Image courtesy: Canva
Managing Business

ഫണ്ടിംഗ്: ബാങ്കിനെ എങ്ങനെ മികച്ച പങ്കാളിയാക്കാം

ജിഎസ്ടി ടേണോവര്‍ ഒരു ആശ്രയിക്കാവുന്ന ഡാറ്റാ പോയിന്റായി മാറിക്കഴിഞ്ഞു. വരും കാലങ്ങളില്‍ വിവരങ്ങളെ അവലംബിച്ചാണ് കൂടുതല്‍ വായ്പ തീരുമാനം ബാങ്കുകള്‍ എടുക്കുക

Dhanam News Desk

വി.കെ ആദര്‍ശ്

സംരംഭകര്‍ക്ക് ഒരു ബാങ്കിനെ ആവശ്യമുണ്ട്. വായ്പയുടെ കാര്യത്തില്‍ മാത്രമല്ല, മറ്റ് പല ആവശ്യങ്ങള്‍ക്കും മുന്നോട്ടുള്ള യാത്രയില്‍ കൂട്ടായി ബാങ്ക് ഉണ്ടായിരിക്കണം എന്നത് ഒരു അനിവാര്യതയാണ്. ഇന്ന് ഡിജിറ്റല്‍ പണമിടപാടുകള്‍ സാര്‍വത്രികമായി മാറിക്കഴിഞ്ഞു. ജിഎസ്ടി 2.0യില്‍ നികുതി നിരക്ക് വളരെ കുറയ്ക്കുകയോ, അല്ലെങ്കില്‍ ഒഴിവാക്കുകയോ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. ഒരുപക്ഷേ വരും വര്‍ഷങ്ങളില്‍ ഈടായി ട്രാന്‍സാക്ഷന്‍ ടേണോവര്‍ വരെ വന്നേക്കാം.

ചില വിദേശ രാജ്യങ്ങളില്‍ പ്രോപ്പര്‍ട്ടി കൊളാറ്ററില്‍ നിന്ന് ഡാറ്റാ കൊളാറ്ററിലേക്കുള്ള ചുവടുമാറ്റം പ്രകടമാണ്. അതുകൊണ്ട് തന്നെ നമ്മുടെ രാജ്യത്തും അത് വരാനുള്ള സാധ്യത വിരളമല്ല. വ്യക്തമായി പറഞ്ഞാല്‍ ബിസിനസില്‍ നടക്കുന്ന വില്‍പ്പന, അതുപോലെ അക്കൗണ്ട് വഴി എത്തിയാല്‍ (ക്രെഡിറ്റ് ടേണോവര്‍) അത് വിശ്വാസയോഗ്യമായ ഒരു ഡാറ്റാ പോയിന്റ് ആയി സമയക്രമേണ വരും.

വായ്പ തീരുമാനം

ചരക്ക് സേവന നികുതി വന്നതില്‍ പിന്നെ ജിഎസ്ടി ടേണോവര്‍ ഒരു ആശ്രയിക്കാവുന്ന ഡാറ്റാ പോയിന്റായി മാറിക്കഴിഞ്ഞു. ഇത്തരത്തില്‍ വിവരങ്ങളെ അവലംബിച്ചാണ് വായ്പ തീരുമാനം എടുക്കുക. ഇപ്പോള്‍ വായ്പ ചരിത്ര രേഖ (സിബില്‍ റിപ്പോര്‍ട്ട്) ഒരു ആശ്രയിക്കാവുന്ന വിവര സ്രോതസായി ബാങ്കിംഗ് സ്ഥാപനങ്ങള്‍ എടുക്കുന്നുണ്ട്.

നിലവില്‍ വായ്പ ഇല്ലാത്തവര്‍, എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ കമ്പനി വിപുലീകരണത്തിനോ വൈവിധ്യവല്‍ക്കരണത്തിനോ വായ്പ താല്‍പ്പര്യം ഉള്ളവരാണെങ്കില്‍, ഇപ്പോള്‍ തന്നെ എത്രയാണോ ജിഎസ്ടി വില്‍പ്പന, തത്തുല്യ തുക സ്ഥാപനത്തിന്റെ കറന്റ് അക്കൗണ്ട് വഴി വാങ്ങുന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുക. ഈ പറഞ്ഞ മൂന്ന് ഡാറ്റാ പോയിന്റുകളും ഭാവിയില്‍ ഉരുത്തിരിഞ്ഞ് വന്നേക്കാവുന്ന മറ്റ് ഡാറ്റാ സംയുക്തങ്ങളും ചേര്‍ന്നാകും വായ്പ തുക, ലഭ്യതയൊക്കെ തീരുമാനിക്കുക. പൂര്‍ണമായി ഓട്ടോമേറ്റ് ചെയ്യാവുന്ന (സ്‌ട്രെയിറ്റ് ത്രൂ പ്രോസസ്) സംവിധാനം ആയതിനാല്‍ വായ്പ അപേക്ഷ നല്‍കി ഒരു മണിക്കൂറിനുള്ളില്‍ തന്നെ അന്തിമ വായ്പ അനുമതി ലഭിക്കുകയും ചെയ്യും. നിലവില്‍ ഇതിന്റെ പ്രവണത ആരംഭിച്ചിരിക്കുന്നു എന്നതും ഓര്‍ക്കാം.

വളര്‍ച്ചയില്‍ അഭികാമ്യം

ബാങ്കുമായി ബന്ധപ്പെട്ട, പ്രത്യേകിച്ചും സൂക്ഷ്മ, ഭവന, ചെറുകിട സംരംഭകര്‍ ഓര്‍ക്കേണ്ട കാര്യം, ഇന്ന് വ്യാപകമായ ക്യൂആര്‍ കോഡ്, യുപിഐ വഴിയുള്ള ഡിജിറ്റലായി സ്വീകരിക്കുന്ന പണം ഒരു കറന്റ് അക്കൗണ്ട് വഴി തന്നെ ആകുന്നതാണ് ഭാവിയിലേക്കുള്ള വളര്‍ച്ചയില്‍ അഭികാമ്യം. വ്യക്തിഗത ആവശ്യത്തിനുള്ള എസ്ബി (സേവിംഗ്സ് ബാങ്ക്) അക്കൗണ്ടുകള്‍ ഒഴിവാക്കുക. ഇന്ന് എല്ലാ ബാങ്കുകളും വളരെ ആകര്‍ഷകമായ തരത്തില്‍ ഡിജിറ്റല്‍ കറന്റ് അക്കൗണ്ടുകള്‍ നല്‍കുന്നുണ്ട്. എസ്ബി അക്കൗണ്ട് സംരംഭ/കച്ചവട ആവശ്യത്തിന് ഉപയോഗിക്കുന്നത്, പല വിധത്തിലുള്ള വളര്‍ച്ചാ തടസങ്ങള്‍ ഉണ്ടാക്കും. പല തരത്തിലുള്ള കറന്റ് അക്കൗണ്ടുകള്‍ ബാങ്കിംഗ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ന് തിരഞ്ഞെടുക്കാവുന്നതാണ്.

എന്നാല്‍ സംരംഭകരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക്, വീട്ട് ചെലവിനും വിനോദ-വിദ്യാഭ്യാസ-ആശുപത്രി ചെലവിനും മറ്റും ആവശ്യമുള്ള തുക ഈ കറന്റ് അക്കൗണ്ടില്‍ നിന്ന് വ്യക്തിഗത എസ്ബി അക്കൗണ്ടിലേക്ക് മാറ്റുക. സംരംഭ ഇതര ചെലവെല്ലാം ആ എസ്ബി അക്കൗണ്ടില്‍ നിന്നായാല്‍ മെച്ചപ്പെട്ട സാമ്പത്തിക അച്ചടക്കവും ഫലപ്രദമായ ബജറ്റിംഗ് നിയന്ത്രണവും സംരംഭത്തിനും ഒപ്പം വ്യക്തിഗത ആവശ്യങ്ങള്‍ക്കും വരും. ഇപ്പറഞ്ഞതിന് വ്യക്തിഗത ചെലവ് ചുരുക്കണമെന്ന് ഒരിക്കലും അര്‍ത്ഥമില്ല. എന്നാല്‍ രണ്ട് അക്കൗണ്ട് ഉണ്ടായിരിക്കണം. സംരംഭത്തിന്റെ ആവശ്യത്തിനുള്ള കറന്റ് അക്കൗണ്ടും നിങ്ങളുടെ ആവശ്യാര്‍ത്ഥം ഉള്ള എസ്ബി അക്കൗണ്ടും ഒരേസമയം രണ്ട് തരത്തില്‍ കൈകാര്യം ചെയ്യണമെന്നേ ഉള്ളൂ.

ജിഎസ്ടി പരിഷ്‌കരണത്തെ തുടര്‍ന്ന് വര്‍ധിച്ച തോതിലുള്ള വിപണി ഉണര്‍വ് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രവര്‍ത്തന മൂലധനം അഥവാ സ്റ്റോക്ക് എടുക്കാനുള്ള വര്‍ക്കിംഗ് ക്യാപിറ്റല്‍ ആവശ്യമുള്ളവരുണ്ടാകാം. ഇതുവരെ സിസി/ഒഡി വായ്പ ഇതിനായി ഇല്ലാത്തവര്‍ക്ക് ബാങ്കിനെ സമീപിച്ച് അത് ലഭ്യമാക്കാം. നിലവില്‍ പ്രവര്‍ത്തന മൂലധനം ഉള്ള സംരംഭമാണെങ്കില്‍, അതിന്റെ ലിമിറ്റ്/വായ്പ പരിധി കൂട്ടാന്‍ ബാങ്കിനെ സമീപിക്കാം.

മാനുഫാക്ചറിംഗ്/വ്യവസായ യൂണിറ്റുകളെ സംബന്ധിച്ചിടത്തോളം ഉല്‍പ്പാദന വര്‍ധനവിന് പുതിയതോ മെച്ചപ്പെട്ടതോ ആയ മെഷിനറി, അല്ലെങ്കില്‍ ഫാക്ടറി വിപുലീകരണം ആവശ്യമായി വരുന്ന വേളയില്‍ ബാങ്ക് ശാഖയെ സമീപിച്ച് ടേം ലോണ്‍ നേടാം. ടേം ലോണും വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണും ഒരുമിച്ചും ഒന്നായി മാത്രമോ, ഒരേസമയം എടുക്കുന്നത് ബാങ്കുകള്‍ പ്രോത്സാഹിപ്പിക്കുന്ന കാര്യമാണ്. ഒരുകാര്യം മാത്രം ശ്രദ്ധിക്കുക. വര്‍ക്കിംഗ് ക്യാപിറ്റലിനായി എടുത്ത സിസി/ഒഡി യാതൊരു കാരണവശാലും നിശ്ചിത കാല (ടേം ലോണ്‍) ആവശ്യത്തിനായി മെഷിനോ മറ്റോ വാങ്ങാന്‍ ഉപയോഗിക്കരുത്, തിരിച്ചും. ഇതിനെ ആഭ്യന്തരമായ പണ വകമാറ്റല്‍ (ഇന്റേണല്‍ ഫണ്ട് ഡൈവേര്‍ഷന്‍) ആയി കണക്കാക്കുകയും അത് സുഗമപാതയില്‍ നിന്ന് കാര്യങ്ങളെ വഴി തെറ്റിക്കുകയും ചെയ്യും.

(യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറല്‍ മാനേജറാണ് ലേഖകന്‍)

(Originally published in Dhanam Magazine October 31, 2025 issue.)

How entrepreneurs can make banks strategic partners in funding using GST and digital data trends.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT