HR management Canva
Managing Business

നിങ്ങളുടെ ബിസിനസിലുമുണ്ടാകും പരിഹരിക്കപ്പെടാത്ത ഇത്തരം പ്രശ്നങ്ങള്‍

മാറ്റങ്ങളും നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളാന്‍ തയാറാകണം

Jimson David C

ഒരു സ്ഥാപനത്തിനുള്ളില്‍ നടക്കുന്ന തെറ്റായ പല കാര്യങ്ങളും കണ്ടെത്തുന്നത് താഴേക്കിടയില്‍ നിന്നുള്ള ജീവനക്കാര്‍ കാര്യങ്ങള്‍ മേലുദ്യോഗസ്തരെ അറിയിക്കുമ്പോഴാണ്. ഇതിനായി ഹ്യൂമണ്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഔദ്യോഗികമായ മാര്‍ഗങ്ങള്‍ തുറന്നുവെയ്ക്കാറുണ്ട്. എന്നാല്‍, ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറുന്ന ജീവനക്കാരുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നത് സംശയമാണ്.

ഈയിടെ ഞങ്ങള്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കുന്ന ഒരു സ്ഥാപനത്തില്‍ ഒരു സംഭവമുണ്ടായി. അവിടെ ജോലി ചെയ്യുന്ന ഒരു മേലുദ്യോഗസ്ഥനെക്കുറിച്ച് ഒരു പരാതി രണ്ട് ജീവനക്കാര്‍ എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അറിയിച്ചു. ഇതിനെക്കുറിച്ച് ഒരു അന്വേഷണം നടത്തിയപ്പോള്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ ഇതിനെ വെല്ലുവിളിക്കുകയും തെളിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഏതോ ഒരു ഘട്ടത്തില്‍ ഈ ആരോപണം ഉന്നയിച്ചവരെക്കുറിച്ചുള്ള സൂചനകള്‍ ഇയാള്‍ക്ക് ലഭിക്കുകയും അത് പുറത്തറിയിക്കുകയും ചെയ്തു. ഇത് പിന്നീട് പരാതിപ്പെട്ട ജീവനക്കാരെ സാരമായി ബാധിച്ചു.

മൂടിവെയ്ക്കാന്‍ ശ്രമിക്കും

മേല്‍പ്പറഞ്ഞ രീതിയില്‍ ഒരു സാഹചര്യം ഉണ്ടാകുമ്പോള്‍ ഈ സ്ഥാപനത്തിലെ ജീവനക്കാര്‍ ഭാവിയില്‍ തെറ്റ് എന്ത് കണ്ടാലും അറിഞ്ഞാലും അത് മറ്റൊരാളെ അറിയിക്കാതെ മൂടിവെയ്ക്കാനായിരിക്കും ശ്രമിക്കുക. അങ്ങനെ അറിയിച്ചാല്‍ തനിക്ക് വേണ്ടത്ര സംരക്ഷണമോ പിന്തുണയോ ലഭിക്കില്ലെന്ന് ചിന്തിക്കാന്‍ അവരെ പ്രേരിപ്പിക്കും. കൃത്യമായ ഫീഡ്ബാക്കുകളും വിവരങ്ങളുംസ്ഥാപനത്തിനകത്ത് നിന്ന് സമാഹരിക്കാന്‍ ഔദ്യോഗികമായ രീതികള്‍ ഉണ്ടാക്കുന്നതാണ് ഉത്തമം. ഇഷ്ടക്കാരെ വെച്ചുകൊണ്ട് സ്ഥാപനത്തിനകത്തെ കാര്യങ്ങള്‍ ചികഞ്ഞെടുക്കാന്‍ ശ്രമിക്കുന്ന രീതി ആരോഗ്യകരമല്ല. ഇത് പലരും ദുരുപയോഗം ചെയ്യാനും സ്വന്തം കാര്യസാധ്യത്തിനായി വളച്ചൊടിക്കാനും സാധ്യതയുണ്ട്.

നിരന്തരം മെച്ചപ്പെടുത്തലുകളും തിരുത്തലുകളും ആവശ്യമുള്ള ഒന്നാണ് ഒരു സ്ഥാപനം. ഇതിനാവശ്യമായ വിവരങ്ങളും നിര്‍ദേശങ്ങളും സ്ഥാപനത്തിന് അകത്തുനിന്നു തന്നെ കിട്ടാനുള്ള സാഹചര്യവും രീതികളും ഉണ്ടെങ്കില്‍ വളരെ നല്ലതാണ്. അങ്ങനെ തിരുത്തലുകള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നവരെ അംഗീകരിക്കുന്ന ഒരു സംസ്‌കാരം കൂടി വാര്‍ത്തെടുക്കാനായാല്‍ കാലത്തിനൊത്ത് സഞ്ചരിക്കുന്ന ഒന്നായി ആ പ്രസ്ഥാനത്തെ മാറ്റിയെടുക്കാം.

ശ്രദ്ധിക്കാം, ഇക്കാര്യങ്ങള്‍

  • സ്ഥാപനത്തിലെ എല്ലാ തുറകളിലുമുള്ള ജീവനക്കാരുമായി എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആശയവിനിമയം നടത്തുന്നു എന്നുള്ളത് ഉറപ്പുവരുത്തുക.

  • ഫീഡ്ബാക്ക് അറിയിക്കാന്‍ ഔദ്യോഗികമായ രീതികള്‍ സ്ഥാപനത്തില്‍ ഉണ്ടാകേണ്ടതാണ്. പേര് വെളിപ്പെടുത്താതെയും ഇത്തരം കാര്യങ്ങള്‍ ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കണം.

  • ലഭിക്കുന്ന വിവരങ്ങളുടെ പ്രാധാന്യവും രീതിയും മനസിലാക്കി, ആവശ്യമായ തുടര്‍നടപടികളും അന്വേഷണങ്ങളും നടത്തണം.

  • വിവരങ്ങള്‍ കൈമാറുന്ന ആളുകളുടെ പേര് വിവരങ്ങളും മറ്റും അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.

  • ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷം അത് ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

  • ഇത് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമായതിനാല്‍ വിവരം നല്‍കിയ ജീവനക്കാരെ അംഗീകരിക്കുകയും വേണം.

(ധനം മാഗസിന്‍ ഫെബ്രുവരി 28 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT