Managing Business

വെറുമൊരു ബിസിനസുകാരനല്ല, 'റോള്‍മോഡല്‍' ബിസിനസുകാരനാകാം; 8 മന്ത്രങ്ങളിതാ

സാധാരണ ബിസിനസുകാരനാകുന്നവരും മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന ' റോള്‍ മോഡല്‍' ബിസിനസുകാരനും തമ്മില്‍ മൈന്‍ഡ് സെറ്റിന്റെ വ്യത്യാസം മാത്രമേ ഉണ്ടാകൂ. ഈ 8 വഴികളിലൂടെ എങ്ങനെ നിങ്ങള്‍ക്കും ഒരു റോള്‍മോഡല്‍ ബിസിനസുകാരനാകാം എന്നു നോക്കാം.

Dhanam News Desk
ഒരു സാധാരണ ബിസിനസുകാരനും റോള്‍ മോഡല്‍ ബിസിനസുകാരന്‍ അഥവാ ബിസിനസ് ഗുരുവാകുന്ന വ്യക്തിയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് അറിയാമോ?'മൈന്‍ഡ് സെറ്റ്'തന്നെ. അത് ഇരുവരിലും വ്യത്യസ്തമായിരിക്കും. പ്രാക്റ്റീസ് കൊണ്ടു മാത്രമേ അത്തരത്തിലൊരു മൈന്‍ഡ് സെറ്റ് ഉറപ്പിക്കാനാകൂ. ഇതാ ഒരു സംരംഭകന്‍ തന്റെ കര്‍മ വഴികളില്‍ മറന്നു പോകാന്‍ പാടില്ലാത്ത 8 കാര്യങ്ങള്‍ ഇവയാണ്.
ലക്ഷ്യം നിശ്ചയിക്കുക

ബിസിനസ് ഏത് മേഖലയിലായിരിക്കണം എന്നത് ഉറപ്പിക്കുകയും അതില്‍ തന്നെ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ബിസിനസുകാര്‍ വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളിലേക്ക് ബിസിനസിനെ വ്യാപിപ്പിക്കാറുണ്ട്. എന്നാല്‍ ഇത് പ്രാഥമിക ബിസിനസിനെ ബാധിക്കരുത്.

ഉപഭോക്താവ് ആരെന്നറിയുക

സംരംഭകര്‍ക്ക് തെറ്റുപറ്റാനിടയുള്ള മേഖലയാണിത്. തങ്ങളുടെ ഉപഭോക്താക്കള്‍ ആരെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ എന്തെന്ന് തിരിച്ചറിയാന്‍ കഴിയാത്തതും. ഉപഭോക്താക്കളെ പഠിക്കുക എന്നതാണ് സംരംഭകര്‍ ചെയ്യേണ്ടത്.

ഉപദേശങ്ങള്‍ സ്വീകരിച്ചോളൂ, പക്ഷെ !

ബിസിനസ് സംബന്ധിച്ച് ധാരാളം ബന്ധങ്ങളും ഉപദേശകരും ഉണ്ടാകും. എന്നാല്‍ എല്ലാ ഉപദേശങ്ങളും നിങ്ങളുടെ ബിസിനസില്‍ ഫലവത്താകണമെന്നില്ല. ഉപദേശങ്ങള്‍ വിലയിരുത്തി നിങ്ങളുടെ ബിസിനസിനു ചേരുന്നത് മാത്രം സ്വീകരിക്കുക.

സഹായങ്ങള്‍ സ്വീകരിക്കുക

സംരംഭകര്‍ക്ക് ചില നേരങ്ങളില്‍ സഹായ സഹകരണങ്ങളോടുകൂടി മാത്രമേ മുന്നോട്ട് പോകാനാകുകയുള്ളു. ഈ അവസരങ്ങളില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതില്‍ തെറ്റില്ല. സാമ്പത്തികമായും ആശയപരമായും ആരും തന്നെ പൂര്‍ണരല്ല എന്നത് ഓര്‍ക്കുക.

നിങ്ങള്‍ നിങ്ങളെ ബ്രാന്‍ഡ് ചെയ്യുക

നിങ്ങളുടെ ബിസിനസിനെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. നിങ്ങള്‍ക്ക് ചുറ്റുമുള്ളവരില്‍ നിങ്ങളുടെ വ്യക്തിത്വം മാത്രമല്ല ബിസിനസിനെക്കുറിച്ചുള്ള കാഴ്ചപ്പാട് വളര്‍ത്താനും അത് വളരെ പ്രധാനമാണ്.

ചുറ്റുമുള്ളവയെ നിരീക്ഷിക്കൂ

നല്ല ഒബ്‌സേര്‍വര്‍ ആകുക പ്രധാനമാണ്. സമാന ബിസിനസുകള്‍, ബിസിനസുകാര്‍, ബിസിനസിനെ ബാധിക്കുന്ന കാര്യങ്ങള്‍, പൊതുവായ വിവരങ്ങള്‍ എന്നിവ അറിഞ്ഞു വെക്കുന്നത് പ്രധാനമാണ്.

നെറ്റ്വര്‍ക്കിംഗ്

തീരെ സംസാരിക്കാത്ത ആളുകള്‍ക്ക് ബിസിനസില്‍ പ്രശസ്തരാകാറില്ല എന്നാണ് പുതിയ കാലത്തെ സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. മറ്റ് ബിസിനസുകാരുമായി സംവദിക്കുകയും അനുബന്ധ ബിസിനസുകളെ മനസ്സിലാക്കുകയും സമൂഹത്തിലെ എല്ലാ മേഖലയിലുള്ളവരുമായി ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്യണം.

ക്രിയേറ്റീവ് ബിസിനസ്

ഇന്നവേഷന്‍ എന്നാല്‍ ടെക്നോളജി ആണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. ഇന്നവേഷന്‍ എന്നാല്‍ അത് സാങ്കേതിക മികവ് മാത്രമല്ല ക്രിയേറ്റിവിറ്റി കൂടെയാണെന്ന് അറിയുക.വ്യത്യസ്തമായ ആശയങ്ങളില്ലാതെ എത്ര സാങ്കേതിക മികവുണ്ടായിട്ടും കാര്യമില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT