Managing Business

പ്രതിസന്ധികള്‍ നിങ്ങളെ ബാധിക്കില്ല; ഈ നാല് കാര്യങ്ങളുണ്ടെങ്കില്‍

ഇപ്പോള്‍ നിങ്ങളുടെ ബിസിനസ് പ്രതിസന്ധിയിലാണോ? അതിന് കോവിഡിനെ മാത്രം പഴിചാരരുത്

Siju Rajan

2020 ലും 2021 ലുമാണ് ലോകം അതിവേഗത്തില്‍ മുന്നോട്ട് ചലിച്ചത്. കാരണം അത് പ്രതിസന്ധികളുടെ വര്‍ഷമായിരുന്നു. പ്രതിസന്ധിഘട്ടങ്ങളിലാണ് നമ്മള്‍ നിലവില്‍ ചിന്തിക്കുന്ന രീതിയില്‍ നിന്നും മാറിചിന്തിക്കുക. എല്ലായിപ്പോഴും പ്രതിസന്ധികള്‍ ലോകത്ത് നിലനിന്നിരുന്നു, എന്നാല്‍ അത് വളരെ പ്രകടമായ രണ്ട് വര്‍ഷങ്ങളായിരുന്നു കടന്നുപോയത്. ചിലര്‍ കാലാകാലങ്ങളില്‍ പ്രകടമാകാത്ത പ്രതിസന്ധികളെ തിരിച്ചറിഞ്ഞ് സ്വയം മാറ്റത്തിന് വിധേയമാക്കും. മറ്റുചിലര്‍ പ്രതിസന്ധി പ്രകടമാകുമ്പോള്‍ മാത്രം വെപ്രാളപ്പെട്ട് മാറ്റം ഉണ്ടാക്കാന്‍ ശ്രമിക്കും. ഇവിടെയാണ് സംരംഭങ്ങളുടെ വിജയവും പരാജയവും നിര്‍ണയിക്കപ്പെടുക. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ചില സംരംഭകര്‍ വീണു, ചിലര്‍ വാണു. എന്നാല്‍ മനസിലാക്കേണ്ടത് അവരെ വിജയത്തിലേക്കും പരാജയത്തിലേക്കും നയിച്ചത് കഴിഞ്ഞ 2 വര്‍ഷത്തില്‍ സംഭവിച്ച പ്രതിസന്ധിയല്ല. അവര്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിജയത്തിന്റെ പാതയിലൂടെയും പരാജയത്തിന്റെ പാതയിലൂടെയും സഞ്ചരിക്കുകയായിരുന്നു. അത് കോവിഡ് പ്രതിസന്ധിമൂലം അല്പം നേരത്തെ പ്രകടമായി എന്നുമാത്രം. കോവിഡ് പ്രതിസന്ധി ഇല്ല എങ്കിലും വിജയിച്ചവര്‍ വിജയത്തിലേക്കും പരാജയപ്പെട്ടവര്‍ പരാജയത്തിലേക്കും നിശ്ചയമായും കടന്നുചെല്ലുകതന്നെ ചെയ്യും. കാരണം നമ്മള്‍ ഇന്ന് ജീവിക്കുന്നത് VUCA ലോകത്തിലാണ്. കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ VUCA world നെ കുറിച്ച് വിശദീകരിച്ചിരുന്നു.

ഇത്തരം സാഹചര്യത്തില്‍ സംരംഭകര്‍ അവരുടെ ബസിനസിലും ജീവിതരീതിയിലും തുടര്‍ച്ചയായ ഇടപെടലുകള്‍ നടത്തേണ്ടിയിരിക്കുന്നു. അവ എന്തെലാമാണെന്നു നോക്കാം. പലതും പറഞ്ഞുകേട്ട് പഴകിയതാണെന്ന് തോന്നാം. എന്നാല്‍ അതിന് വലിയ പ്രസക്തി ഇനിയുള്ളകാലത്ത് ഉണ്ട്.

1. അടിയുറച്ച വിഷന്‍: ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത്, എവിടെയോ ആരോ എഴുതിവെച്ചത് മോഷ്ടിച്ചാണ് ഇന്ന് പലരും അവരുടെ സ്ഥാപനത്തിന്റെ വിഷന്‍ എഴുതുന്നത്. നിങ്ങളുടെ സ്ഥാപനം നിലകൊള്ളുന്നത് എന്തിനുവേണ്ടിയാണ് എന്ന് നിര്‍ണയിക്കേണ്ടത് നിങ്ങള്‍തന്നെയാണ്. ഗൂഗിളോ മറ്റ് ബിസിനസ് കണ്‍സള്‍ട്ടന്റോ അല്ല. മാത്രമല്ല സുപ്രധാനമായ കാര്യം മാറ്റത്തിന് അനുസരിച്ച് മാറ്റം വരുത്താന്‍പാടില്ലാത്തത് നിങ്ങളുടെ സ്ഥാപനത്തിന്റെ വിഷന്‍ ആണ്. അത് മുറുക്കെപിടിച്ചാവണം, അത് നിറവേറ്റാനാവണം ബിസിനസ്സിലെ ഓരോ തീരുമാനങ്ങളും എടുക്കേണ്ടത്. നിങ്ങളുടെ സ്ഥാപനത്തിനും നിങ്ങള്‍ക്കും കൃത്യമായ വിഷന്‍ ഇല്ല എങ്കില്‍ സമയമെടുത്ത് ചിന്തിച്ച് എഴുതി തയ്യാറാക്കു. ഓര്‍ക്കുക, ധാരാളം പണം ഉണ്ടാക്കുക എന്നതിന് അപ്പുറത്താവണം നിങ്ങളുടെ വിഷന്‍.

2. മാറ്റത്തിന് തയ്യാറാവുക: നിങ്ങളുടെ ടീമിനെയും സ്ഥാപനത്തേയും സ്വാധീനിച്ചേക്കാവുന്ന ചുറ്റുപാടുകളെയും എതിരാളികളെയും തുടര്‍ച്ചയായി നിരീക്ഷിക്കുന്നത് വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കും. ബിസിനസ്സിന്റെ പ്രവര്‍ത്തനത്തില്‍ ഈ തുടര്‍ച്ചയായ നിരീക്ഷണങ്ങളും ഉള്‍പ്പെടുത്തുമ്പോള്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാനും തയ്യാറെടുക്കാനും കഴിയും.

3. വഴക്കമുള്ള സ്വഭാവം: VUCA ലോകത്തില്‍ നേരത്തെകൂട്ടി ഉണ്ടാക്കിവച്ച പ്ലാനിന് അനുസരിച്ച് സഞ്ചരിക്കുക എന്നത് അപ്രായോഗികമാണ്. കാരണം മാറ്റങ്ങള്‍ നിരന്തരമായി സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ഒരിക്കല്‍ നടന്ന സന്ദര്‍ഭത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്ലാനുകള്‍ നിര്‍മിക്കുക, എന്നാല്‍ ആ സന്ദര്‍ഭം ഇടക്കിടെ മാറുമ്പോള്‍ പ്ലാനുകളിലും മാറ്റം കൊണ്ടുവരണം. ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി നിരന്തരമായി തീരുമാനങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. പക്ഷെ ആദ്യം നിശ്ചയിച്ച സ്ഥാപനത്തിന്റെ വിഷനില്‍ മാറ്റം വരുത്താതെ, ആ ലക്ഷ്യത്തിലേക്ക് എത്തിപ്പെടാനുള്ള പ്ലാനില്‍ സന്ദര്‍ഭോചിതമായി തീരുമാനങ്ങള്‍ എടുക്കാനുള്ള പ്രാപ്തി സംരംഭകര്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

4. ശാശ്വതമായ പരിഹാരങ്ങള്‍ തേടുന്നത് ഒഴിവാക്കുക: കാര്യങ്ങള്‍ പെട്ടെന്ന് മാറിമാറിയുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാല്‍ തീരുമാനങ്ങളുടെ ആയുസ്സ് വളരെ കുറവായിരിക്കും. മാത്രമല്ല മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സ്ഥാപനത്തിന് പരിമിതമായ വിഭവങ്ങളെ ഉണ്ടാവുകയുള്ളൂ. ആയതിനാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും ശാശ്വതമായ പരിഹാരം തേടുകയും ഓരോ പ്രശ്‌നത്തിലും വളരെയധികം വിശദാംശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. പ്രധാന പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവ ഒരു പരിധിവരെ പരിഹരിക്കുകയും ചെയ്യുന്നത് സങ്കീര്‍ണമായ അന്തരീക്ഷത്തില്‍ സഹായിക്കും.

ഭാവിയില്‍ അപകടങ്ങളും അവസരങ്ങളുമുണ്ട്. വരാനിരിക്കുന്ന മാറ്റങ്ങളെ നിങ്ങള്‍ എങ്ങനെ പ്രതീക്ഷിക്കുന്നു, അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിന് ആശ്രയിച്ചിരിക്കും നിങ്ങളുടെ ബിസിനസ്സ് വളര്‍ച്ച.

( BRANDisam LLP യുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍.

www.sijurajan.com , ഫോണ്‍: +91 8281868299 )

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT