടെ പ്രാദേശിക അനിശ്ചിതത്വങ്ങളുടെ ഭാരം ചുമക്കേണ്ടി വരുന്നു. മത്സരശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഉപാധി സ്‌കെയിലിങ് ആണെങ്കിലും, നിലവിലുള്ള യൂണിറ്റുകളുടെ എണ്ണം വെറുതെ കൂട്ടുന്നത് പലപ്പോഴും നിങ്ങളുടെ പണലഭ്യതയെ ഇല്ലാതാക്കുന്ന ഒരു 'സേഫ്റ്റി സ്റ്റോക്ക് കെണിയിലേക്ക്' നയിക്കുന്നു.

കരുത്തുറ്റ ഒരു ബിസിനസ് കെട്ടിപ്പടുക്കുന്നതിന്, ആ യൂണിറ്റുകള്‍ തമ്മിലുള്ള 'ആശയവിനിമയ' രീതിയില്‍ മൗലികമായ മാറ്റം ആവശ്യമാണ്.

തുടരും

(Originally published in Dhanam Magazine May 15, 2026 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT