വികസനത്തിന്റെ 'ലാസ്റ്റ് ബസ്' എന്നും മിസ് ചെയ്യുന്നവരാണ് നമ്മള്‍. സാധ്യതകള്‍ മുന്നില്‍ വരുമ്പോള്‍ അവ ഉപയോഗപ്പെടുത്താന്‍ തുനിയാതെ, എല്ലാം കഴിയുമ്പോള്‍ തട്ടിക്കുടഞ്ഞെഴുന്നേറ്റ് എന്തൊക്കെയോ ചെയ്യും. അപ്പോള്‍ പക്ഷേ അക്കാര്യത്തിനുള്ള പശ്ചാത്തല സൗകര്യങ്ങള്‍ പോലും സജ്ജമായിരിക്കില്ല.
തിരുവനന്തപുരത്ത് രാജ്യത്തെ വന്‍കിട ബിസിനസ് ഗ്രൂപ്പായ അദാനിക്ക് നിക്ഷേപമുണ്ട്; വിഴിഞ്ഞം പോര്‍ട്ടിലും എയര്‍പോര്‍ട്ടിലും. രണ്ടിന്റെയും വികസനത്തിന് വേണ്ട അനുബന്ധ കാര്യങ്ങള്‍ക്കായി അദാനി ഗ്രൂപ്പ് പോലും ബുദ്ധിമുട്ടുകയാണ്. അദാനിക്ക് അതാണ് സ്ഥിതിയെങ്കില്‍ സാധാരണക്കാരില്‍ സാധാരണക്കാരായ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരുടെ കാര്യം പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ലല്ലോ?
കേരളത്തില്‍ ഏറ്റവും വിലയേറിയതും ദൗര്‍ലഭ്യമുള്ളതുമായ വസ്തു ഭൂമിയാണ്. സംസ്ഥാനത്തിന്റെ മൊത്തം വിസ്തൃതി 96 ലക്ഷം ഏക്കറാണ്. അതില്‍2 6-28% വനമേഖലയാണ്. കടല്‍, കായല്‍, നദീതീരത്തെ ഭൂമി സിആര്‍ഇസഡ് (CRZ-Coastal Regulation Zone) നിയമത്തിന്റെ പരിധിയിലും.
നീര്‍ത്തടം, സംരക്ഷിത പ്രദേശം എല്ലാം ഇതിനും പുറമെ. നാല് വിമാനത്താവളങ്ങള്‍, ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകള്‍, സാധാരണ റോഡുകള്‍, റെയില്‍വെ ലൈന്‍ എല്ലാം നമ്മുടെ നാടിന്റെ തലങ്ങും വിലങ്ങുമുണ്ട്. എല്ലാം കഴിഞ്ഞ് ആളുകള്‍ ജീവിക്കാനും കെട്ടിടങ്ങള്‍ പണിയാനും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ശേഷിക്കുന്നത് കേരളത്തിന്റെ വെറും 15% സ്ഥലമാണ്.
1. കേരളത്തിന്റെ വികസനത്തിന് വേണ്ട ആദ്യ കാര്യം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമായത്ര വെര്‍ട്ടിക്കല്‍ ആക്കുക എന്നതാണ്. വെര്‍ട്ടിക്കല്‍ നിര്‍മിതിയിലാണ് കേരളത്തിന്റെ ഭാവി. കാരണം ഭൂമി കേരളത്തില്‍ ഏറെ വിലയേറിയ, ദൗര്‍ലഭ്യമുള്ള വസ്തുവാണ്.
2. സംസ്ഥാന വികസനത്തിന് വേണ്ട രണ്ടാമത്തെ കാര്യം നിയമങ്ങളും നയങ്ങളും കാലോചിതമായി പരിഷ്‌കരിക്കുക എന്നതാണ്. സര്‍ക്കാറുകള്‍ ഭേദമില്ലാതെ പ്രഖ്യാപനങ്ങള്‍ക്ക് കുറവില്ല. കേരളത്തിലെ എല്ലാവര്‍ക്കും ഒരുപോലെ അനുമതികള്‍ ലഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പോലുള്ളവയെ കുറിച്ചൊക്കെ നാം കാലങ്ങളായി സംസാരിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ അവ യാഥാര്‍ത്ഥ്യമാക്കപ്പെടുന്നുണ്ടോയെന്ന് നോക്കിയാല്‍ ഇല്ലതാനും. നമ്മുടെ നാട്ടില്‍ ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സിന് ഒരു ചട്ടമുണ്ട്. ഇക്കാലത്ത് ആരാണ് തലയില്‍ ചുമടുമായി ചരക്കുനീക്കം നടത്തുന്നത്. തലച്ചുമട് എന്നത് തന്നെ കാലഹരണപ്പെട്ടു. എന്നിട്ടും ചട്ടം അതേപടിയുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തിലൊരിക്കലും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 വര്‍ഷത്തിലൊരിക്കലുമാണ് വേതന പരിഷ്‌കരണമെങ്കില്‍ കേരളത്തിലെ ഹെഡ്ലോഡ് വര്‍ക്കേഴ്‌സിന്റെ കൂലി പരിഷ്‌കരണം രണ്ട് വര്‍ഷത്തിലൊരിക്കലാണ്. സമൂഹത്തില്‍ അത്തരം ജോലികള്‍ ചെയ്യുന്നവരെ ഒഴിവാക്കണമെന്നോ, അവര്‍ക്ക് നിയമപരിരക്ഷ വേണ്ട എന്നുമല്ല പറയുന്നത്. കാലോചിതമായ പരിഷ്കാരങ്ങളും ബിസിനസ് സാഹചര്യങ്ങള്‍ പരിഗണിച്ചുള്ള ചട്ടക്കൂടുകളുമാണ് വേണ്ടത്.
ഫുട്‌ബോള്‍ കളിയുടെ ചട്ടങ്ങളും നിബന്ധനകളും ജീവിതത്തില്‍ ഒരിക്കല്‍ പോലും ഫുട്‌ബോള്‍ തട്ടാത്തവര്‍ എഴുതിത്തയാറാക്കിയാല്‍ എങ്ങനെയിരിക്കും? അതുപോലെയാണ് കേരളത്തിലെ പല നയങ്ങളുടെയും ചട്ടങ്ങളുടെയും സ്ഥിതി.
കെട്ടിട നിര്‍മാണ ചട്ടമെഴുതുന്നവര്‍ക്ക് കേരളത്തിലെ നിര്‍മാണ മേഖലയിലെ യഥാര്‍ത്ഥ സ്ഥിതി അറിയില്ല.
ഇത്തരം ചട്ടങ്ങളുണ്ടാക്കുന്ന സമിതിയിലൊക്കെ പ്രാക്ടീസിങ്ങായ വിദഗ്ധര്‍ വേണം. അതുപോലെ കേരള വികസനത്തിന് സമഗ്രമായ മാസ്റ്റര്‍ പ്ലാനും അനിവാര്യമാണ്. നിലവില്‍ നാടിന്റെ വികസനത്തിന് വേണ്ട സുപ്രധാനമായ പല കാര്യങ്ങളും ചുവപ്പുനാടയില്‍ കുടുങ്ങുന്നു.
നമ്മുടെ നാട്ടില്‍ വേറെ രണ്ട് കൂട്ടരുണ്ട്. കപട പരിസ്ഥിതിവാദികളും വിവരാവകാശ ആക്ടിവിസ്റ്റുകളും. പരിസ്ഥിതി സംരക്ഷിക്കപ്പെടുക തന്നെ വേണം. ഒരു സംശയവും ഇക്കാര്യത്തില്‍ വേണ്ട. അതുപോലെ സുതാര്യത ഉറപ്പാക്കാന്‍ വിവരാവകാശ ചട്ടങ്ങളും വേണം. പക്ഷേ ഇവ ഗൂഢലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്. നാട്ടില്‍ എന്തെങ്കിലും ഒരു നിക്ഷേപത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ തന്നെ എതിര്‍പ്പുകളുയരും. ഒരു ചെറിയ കറിപ്പൊടി യൂണിറ്റ് തുടങ്ങാന്‍ പോകുമ്പോള്‍ അന്തരീക്ഷ മലിനീകരണമായി. ഫാം തുടങ്ങാന്‍ പോകുമ്പോള്‍ വായു മലിനീകരണവും ജല മലിനീകരണവുമൊക്കയായി.
നമ്മുടെ നാട്ടില്‍ പുതുതായി തുടങ്ങുന്ന സൂക്ഷ്മ-ചെറുകിട സംരംഭങ്ങളില്‍ പകുതിയോളം സ്ത്രീകളുടെ നേതൃത്വത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാട്ടിലെ ചെറു യൂണിറ്റുകള്‍ ഒരാള്‍ക്ക് വീതമെങ്കിലും തൊഴില്‍ നല്‍കിയാല്‍ ലക്ഷക്കണക്കിന് തൊഴിലുകള്‍ ഇവിടെത്തന്നെ സൃഷ്ടിക്കപ്പെടും.
ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് കപട പരിസ്ഥിതിവാദികള്‍ ഇവക്കെതിരെയെല്ലാം നിലപാടുകള്‍ സ്വീകരിക്കുന്നത്. സമൂഹം കുറച്ചു കൂടി ക്രിയാത്മകമായ ഇടപെടല്‍ നടത്തേണ്ടത് ബിസിനസ് വളര്‍ച്ചക്ക് അനിവാര്യമാണ്.
കേരളത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട കരിങ്കല്ലും മറ്റും ഇപ്പോള്‍ ലഭ്യമല്ല. കേരളത്തിലെ ക്വാറികളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടിട്ട് തമിഴ്‌നാടിനോട് കരിങ്കല്ലും ക്വാറി ഉല്‍പന്നങ്ങളും ചോദിക്കുന്നു. എത്രകാലം നമുക്ക് ഇങ്ങനെ ഭാവനാപൂര്‍ണമല്ലാത്ത നയങ്ങളുമായി മുന്നോട്ടുപോകാനാകും?
സംസ്ഥാനത്തെ ബിസിനസുകാര്‍ പ്രത്യേകമായിട്ടൊന്നും ആരോടും ചോദിക്കുന്നില്ല. മാത്രമല്ല, റെഗുലേഷന്‍ വേണ്ടിടത്ത് സര്‍ക്കാര്‍ ഇടപെടുക തന്നെ വേണം. ബിസിനസ് ചെയ്യാന്‍ തയാറായി വരുന്നവരെ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്. അവരെ മറ്റുള്ളവരെ പോലെ സ്വതന്ത്രമായി നടക്കാന്‍ വിടൂ. ബിസിനസുകള്‍ നാടിനെ നശിപ്പിക്കില്ല. പകരം സമൃദ്ധി സമ്മാനിക്കും. കേരളത്തില്‍ അതിവിപുലമായ ബിസിനസ് അവസരങ്ങളുണ്ട്. ടൂറിസം രംഗം മുതല്‍ അസംബ്ലിങ് മേഖലയില്‍ വരെ. അവയൊക്കെ ഉപയോഗപ്പെടുത്താന്‍ അനുകൂലമായ സാഹചര്യമാണ് എത്രയും വേഗം ഒരുക്കേണ്ടത്.
അല്ലെങ്കില്‍ ഇനിയും നമുക്ക് വികസനത്തിലേക്കുള്ള 'അവസാന ബസ്' നഷ്ടപ്പെടും!
(Originally published in Dhanam Magazine November 15, 2026 issue.)
Read DhanamOnline in English
Subscribe to Dhanam Magazine