Managing Business

എന്നെ ഞാനാക്കിയ 5 കാര്യങ്ങൾ: സജി ഗോപിനാഥ് പറയുന്നു

Dhanam News Desk
മാനേജ്മെന്റ് സ്റ്റൈൽ

അടിസ്ഥാനപരമായി ഒരു ഡാറ്റ ഡ്രിവണ്‍ മോഡലാണ് ഞാന്‍ നോക്കുന്നുന്നത്. കാരണം സംഖ്യകളെ ആസ്പദമാക്കി പ്രവര്‍ത്തിക്കുമ്പോള്‍ നമുക്ക് കുറച്ചുകൂടി നല്ലൊരു ഉള്‍ക്കാഴ്ച ലഭിക്കും.

അതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് അവരുടേതായ പ്രകടനം നടത്താനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും അത്തരത്തില്‍ അത് നേടിയെടുക്കുകയും ചെയ്യുന്നു. പക്ഷെ പൊതുവെ എല്ലാവരും ഒരു സ്ലോ ഗ്രോത്താണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ക്വാണ്ടിറ്റി കൂട്ടിക്കഴിഞ്ഞാല്‍ ക്വാളിറ്റി കുറയുമെന്ന തത്വത്തോട് എനിക്ക് യോജിപ്പില്ല.

ഇന്ത്യയെപ്പോലൊരു രാജ്യത്തിനാവശ്യം ഹൈ ഗ്രോത്ത് ആന്റ് ഹൈ സ്‌കെയില്‍ എന്നതാണ്. അത് നേടിയെടുക്കാനാണ് ഇതുവരെയുള്ള എന്റെ പ്രവര്‍ത്തനത്തില്‍ ഞാന്‍ എപ്പോഴും പരിശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് ടാര്‍ഗറ്റുകള്‍ അച്ചീവ് ചെയ്യാന്‍ കഴിയാത്തതാണെന്ന് തോന്നിയേക്കാം. പക്ഷെ ഇന്ത്യന്‍ സാഹചര്യത്തില്‍ അത് സാധ്യമാക്കാമെന്നതിനാലാണ് ഡാറ്റാ ഡ്രിവണ്‍ മോഡല്‍ ഞാന്‍ പിന്തുടരുന്നത്.

തൊഴിലിനെക്കുറിച്ചുള്ള കാഴ്ചപ്പാട്

ഏതൊരു ജോലിയില്‍ പ്രവര്‍ത്തിക്കുമ്പോഴും നമ്മള്‍ അതില്‍ പൂര്‍ണ്ണമായും മുഴുകിയിരിക്കണം. എന്നാല്‍ എപ്പോഴാണോ നമ്മള്‍ അതില്‍ നിന്നും പുറത്ത് കടക്കുന്നത് അപ്പോള്‍ അതില്‍ നിന്നും പൂര്‍ണ്ണമായും വേര്‍പെടുകയും വേണം. ഉദാഹരണമായി മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളിലൊക്കെ ഇപ്പോള്‍ എന്ത് നടക്കുന്നുവെന്നത് ഞാന്‍ നോക്കാറില്ല.

എനിക്ക് ശേഷം വരുന്നയാള്‍ എന്നെക്കാള്‍ മികച്ച പ്രകടനം കാഴ്ചവക്കുമെന്നതാണ് എന്റെ വിശ്വാസം. അതുകൊണ്ടുതന്നെ അവിടേക്ക് തിരിഞ്ഞുനോക്കേണ്ട ആവശ്യമില്ല. ഞാന്‍ ജോലി ചെയ്തിരുന്നിടത്തൊക്കെ വെല്ലുവിളികള്‍ക്കൊപ്പം വളര്‍ച്ചയ്ക്കുള്ള മികച്ച അവസരവുമുണ്ടായിരുന്നു. വളര്‍ച്ചയ്ക്കുള്ള അവസരമാണ് ജീവിതത്തില്‍ എനിക്ക് ഏറ്റവും താല്‍പ്പര്യമുള്ളൊരു കാര്യം.

വ്യക്തികളെക്കുറിച്ചുള്ള വിലയിരുത്തല്‍

നെഗറ്റീവ് പേഴ്‌സണാലിറ്റിയുള്ളവരെ ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല. എന്നെ ഇതേവരെ ആരും പറ്റിക്കുകയോ എനിക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. പകരം ഞാന്‍ കണ്ടിട്ടുള്ള ആള്‍ക്കാരൊക്കെ വളരെ പോസിറ്റീവ് പേഴ്‌സണാലിറ്റിയുള്ള വരായിരുന്നു. പൊതുവെ എല്ലാ ആളുകളും നല്ലവരാണ്.

പക്ഷെ അവരെക്കുറിച്ചുള്ള നമ്മുടെ തന്നെ കാഴ്ചപ്പാടുകളാണ് പരിമിതികള്‍ സൃഷ്ടിക്കുന്നത്. വസ്തുതാപരമായ കാര്യങ്ങളാണ് നമ്മള്‍ പറയുന്നതെങ്കില്‍ അത് എല്ലാവര്‍ക്കും പെട്ടെന്ന് ബോധ്യപ്പെടും. ഡാറ്റ അധിഷ്ഠിത ടാര്‍ഗറ്റുകളും അതുണ്ടാക്കുന്നൊരു ചിത്രവും വ്യക്തമാക്കിക്കൊടുത്താല്‍ ആള്‍ക്കാരുടെ പ്രവര്‍ത്തനം വളരെയേറെ സുഗമമാക്കാന്‍ നമുക്ക് സാധിക്കും.

വര്‍ക്ക് ലൈഫ് ബാലന്‍സ്

അതിനെക്കുറിച്ച് എനിക്ക് ചിന്തിക്കേണ്ടി വന്നിട്ടില്ല. കാരണം ഇക്കാര്യത്തില്‍ എന്റെ കുടുംബം എന്നെ വളരെയേറെ പിന്തുണക്കുന്നുണ്ട്. അതിനാല്‍ എന്നെ സംബന്ധിച്ചിടത്തോളം വര്‍ക്ക് ലൈഫ് ബാലന്‍സെന്നത് സ്വാഭാവികമായി ഉണ്ടാകുന്നൊരു കാര്യമാണ്. നിങ്ങള്‍ നിങ്ങളുടെ ജോലി ആസ്വദിച്ച് ചെയ്യുകയാണെങ്കില്‍ വര്‍ക്ക് ലൈഫ് ബാലന്‍സ് തനിയെ ഉണ്ടായിക്കൊള്ളുമെന്നതാണ് വാസ്തവം.

ജീവിത മൂല്യമായി കരുതുന്നത്

Be truthful to yourself എന്നതാണ് ഏറ്റവും പ്രധാനം. ഏതൊരു സ്ഥാനത്തിരുന്ന് പ്രവര്‍ത്തിക്കുമ്പോഴും നമുക്ക് നമ്മളോട് തന്നെയുള്ള ഒരു ഇന്റഗ്രിറ്റിയാണ് ഏറ്റവും നിര്‍ണ്ണായകമായൊരു ഘടകം. ഉദാഹരണമായി നമ്മുടെ വ്യാല്യൂ സിസ്റ്റംസുമായി യോജിച്ച് പോകാത്ത പ്രവൃത്തികളോ സാഹചര്യങ്ങളോ ഉണ്ടാകുമ്പോള്‍ അവിടെ ഫൈറ്റ് ചെയ്യുന്നതിന് പകരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനായി അതില്‍ നിന്നും ഒഴിഞ്ഞുമാറുന്നതാണ് അഭികാമ്യം. ഫൈറ്റ് ചെയ്ത് കറക്ട് ചെയ്യണമെന്ന് വാദിക്കുന്നവരുണ്ടാകുമെങ്കിലും നമുക്ക് ഒരിക്കലും യോജിക്കാനാകാത്ത കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ട് തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT