image credit : KSRTC , Canva 
Managing Business

കണ്ടക്ടറുമായി ഇനി ചില്ലറക്ക് അടിവേണ്ട, കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഗൂഗിള്‍ പേ വഴി ടിക്കറ്റെടുക്കാം!

യു.പി.ഐ, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാം, ബസ് എവിടെ എത്തിയെന്ന് അറിയാനുള്ള സംവിധാനവുമുണ്ട്

Dhanam News Desk

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇനി ചില്ലറയില്ലെന്ന കാര്യത്തില്‍ കണ്ടക്ടറുമായി തല്ലുവേണ്ട. ഡെബിറ്റ് കാര്‍ഡോ യു.പി.ഐ ആപ്പോ ഉപയോഗിച്ച് ടിക്കറ്റെടുക്കാവുന്ന സൗകര്യം ഉടന്‍ നടപ്പിലാക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ബസ് ട്രാവല്‍ ആപ്ലിക്കേഷനായ ചലോ ആപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കിയ സംവിധാനം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് പദ്ധതി. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ കരാറിലെത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.

നിലവില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ യാത്ര തുടങ്ങിയ ശേഷം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയില്ല. ദീര്‍ഘദൂര യാത്രകളിലെ ടിക്കറ്റ് ബുക്കിംഗിന് ഇത് പലപ്പോഴും തടസമാകാറുണ്ട്. പുതിയ സംവിധാനത്തില്‍ ലൈവായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. ബസിലെ ഒഴിവുള്ള സീറ്റുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കണ്ടെത്തി ബുക്ക് ചെയ്യാന്‍ സാധിക്കും. ഇതിനായി ചലോ ആപ്പിന്റെ സഹായത്തോടെ കെ.എസ്.ആര്‍.ടി.സി നിയോ ആപ്പ് പുറത്തിറക്കും.

ആദ്യം തിരുവനന്തപുരത്ത്

തിരുവനന്തപുരം ജില്ലയിലെ ചില ഡിപ്പോകളിലും സ്വിഫ്റ്റ് സര്‍വീസിലും നിലവില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമാനമായ രീതിയില്‍ കേരളത്തിലെ എല്ലാ ബസുകൡും വ്യാപിപ്പിക്കാനാണ് നീക്കം. നേരത്തെയുണ്ടായിരുന്ന ട്രാവല്‍ കാര്‍ഡുകളും ഉപയോഗിക്കാവുന്ന രീതിയിലാണ് പുതിയ സംവിധാനം. യു.പി.ഐ ആപ്പുകള്‍ക്ക് പുറമെ ബാങ്കുകളുടെ ആപ്പുകളും ഉപയോഗിച്ച് ടിക്കറ്റെടുക്കാവുന്നതാണ്. ഇതുകൂടാതെ ബസ് എവിടെയെത്തി, ഒരു റൂട്ടില്‍ ഏതൊക്കെ ബസുകളുണ്ട്, ബസ് സമയം, ഒഴിവുള്ള സീറ്റുകള്‍ തുടങ്ങിയ വിവരങ്ങളും ഇതുവഴി അറിയാം. ജീവനക്കാര്‍ക്കുള്ള പരിശീലനവും ആപ്പിലേക്ക് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന പണിയുമാണ് നിലവില്‍ പുരോഗമിക്കുന്നത്. അധികം വൈകാതെ തന്നെ സംവിധാനം കെ.എസ്.ആര്‍.സി ബസുകളില്‍ ആരംഭിക്കുമെന്നാണ് വിവരം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT