ലാഭം പരമാവധി ആക്കാന്‍ വിറ്റുവരവ് വര്‍ധിപ്പിക്കല്‍, ചെലവ് ചുരുക്കല്‍, ഉല്‍പന്ന-സേവന മെച്ചപ്പെടുത്തല്‍ എന്നീ മൂന്ന് വഴികള്‍ വിശദീകരിക്കുന്നു. വിപണി മത്സരം വില വര്‍ധനയെ നിയന്ത്രിക്കുന്നതിനാല്‍ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കല്‍ ഉടമയുടെ നേരിട്ടുള്ള ഉത്തരവാദിത്വമായി കാണുന്നു. സെഗ്മെന്റ് റിപ്പോര്‍ട്ടിങ് വഴി ഓരോ ബിസിനസ് വിഭാഗത്തിന്റെ ലാഭക്ഷമത വേര്‍തിരിച്ച് വിലയിരുത്തണം. ക്വാളിറ്റി മാനേജ്മെന്റും വില്‍പനാനന്തര സേവനവും ദീര്‍ഘകാല ലാഭത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്.
CA വി. സത്യനാരായണന്‍ FCA
കേരളത്തിലെ വളരെ മികച്ച രീതിയില്‍ നടക്കുന്ന ഒരു കമ്പനി. ന്യായമായ ലാഭം. തുടര്‍ച്ചയായി വളരുകയും ചെയ്യുന്നു. അങ്ങനെയിരിക്കെ കമ്പനിയുടെ ഡയറക്റ്റര്‍മാരില്‍ ഒരാള്‍ ഒരിക്കല്‍ ഒരുനിര്‍ദേശം മുന്നോട്ടുവെച്ചു: നാല്‍പത് വര്‍ഷത്തിലേറെക്കാലമായി കമ്പനിയുടെ പല പ്രവര്‍ത്തന രീതികളും ഒരു മാറ്റവുമില്ലാതെ, ആരാലും പുനഃപരിശോധന ചെയ്യപ്പെടാതെ തുടരുകയാണ്. അതിനേക്കാള്‍ നല്ലതോ, ചെലവ് കുറഞ്ഞതോ ആയ മാര്‍ഗങ്ങള്‍ ലഭ്യമാണോയെന്ന് പരിശോധിക്കണം.
കമ്പനി സാരഥികള്‍ ആ നിര്‍ദേശം സ്വീകരിച്ചു. ഒരു പ്രമുഖ കണ്‍സള്‍ട്ടിങ് സ്ഥാപനത്തെ അതിനായി ചുമതലപ്പെടുത്തുകയും ചെയ്തു. അവര്‍ വിശദമായി തന്നെ കാര്യങ്ങള്‍ പഠിച്ചു. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിന് ബദല്‍ സോഴ്സുകള്‍, ചരക്ക് കൂലി, അധിക സ്റ്റോക്ക്, ഉയര്‍ന്ന ബാങ്ക് നിരക്ക്, കമ്പനിയുടെ ഉല്‍പന്നശ്രേണിയിലെ മാറ്റം തുടങ്ങി ചെലവ് കുറക്കാനും ലാഭം കൂട്ടാനുമുള്ള ഒട്ടേറെ മേഖലകളാണ് അവര്‍ കണ്ടെത്തി കമ്പനിക്ക് മുന്നില്‍ വെച്ചത്. അവരുടെ കണ്‍സള്‍ട്ടന്‍സി ഫീസ് നിശ്ചയിക്കപ്പെട്ടിരുന്നത് എങ്ങനെയാണെന്നോ? അവര്‍ കണ്ടെത്തിത്തരുന്ന ലാഭത്തിന്റെ അഞ്ച് ശതമാനം! എന്തുകൊണ്ടാണ് ഇതിപ്പോള്‍ പറയുന്നത്?
ഓരോ ബിസിനസ് ഉടമയുടെയും ലക്ഷ്യം ലാഭം പരമാവധി വര്‍ധിപ്പിക്കുക എന്നതാണ്. അതിന് എപ്പോഴെങ്കിലും ഒരു പുനഃപരിശോധനയല്ല, നിരന്തരമായുള്ള ശ്രമങ്ങളാണ് വേണ്ടത്.
പ്രധാനമായും മൂന്ന് വഴികളിലൂടെ ലാഭം വര്‍ധിപ്പിക്കാം.
വിറ്റുവരവ് വര്‍ധിപ്പിക്കല്‍.
ചെലവ് കുറക്കല്‍.
കമ്പനിയുടെ ഉല്‍പന്നങ്ങളുടെ/സേവനങ്ങളുടെ ശ്രേണിയില്‍ മെച്ചപ്പെടുത്തലുകള്‍ വരുത്തിക്കൊണ്ട്.
ലാഭം കൂട്ടണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. പക്ഷേ പലര്‍ക്കും അത് സാധിക്കില്ല. വിപണിയിലെ മത്സരമാണ് വരുമാനം വര്‍ധിപ്പിക്കുന്നതിനെ നിയന്ത്രിക്കുന്ന ഒരു സുപ്രധാന ഘടകം. ഒരു പരിധിക്കപ്പുറം വില്‍പന വില ഉയര്‍ത്താന്‍ സാധിക്കില്ല. പുതിയ ഉല്‍പന്നങ്ങളോ, സേവനങ്ങളോ അവതരിപ്പിച്ച് താല്‍ക്കാലികമായി വരുമാനം കൂട്ടാമെങ്കിലും വിപണിയിലെ എതിരാളികള്‍ അതിനെ അനുകരിക്കുമ്പോള്‍ നേട്ടം കുറയും. ഇനി പുതിയ വിപണിയിലേക്ക് കടന്നാലോ? വിറ്റുവരവ് കൂടുമെങ്കിലും ആദ്യ വര്‍ഷങ്ങളില്‍ ചെലവ് പലപ്പോഴും അതിനേക്കാള്‍ വേഗത്തില്‍ ഉയരും.
അതേസമയം കമ്പനിയുടെ പ്രവര്‍ത്തനച്ചെലവും ഉല്‍പാദനച്ചെലവും കുറക്കുകയെന്നത് ബിസിനസ് ഉടമക്ക് നേരിട്ട് നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യമാണ്. എന്നാല്‍ അത് ഉല്‍പന്നത്തിന്റെ ഗുണനിലവാരത്തെയോ, സേവന നിലവാരത്തെയോ, വിപണിയെയോ ബാധിക്കുന്ന തരത്തിലാകരുത്.
ക്വാളിറ്റി മാനേജ്മെന്റും കുറ്റമറ്റ വില്‍പനാനന്തര സേവനവും വഴി കൈവരിക്കുന്ന ലാഭ വര്‍ധനയാണ് ശരിക്കും ദീര്‍ഘകാല മൂല്യം സൃഷ്ടിക്കുന്നത്.
ഒരു സ്ഥാപനത്തിന് വ്യത്യസ്ത ബിസിനസ് വിഭാഗങ്ങള്‍ ഉണ്ടെങ്കില്‍ ഓരോ വിഭാഗവും ന്യായമായ ലാഭത്തിലാണോ, അതോ കുറഞ്ഞ ലാഭത്തിലാണോ, അല്ലെങ്കില്‍ നഷ്ടത്തിലാണോ എന്നതെല്ലാം വെവ്വേറെ പരിശോധിക്കണം. ഇത്തരത്തിലുള്ള സെഗ്മെന്റ് റിപ്പോര്‍ട്ടിങ് ഓരോവിഭാഗത്തിന്റെയും ലാഭക്ഷമത വേര്‍തിരിച്ച് കാണിക്കുന്നതിനാല്‍ നഷ്ടമുണ്ടാക്കുന്ന ഒരു വിഭാഗത്തിന് കമ്പനിയുടെ മൊത്തം ലാഭത്തിനുള്ളില്‍ മറഞ്ഞിരിക്കാന്‍ കഴിയില്ല.
ഉല്‍പന്നത്തിന്റെ/സേവനത്തിന്റെ വില ലാഭവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വില നിശ്ചയിക്കുന്നതിന് പല സ്ട്രാറ്റജികളുണ്ട്.
Segment pricing: കമ്പനിയുടെ ഉപഭോക്താക്കള്‍ വ്യത്യസ്ത വിഭാഗക്കാരായിരിക്കും. ചിലര്‍ക്ക് വില അല്‍പം കൂടിയാലും താങ്ങാനാകും. മറ്റ് ചിലര്‍ക്ക് അത് സാധിക്കില്ല. ഓരോ ഉപഭോക്തൃ വിഭാഗങ്ങളെയും കൃത്യമായി തിരിച്ചറിഞ്ഞ്, അവരെ ലക്ഷ്യമാക്കി വില നിശ്ചയിക്കുന്നത് ഫലപ്രദമായ ഒരു വില നിര്‍ണയ രീതിയാണ്. വിവിധ ഉപഭോക്തൃ ഗ്രൂപ്പുകള്‍ വില മാറ്റങ്ങളോട് വ്യത്യസ്ത രീതിയിലാകും പ്രതികരിക്കുക.
Target Costing: സാധാരണഗതിയില്‍ ഉല്‍പാദനച്ചെലവിനോട് ലാഭ മാര്‍ജിന്‍ കൂട്ടിച്ചേര്‍ത്താണ് വില നിശ്ചയിക്കുന്നത്. എന്നാല്‍ ടാര്‍ഗറ്റ് കോസ്റ്റിങ് നേരെ തിരിച്ചാണ്. ആദ്യം വിപണി സ്വീകരിക്കുന്ന വില നിശ്ചയിക്കുന്നു. എന്നിട്ട് ആ വിലയില്‍ ലാഭകരമായി വില്‍ക്കാന്‍ ഉല്‍പാദനച്ചെലവ് എത്രയാകണമെന്ന് കണക്കാക്കുന്നു.
Dynamic Pricing: പെട്ടെന്ന് പാഴായിപ്പോകുന്ന ഉല്‍പന്നങ്ങളുണ്ട്. ഭക്ഷണം, പൂക്കള്‍, പച്ചക്കറികള്‍ അങ്ങനെയുള്ളവ. അതുപോലെ തന്നെ വാഹനങ്ങള്‍, ട്രാവല്‍ കമ്പനികള്‍ എന്നിവക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന യാത്രികരുടെ എണ്ണത്തിനും പരിധിയുണ്ട്. ചിലപ്പോള്‍ ഇവയൊക്കെ അതിവേഗം വിറ്റുപോകും. മറ്റ് ചിലപ്പോള്‍ വില്‍ക്കാതെയുമിരിക്കും. സീസണും ഓഫ് സീസണും അനുസരിച്ച് വില നിര്‍ണയം നടത്തിയാല്‍ ലാഭംകൂട്ടാം. പൊതുവെ ഈ രീതി മാനുഫാക്ചറിങ്, ഡിസ്ട്രിബ്യൂഷന്‍ രംഗത്ത് ഫലപ്രദമാകില്ല. ഫ്‌ളൈറ്റ് ടിക്കറ്റിന്റെ കാര്യത്തില്‍ കണ്ടിട്ടുണ്ടാവുമല്ലോ, ഡൈനാമിക് പ്രൈസിങ് രീതി. ഡിമാന്‍ഡ് ഉള്ളപ്പോള്‍ വില കൂട്ടുക. ഡിമാന്‍ഡ് കുറയുമ്പോള്‍ പരമാവധി വില്‍പന നേടാനാകുന്ന വില നിര്‍ണയിക്കുക.
Bundling & Cross-Selling: ഒന്നിലധികം ഉല്‍പന്നങ്ങള്‍ ഒരുമിച്ചുചേര്‍ത്ത് വില്‍ക്കുക, ഒരു ഉല്‍പന്നമെടുത്താല്‍ അനുബന്ധ ഉല്‍പന്നത്തിന് വിലയില്‍ കിഴിവ് നല്‍കുക തുടങ്ങിയ രീതികളെല്ലാം ഈ വിഭാഗത്തിലുള്ളതാണ്. ഒരു സാധനം മാത്രം വാങ്ങാന്‍ ഉദ്ദേശമുള്ള ഉപഭോക്താവ് ഈ വിധമുള്ള പാക്കേജില്‍ ആകര്‍ഷിക്കപ്പെടാനിടയുണ്ട്. അവരെ അധിക വാങ്ങലിലേക്ക് പ്രേരിപ്പിക്കുകയാണ് ഈ പ്രൈസിങ് സ്ട്രാറ്റജിയുടെ ലക്ഷ്യം. ഇങ്ങനെ വരുമ്പോള്‍ വലിയ തോതില്‍ ചെലവ് ഉയരാതെ തന്നെ വരുമാനം കൂട്ടാനാകും.
ലാഭം കൂട്ടാനുള്ള ഒരു വഴി ചെലവ് ചുരുക്കലാണെന്ന് നാം മുമ്പ് പറഞ്ഞുകഴിഞ്ഞു. ഇനി അതിനുള്ള വഴികള്‍ പരിശോധിക്കാം.
അസംസ്‌കൃത വസ്തുക്കളുടെ സോഴ്സിങ്: പലരും പറയുന്നത് കേട്ടിട്ടുണ്ട്; വര്‍ഷങ്ങളായുള്ള സപ്ലയറാണ്. നല്ല ലാഭമാണ് എന്നൊക്കെ. 10 വര്‍ഷം മുമ്പ് ഒരുപക്ഷേ അവരായിരിക്കും വിപണിയില്‍ ഏറ്റവും മത്സരാധിഷ്ഠിതമായ വിലയില്‍ സാധനങ്ങള്‍ നിങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടാവുക. ഇപ്പോള്‍ അതുതന്നെയാണോ സ്ഥിതി? അത് നിങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ? ചിലപ്പോള്‍ 10 വര്‍ഷം മുമ്പുള്ളത് പോലെ ആകില്ല ഇപ്പോള്‍. അതിനാല്‍ ഇടക്കിടെ ഇക്കാര്യങ്ങള്‍ പുനഃപരിശോധിക്കുക. ബദല്‍ സോഴ്സുകള്‍ ഏതൊക്കെയെന്ന് നോക്കുക. വിലകള്‍ താരതമ്യം ചെയ്യുക. സപ്ലയേഴ്സിനെ റൊട്ടേറ്റ് ചെയ്യുന്നതും നല്ലതാണ്.
ഫ്രൈറ്റ് & ലോജിസ്റ്റിക്സ്: ചില ബിസിനസുകളില്‍ ഒരിക്കല്‍ നിശ്ചയിച്ച ചരക്ക് കൂലി, റൂട്ടുകള്‍, ചരക്കിന്റെ അളവ് എന്നിവ പിന്നീട് പുനഃപരിശോധിക്കുന്നത് കണ്ടിട്ടേയില്ല. ആ ശീലം തന്നെ ഉപേക്ഷിക്കണം. ഇടക്കിടെ ഇവ പുനഃപരിശോധിക്കുന്നത് നല്ലതാണ്. കാരണം ഈ മേഖലയില്‍ വിലപേശലിന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും ഉയര്‍ന്ന ലാഭസാധ്യതയും.
അധിക സ്റ്റോക്ക്: വേണ്ടതിലേറെ സ്റ്റോക്ക് സൂക്ഷിക്കുന്ന പ്രവണത കാണാറുണ്ട്. പ്രവര്‍ത്തന മൂലധനമാണ് ഇതുപോലെ വെറുതെ കെട്ടിക്കിടക്കുന്നതെന്ന് ഓര്‍മ വേണം. ആവശ്യമായത്ര സ്റ്റോക്ക് സൂക്ഷിക്കുക. പ്രവര്‍ത്തന മൂലധനം കൃത്യമായി വിനിയോഗിക്കാന്‍ പറ്റും. കാലഹരണപ്പെട്ട് സ്റ്റോക്കുകള്‍ പാഴായിപ്പോകുകയുമില്ല.
ബാങ്ക് ചാര്‍ജുകളും പലിശ നിരക്കും: ബാങ്കുകളോട് വിലപേശാന്‍ സാധിക്കുമോ? കൃത്യമായി വായ്പകള്‍ തിരിച്ചടയ്ക്കുന്നവര്‍ക്ക് പറ്റും. പ്രോസസിങ് ഫീസ്, കമ്മീഷന്‍, പലിശ നിരക്കുകള്‍ തുടങ്ങിയ പല കാര്യങ്ങളിലും ബാങ്കുമായി ചര്‍ച്ചയാകാം. പല ബിസിനസ് സാരഥികളും ഇത് ചെയ്യാറില്ല. വായ്പകള്‍ കൃത്യമായി തിരിച്ചടച്ച സ്ഥാപനങ്ങള്‍ക്ക് അവര്‍ കരുതുന്നതിനേക്കാള്‍ കരുത്ത് പല കാര്യങ്ങളിലുമുണ്ടെന്നതാണ് വാസ്തവം.
ഉല്‍പന്നശ്രേണി: കമ്പനികളുടെ മൊത്തം ലാഭത്തില്‍ വലിയൊരു ഭാഗം ചിലപ്പോള്‍ സംഭാവന നല്‍കുന്നത് ഒന്നോ, രണ്ടോ ഉല്‍പന്നങ്ങളോ, സേവനങ്ങളോ ആകാം. അത് ഏതാണെന്ന് കൃത്യമായി കണ്ടെത്തണം. അത്തരം ഉല്‍പന്നങ്ങളുടെ/സേവനങ്ങളുടെ വിഹിതം വര്‍ധിപ്പിച്ചാല്‍ വിലയിലോ, ചെലവിലോ ഒരു മാറ്റവുമില്ലാതെ തന്നെ ലാഭം ഉയര്‍ത്താനാകും.
പല കമ്പനികളും തൊട്ടു മുന്‍ വര്‍ഷങ്ങളില്‍ പിന്തുടരുന്ന രീതി വെച്ചാണ് പുതിയൊരു വര്‍ഷത്തില്‍ ബജറ്റിങ് നടത്തുക. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷം അഡ്വര്‍ട്ടൈസിങ്ങിന് 10 ലക്ഷം ചെലവിട്ടു. അതുകൊണ്ട് ഈ വര്‍ഷം അത് 11 ലക്ഷമാക്കാം എന്നൊക്കെ തീരുമാനിക്കാറുണ്ട്. ആ രീതി
മാറ്റണം. എല്ലാ ചെലവുകളുടെയും അടിസ്ഥാനം സീറോയായിരിക്കണം. അതായത് ഒരു വിഭാഗത്തിന് ചെലവിടുന്ന തുക പൂജ്യമാണെന്നല്ല. ഈ വര്‍ഷം പരസ്യത്തിന് എത്ര രൂപ ചെലവിടണം? എന്ന് പുതുതായി തന്നെ ചിന്തിക്കണം. അങ്ങനെ വരുമ്പോള്‍ ചില കാര്യങ്ങള്‍ കടന്നുവരും. ശരിക്കും പരസ്യം ആവശ്യമുണ്ടോ? ഉണ്ടെങ്കില്‍ ഏത് രീതിയിലായിരിക്കണം? അതിന് ചെലവ് കുറഞ്ഞ മാര്‍ഗമേതാണ്? എവിടെയൊക്കെ ചെലവ് ചുരുക്കാം? അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍. അപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റല്ല ഈ വര്‍ഷത്തേതിന്റെ അടിസ്ഥാനം. ഒഴിവാക്കേണ്ട കാര്യങ്ങള്‍, ലാഭിക്കാനുള്ള വഴികള്‍ എന്നിവയെല്ലാം പരിശോധിച്ചുകൊണ്ടേയിരിക്കണം.
ടെക്നോളജി ഉപയോഗിക്കുക: ഓട്ടോമേഷന്‍, ഡാറ്റ അനലിറ്റിക്സ് എന്നിവ ചെലവ് കുറക്കാന്‍ സഹായിക്കും.
ഊര്‍ജക്ഷമതയുള്ള ടെക്നോളജികളില്‍ നിക്ഷേപം നടത്തുക.
ജീവനക്കാരുടെ നൈപുണ്യവും കാര്യക്ഷമതയും ഉയര്‍ത്താന്‍ പരിശീലനം നല്‍കുക.
കമ്പനിയുടെ ചില പ്രവര്‍ത്തനങ്ങള്‍ ചെലവ് കുറക്കാന്‍ വേണ്ടി ഔട്ട്സോഴ്സ് ചെയ്യാം. കുറഞ്ഞ ചെലവുള്ള വിദഗ്ധ സ്ഥാപനങ്ങളുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്താം.
ഇന്ത്യയില്‍ തന്നെ വേതന ചെലവ് കുറവുള്ള ഇടങ്ങളിലേക്ക് ചില വിഭാഗങ്ങള്‍ മാറ്റാം. നമ്മുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലല്ലാതെ വരുമ്പോഴുള്ള കുറവുകളുമായി താരതമ്യം ചെയ്തുവേണം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍.
ലാഭം ഉയര്‍ത്താനുള്ള പ്രക്രിയകള്‍ ഒരിക്കലും അവസാനിക്കാത്ത ഒന്നാണ്. ചെലവുകള്‍ നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കാനും വരുമാനം വര്‍ധിപ്പിക്കാനുമുള്ള മേഖലകള്‍ കണ്ടെത്താനും തുടര്‍ച്ചയായ നിരീക്ഷണവും വിലയിരുത്തലും അനിവാര്യമാണ്. നേരത്തെ പറഞ്ഞില്ലേ; പുറത്തു നിന്നുള്ള ഒരു ഏജന്‍സിയെ ഇതിനായി നിയോഗിച്ചാല്‍ അവര്‍ കൃത്യമായ ഇടവേളകളില്‍ ഇതൊക്കെ ചെയ്യും.
പക്ഷേ ബിസിനസിന്റെ ചെലവ് ഇതുമൂലം കൂടാന്‍ പാടില്ല. അതിനാണ് തുടക്കത്തില്‍ പറഞ്ഞ ആ കമ്പനിയുടെ രീതി സ്വീകരിക്കാവുന്നത്. ലാഭം കണ്ടെത്തിത്തന്നാല്‍ അതിന്റെ നിശ്ചിത ശതമാനം ഫീസിനത്തില്‍ നല്‍കാമെന്ന് വെച്ചാല്‍ അധികച്ചെലവ് കൂടാതെ തന്നെ കാര്യങ്ങള്‍ ഭംഗിയായി നടക്കും.
നിങ്ങളുടെ ബിസിനസ് ലാഭകരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് എങ്ങനെയാണ് മനസിലാക്കാന്‍ പറ്റുക?
ആരോഗ്യ പരിചരണ മേഖലക്ക് ആവശ്യമായ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ഒരു കമ്പനിക്ക് ഏകദേശം 100 കോടി രൂപ വിറ്റുവരവുണ്ടായിരുന്നു. മൊത്തത്തില്‍ കമ്പനി നേരിയ ലാഭത്തിലായിരുന്നെങ്കിലും കടുത്ത ക്യാഷ് ഫ്ളോ പ്രതിസന്ധി നേരിടേണ്ടി വന്നു. ആ ഘട്ടത്തിലാണ് കമ്പനി ഫിനാന്‍ഷ്യല്‍ സ്റ്റഡി നടത്താന്‍ ഒരു കണ്‍സള്‍ട്ടന്റിനെ നിയോഗിച്ചത്. കമ്പനി നിര്‍മിക്കുന്ന പല ഉല്‍പന്നങ്ങളും ഉല്‍പാദനച്ചെലവിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് വിറ്റിരുന്നത് എന്നായിരുന്നു അവരുടെ ഒരു സുപ്രധാന കണ്ടെത്തല്‍. ഈ ഉല്‍പന്നങ്ങളുടെ ഉല്‍പാദനം നിര്‍ത്തിയതോടെ കമ്പനിയുടെ മൊത്തത്തിലുള്ള ലാഭക്ഷമത മെച്ചപ്പെട്ടു.
യുവ സംരംഭകരോട് അവരുടെ ബിസിനസ് ലാഭത്തിലാണോ എന്ന് എങ്ങനെ മനസിലാക്കുന്നുവെന്ന് ഞാന്‍ പലപ്പോഴും ചോദിക്കാറുണ്ട്. അതിന് സാധാരണ ലഭിക്കുന്ന മറുപടി: ബിസിനസില്‍ ആവശ്യത്തിന് പണം വന്നുകൊണ്ടിരിക്കുന്നുണ്ടെങ്കില്‍ അത് ലാഭകരമായിരിക്കണം എന്നതാണ്. എന്നാല്‍ ലാഭവും പണലഭ്യതയും ഒരേ കാര്യമല്ല. അധികമായി കെട്ടിക്കിടക്കുന്ന സ്റ്റോക്ക് വിറ്റഴിച്ചതിലൂടെയോ, കടക്കാരന് പണം നല്‍കാതിരുന്നതിലൂടെയോ, ചില കുടിശ്ശികകള്‍ പിരിച്ചെടുത്തതിലൂടെയോ മറ്റുമാകാം കൈവശം പണം ലഭിക്കുന്നത്.
അതിനാല്‍, ബിസിനസിന്റെ ലാഭക്ഷമത ഇടക്കിടെ വിലയിരുത്തുകയും ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ബുക്സ് ഓഫ് അക്കൗണ്ട്‌സും ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ്സും ലാഭക്ഷമത വിലയിരുത്തുന്നതിനുള്ള അടിസ്ഥാന ഘടകങ്ങളാണ്.
ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ്സ് കുറഞ്ഞത് ത്രൈമാസത്തിലൊരിക്കലെങ്കിലും, സാധിച്ചാല്‍ എല്ലാ മാസവും തയാറാക്കുന്നതാണ് ഉചിതം.
ലാഭക്ഷമത മനസിലാക്കാന്‍ നെറ്റ്‌വര്‍ത്ത് എന്താണെന്ന് മനസിലാക്കേണ്ടതുണ്ട്. ലളിതമായി പറഞ്ഞാല്‍, ഇത് ഉടമകളുടെ സ്വന്തം ഫണ്ടാണ്. ആകെ ആസ്തികളില്‍ നിന്ന് പുറത്തുള്ള ബാധ്യതകള്‍ കുറച്ചാണ് ഇത് കണക്കാക്കുന്നത്. ഉടമകളുടെ ഫണ്ട് പുറത്തുനിന്നുള്ള ബാധ്യതയല്ല. രണ്ട് അക്കൗണ്ടിങ് വര്‍ഷങ്ങളുടെ അവസാനത്തിലെ നെറ്റ്‌വര്‍ത്തില്‍ ഉണ്ടായ മാറ്റം ആ കാലയളവിലെ ലാഭമോ, നഷ്ടമോ മനസിലാക്കുന്നതിനുള്ള നല്ലൊരു മാര്‍ഗമാണ്. നെറ്റ്‌വര്‍ത്ത് വര്‍ധിച്ചാല്‍ ലാഭവും, കുറഞ്ഞാല്‍ നഷ്ടവുമാണെന്ന് പൊതുവെ മനസിലാക്കാം.
എന്നാല്‍ മൂലധനമായി നിക്ഷേപിച്ച തുക, ഉടമ പിന്‍വലിച്ച തുക, ഡിവിഡന്റ്, ആസ്തികളുടെ പുനര്‍മൂല്യനിര്‍ണയം എന്നിവ ആദ്യം കണക്കിലെടുത്ത് ഈ താരതമ്യം ക്രമീകരിക്കണം. ഉദാഹരണത്തിന്, ഒരു ഉടമ വര്‍ഷത്തിനിടെ സ്വന്തം പണത്തില്‍ നിന്ന് 50 ലക്ഷം രൂപ സ്ഥാപനത്തില്‍ നിക്ഷേപിച്ചാല്‍, ഒരു രൂപപോലും ലാഭം നേടിയിട്ടില്ലെങ്കിലും നെറ്റ്‌വര്‍ത്ത് വര്‍ധിക്കും.
മുന്‍കാല പ്രകടനവുമായി, അല്ലെങ്കില്‍ മറ്റൊരു സ്ഥാപനവുമായി സാമ്പത്തിക പ്രകടനം താരതമ്യം ചെയ്യാന്‍ വിവിധ financial ratios/indicators മനസിലാക്കേണ്ടതുണ്ട്.
Return on Investment (ROI) - അറ്റാദായത്തെ ബിസിനസിലെ നിക്ഷേപം കൊണ്ട് ഹരിച്ചാല്‍ ലഭിക്കുന്നത് ശതമാനത്തിലാണ് ഇത് കണക്കാക്കുന്നത്.
Return on Equity (ROE) - അറ്റാദായത്തെ ഓഹരി ഉടമകളുടെ ഫണ്ടുമായി ഹരിച്ചാല്‍ ലഭിക്കുന്നത് (ശതമാനത്തില്‍).
Return on Assets (ROA) - അറ്റലാഭത്തെ ആകെ ആസ്തികളുമായി ഹരിച്ചാലുള്ളത് (ശതമാനത്തില്‍).
Gross Profit - പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് വിറ്റ ഉല്‍പന്നങ്ങളുടെ ചെലവ് കുറക്കുമ്പോള്‍ ലഭിക്കുന്നത്.
Operating Profit - മൊത്തം ലാഭത്തില്‍ നിന്ന് പ്രവര്‍ത്തനെച്ചലവ് കുറച്ചാല്‍ ലഭിക്കുന്നത്.
Net Profit - മൊത്തം ലാഭത്തില്‍ നിന്ന് എല്ലാ ചെലവുകളും പലിശയും depreciation-ഉം നികുതിയും കുറച്ച ശേഷമുള്ള ലാഭം.
Debt-Equity Ratio - ആകെ കടത്തെ ഓഹരി ഉടമകളുടെ ഫണ്ടുമായി ഹരിച്ചാല്‍ കിട്ടുന്നത്. നിര്‍മാണ മേഖലയിലെസ്ഥാപനങ്ങളില്‍ വായ്പ നല്‍കുന്നവര്‍ സാധാരണയായി 2:1, അല്ലെങ്കില്‍ അതില്‍ മെച്ചപ്പെട്ട അനുപാതം പ്രതീക്ഷിക്കുന്നു.
Break-even Point ആകെ വരുമാനവും ആകെ ചെലവും തുല്യമാകുന്ന ഉല്‍പാദന/വിറ്റുവരവ് നില.
ഒരു ഉല്‍പന്നം/സേവനം വില്‍ക്കുന്നതില്‍ ലാഭമുണ്ടെങ്കില്‍ മാത്രമെ ആ ബിസിനസിനെ വളര്‍ത്താന്‍ സാധിക്കൂ. അല്ലെങ്കില്‍, ഒരു പ്രോഡക്റ്റ് വില്‍ക്കുമ്പോള്‍ ലാഭം കൂടില്ലെന്ന് മാത്രമല്ല, നഷ്ടം കൂടുകയും ചെയ്യും.
ഞാന്‍ സ്ഥിരമായി ലാഭം നേടുന്നുണ്ടോ?
എന്റെ മാര്‍ജിന്‍ മെച്ചപ്പെടുകയാണോ, കുറയുകയാണോ?
ചെലവുകള്‍ നിയന്ത്രണത്തിലാണോ?
ഓരോ വില്‍പനയും യഥാര്‍ത്ഥത്തില്‍ ലാഭകരമാണോ?
ബിസിനസ് പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ആവശ്യമായത്ര പണം എന്റെ കൈവശമുണ്ടോ?
(ബിസിനസുകാര്‍ക്കും ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ലക്ഷ്യമിട്ട് CA വി. സത്യനാരായണന്റെ ഉടന്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിലെ രണ്ട് അധ്യായങ്ങളെ ആസ്പദമാക്കി തയാറാക്കിയത്.)
(ധനം മാഗസീനിന്റെ സെപ്റ്റംബർ 15 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine