ഒരു പുതിയ ബിസിനസ് ആരംഭിക്കുക, അല്ലെങ്കില്‍ നിലവിലുള്ള ബിസിനസ് പുതിയ മേഖലയിലേക്ക് വികസിപ്പിക്കുക എന്നത് ആവേശകരമായ കാര്യം തന്നെയാണ്. എന്നാല്‍ അത്തരം എല്ലാ ആശയങ്ങളും വിജയത്തിലെത്തണമെന്നില്ല. നമ്മുടെ സമയവും പണവും നിക്ഷേപിക്കുന്നതിന് മുമ്പ് ബിസിനസ് ആശയം പ്രായോഗികമാണോ, സുസ്ഥിരവും ലാഭകരവുമാകുമോ എന്ന് ഉറപ്പിക്കാന്‍ ഒരു സാധ്യതാ പഠനം നടത്തേണ്ടത് ആവശ്യമാണ്. മിക്ക സാധ്യതാ പഠനങ്ങളും അപ്രായോഗികവും തിയറിയെ അമിതമായി ആശ്രയിക്കുന്നതും പൂര്‍ത്തിയാക്കാന്‍ ഏറെ സമയമെടുക്കുന്നതുമാണെന്ന് കാണാം. ഇതിന്കാരണം അവര്‍ ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കും വിപണിയിലെ ഡിമാന്‍ഡിനുമാണ് വളരെയേറെ ശ്രദ്ധ നല്‍കുന്നതെന്നതാണ്. അതിന്റെ നിര്‍വഹണത്തിനിടയില്‍ വരുന്ന യഥാര്‍ത്ഥ വെല്ലുവിളികളെ അവഗണിക്കുന്നു. പ്രത്യേകിച്ചും സവിശേഷമായ ഒരു ബിസിനസ് മാതൃക സൃഷ്ടിക്കുമ്പോള്‍.
ഒരു പുതിയ ബിസിനസ് ആരംഭിക്കുന്നതോ,നിലവിലുള്ളവ വികസിപ്പിക്കുന്നതിനോ വേണ്ടിയുള്ള സാധ്യതാ പഠനം നടത്തേണ്ടി വരുമ്പോള്‍ ഞാന്‍ സാധാരണയായി ചിത്രം ഒന്നില്‍ കാണുന്നതുപോലെയുള്ള രീതിശാസ്ത്രമാണ് ഉപയോഗിക്കുന്നത്.
പുതിയ ആശുപത്രി നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്ന കേരളത്തിലെ ഒരു ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ഉദാഹരണത്തിലൂടെ ഈ കാര്യങ്ങള്‍ പരിശോധിക്കാം. ഈ ചാരിറ്റബ്ള്‍ ട്രസ്റ്റ് വര്‍ഷങ്ങളായി മധ്യകേരളത്തില്‍ 500 കിടക്കകളുള്ള ഹോസ്പിറ്റല്‍ നടത്തിവരുന്നുണ്ട്. തൊട്ടടുത്ത് മറ്റൊരു നഗരത്തില്‍ പുതിയ ഹോസ്പിറ്റല്‍ സ്ഥാപിച്ച് അതിന്റെ സേവനംവ്യാപിപ്പിക്കാനുള്ള ആലോചനയിലാണവര്‍. ആശുപത്രിക്ക് വേണ്ടിയുള്ള കെട്ടിടവുമായി ബന്ധപ്പെട്ട്ട്രസ്റ്റിന് മുന്നിലുള്ള മാര്‍ഗങ്ങള്‍ താഴെ പറയുന്നു.
500 കിടക്കകളുള്ള പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മിക്കുക.
50 കിടക്കകളുള്ള പുതിയ ഫീഡര്‍ ഹോസ്പിറ്റല്‍ നിര്‍മിക്കുക.ഫീഡര്‍ ഹോസ്പിറ്റലായി ഉപയോഗിക്കാന്‍ 50 കിടക്കകളുള്ള നിലവിലുള്ള ഒരു ഹോസ്പിറ്റല്‍ വാങ്ങുക.
ഫീഡര്‍ ഹോസ്പിറ്റലായി ഉപയോഗിക്കാന്‍ 50 കിടക്കകളുള്ള ഒരു ഹോസ്പിറ്റല്‍ വാടകയ്ക്ക് എടുക്കുക.
ഉപഭോക്താക്കളുമായി ബന്ധപ്പെട്ട് ചാരിറ്റബ്ള്‍ ട്രസ്റ്റിനു മുമ്പിലുള്ള ഓപ്ഷനുകള്‍ താഴെ കൊടുക്കുന്നു.
പ്രീമിയം കസ്റ്റമര്‍ വിഭാഗത്തെ ലക്ഷ്യമിടുക.
മൂല്യത്തിന് പ്രാധാന്യം നല്‍കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിടുക.
കുറഞ്ഞ ചെലവില്‍ ചികിത്സ തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിടുക.
പുതിയ ഹോസ്പിറ്റലിനുള്ള ഫണ്ട് കണ്ടെത്താന്‍ താഴെ കൊടുക്കുന്ന വഴികളാണ് ചാരിറ്റബ്ള്‍ ട്രസ്റ്റിനു മുന്നിലുള്ളത്.
50 കോടി രൂപ സ്വന്തം ഫണ്ട് ഉപയോഗിക്കുക.
ബാങ്കില്‍ നിന്ന് ടേം ലോണ്‍ എടുക്കുക.
ബിസിനസ് ആശയം വിലയിരുത്തുന്നതിനായി പ്രായോഗിക സാധ്യതാ പഠന രീതശാസ്ത്രം പ്രയോജനപ്പെടുത്താന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് തീരുമാനിച്ചു.
ചാരിറ്റബ്ള്‍ ട്രസ്റ്റ് ആദ്യം തന്നെ പ്രായോഗിക സാധ്യതാ പഠന രീതിശാസ്ത്രം ഉപയോഗിച്ച് വേള്‍ഡ് മാക്രോ ട്രെന്‍ഡ് വിശകലനം ചെയ്തു.124 ബില്യണ്‍ ഡോളര്‍ ആസ്തി കൈകാര്യം ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ഹെഡ്ജ് ഫണ്ട് സ്ഥാപനമായ ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്‌സിന്റെ സ്ഥാപകനായ റേ ഡാലിയോയാണ് ബിഗ് സൈക്കിള്‍ എന്ന പ്രതിഭാസത്തെ കുറിച്ച് പറഞ്ഞത്. അദ്ദേഹം കുറേക്കാലമായുള്ള ലോകത്തിന്റെ ഇക്കണോമിക് പാറ്റേണ്‍ വിശകലനം ചെയ്യുകയും ആവര്‍ത്തിച്ചു വരുന്ന ഒരു പ്രതിഭാസത്തെ കണ്ടെത്തുകയും ചെയ്തു. അതിനെ അദ്ദേഹംബിഗ് സൈക്കിള്‍ എന്ന് വിളിച്ചു.
75 മുതല്‍ 100 വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ഈ ചാക്രിക പ്രതിഭാസം വന്‍കിട ആഗോള ശക്തികളുടെ ആരോഹണവും അവരോഹണവും വരച്ചു കാട്ടുന്നു. സാമ്പത്തിക, സാമൂഹിക രാഷ്ട്രീയ ഘടകങ്ങള്‍ കൂടിച്ചേര്‍ന്നാണ് ആ പ്രതിഭാസത്തെ നയിക്കുന്നതെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു രാജ്യത്തിന്റെ ഉയര്‍ച്ചയെയും ആത്യന്തികമായ തകര്‍ച്ചയെയും മൊത്തത്തില്‍ ഇത് സ്വാധീനിക്കുന്നു.
100 വര്‍ഷത്തെ വേള്‍ഡ് മാക്രോ സൈക്കിളിന്റെ അവസാന ഘട്ടത്തിലാണ് നമ്മള്‍ ഇപ്പോഴുള്ളതെന്ന് നിര്‍ണയിക്കപ്പെട്ടു. അതിന്റെ സവിശേഷതകള്‍ താഴെ പറയുന്നു.
സമൃദ്ധിയില്‍ കുറവുണ്ടാകുന്നു
ഉയര്‍ന്ന കടബാധ്യത.
ഉല്‍പ്പാദനക്ഷമതയുടെ വളര്‍ച്ച കുറയുന്നു.
സാമ്പത്തിക അസമത്വം കൂടുന്നു.
ഗ്ലോബല്‍ റിസര്‍വ് കറന്‍സി നിലയില്‍ നഷ്ടം.
ജീവിത നിലവാരം താഴുന്നു.
വലിയ സൈനിക, സാമ്പത്തിക പോരാട്ടങ്ങള്‍.
തീവ്ര രാഷ്ട്രീയത്തിന്റെ ഉദയം
വര്‍ധിച്ച രാഷ്ട്രീയ ധ്രുവീകരണം.
സ്ഥാപനങ്ങളിലുള്ള വിശ്വാസത്തകര്‍ച്ച.
പോപ്പുലറിസവും ദേശീയതയും കുതിച്ചുയരുന്നു.
ജനാധിപത്യ ശോഷണം.
ആഭ്യന്തര കലാപങ്ങളും പ്രതിഷേധങ്ങളും.
വര്‍ധിച്ച യുദ്ധ സാധ്യത.
ആഭ്യന്തര സംഘര്‍ഷങ്ങള്‍.
അധികാരത്തിനും വിഭവങ്ങള്‍ക്കും വേണ്ടിയുള്ള ബാഹ്യയുദ്ധങ്ങള്‍.
സാമ്പത്തിക യുദ്ധം (വ്യാപാര യുദ്ധങ്ങളും ഉപരോധങ്ങളും).
രാജ്യങ്ങള്‍ തമ്മില്‍ വര്‍ധിച്ച മത്സരം.
അന്തിമ തകര്‍ച്ച അല്ലെങ്കില്‍ പുനഃക്രമീകരണം.
കേരളത്തില്‍ പുതിയ ആശുപത്രി നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട വേള്‍ഡ് മാക്രോ ട്രെന്‍ഡ് വിശകലനത്തില്‍ നിന്ന് മനസിലാക്കേണ്ട കാര്യം, ഫണ്ട് കണ്ടെത്താനായി വായ്പകള്‍ എടുക്കരുത് എന്നതാണ്. എങ്ങനെ പ്രായോഗിക സാധ്യതാ പഠനം നടത്താം എന്നത് സംബന്ധിച്ച ബാക്കി കാര്യങ്ങള്‍ പിന്നാലെ.
(ധനം ദ്വൈവാരികയില്‍ 2025 മാര്‍ച്ച് 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine