Image courtesy: Canva
Managing Business

ഫ്രാഞ്ചൈസി നൽകുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ; വിജയകരമായ ബിസിനസ് വിപുലീകരണത്തിന് ഗൈഡ്

ഫ്രാഞ്ചൈസിങ്ങില്‍ ബ്രാന്‍ഡ് ഉടമയുടെ ഉത്തരവാദിത്തങ്ങള്‍ മനസിലാക്കാം

Dr. Chackochen Mathai

ഫ്രാഞ്ചൈസിങ്ങിലൂടെ ബിസിനസ് വിപുലീകരിക്കുന്നത് ആവേശകരമാണ്. എന്നാല്‍ അതിനും പല വെല്ലുവിളികള്‍ നേരിടേണ്ടിവരും. നിങ്ങള്‍ ഇവിടെ ഒരു ഉല്‍പന്നമോ, സേവനമോ മാത്രമല്ല വില്‍ക്കുന്നത്; മറിച്ച് ഒരു ബിസിനസ് മാതൃക വില്‍ക്കുകയും പങ്കാളികളുടെ ഒരു ശൃംഖല കെട്ടിപ്പടുക്കുകയുമാണ് ചെയ്യുന്നത്. അപ്പോള്‍ ഫ്രാഞ്ചൈസര്‍ എന്ന നിലക്ക് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടിവരും. അവ എന്തൊക്കെയെന്ന് നോക്കാം.

1. ബ്രാന്‍ഡ് നിയന്ത്രണമെന്ന നൂല്‍പാലം

ഇതാണ് ഒരുപക്ഷേ ഫ്രാഞ്ചൈസറുടെ ഏറ്റവും വലിയ ആശങ്ക. നിങ്ങള്‍ വളരെയധികം പരിശ്രമിച്ച് കെട്ടിപ്പടുത്ത ഒരു ബ്രാന്‍ഡാണ് മറ്റുള്ളവരെ വിശ്വസിച്ച് ഏല്‍പിക്കുന്നത്.

  • ഏകീകൃത സ്വഭാവം ഉറപ്പാക്കല്‍: സ്വതന്ത്ര ബിസിനസ് ഉടമകളായ ഓരോ ഫ്രാഞ്ചൈസിയും നിങ്ങളുടെ കര്‍ശന മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എങ്ങനെ ഉറപ്പാക്കും? ഇതിന് ശക്തമായ ഓപറേഷന്‍സ് മാന്വലുകള്‍ (SOPs), മികച്ച പരിശീലനം, നിരന്തര നിരീക്ഷണം എന്നിവ ആവശ്യമാണ്.

  • വിപണന വെല്ലുവിളികള്‍: വൈവിധ്യമാര്‍ന്ന ഒരു ശൃംഖലയിലുട നീളം ബ്രാന്‍ഡിന്റെ സന്ദേശം ഒരുപോലെ നിലനിര്‍ത്തുക എന്നത് വിപണന രംഗത്തെ ഒരു വലിയ വെല്ലുവിളിയാണ്.

പരീക്ഷിച്ചറിഞ്ഞ സത്യം: നിങ്ങളുടെ ഓപറേഷന്‍സ് മാന്വല്‍ നിങ്ങളുടെ ഭരണഘടനയാണ്. അത് വികസിപ്പിക്കുന്നതില്‍ നിക്ഷേപിക്കുക. തുടര്‍ന്ന് അത് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പരിശീലനവും പരിശോധനയും നടത്തുക. ബ്രാന്‍ഡിന്റെ ഏകീകൃത സ്വഭാവത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല.

2. നൂലാമാലകള്‍ പലവിധം

ഏകാംഗ ഉടമസ്ഥതയിലുള്ള ബിസിനസുകളില്‍ ഇല്ലാത്ത തരം നിയമപരമായ സങ്കീര്‍ണതകള്‍ ഫ്രാഞ്ചൈസിങ്ങിലുണ്ട്.

  • നിയമങ്ങള്‍ പാലിക്കാനുള്ള ബാധ്യത: നിങ്ങള്‍ ബിസിനസ് നടത്തുന്ന സ്ഥലം അനുസരിച്ച്, ഫ്രാഞ്ചൈസിങ്ങിന് മാത്രമായി കേന്ദ്ര - സംസ്ഥാന തലത്തിലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടായേക്കാം. ഇവ പാലിച്ച് മുന്നോട്ടുപോവുകയെന്നത് സമയവും പണവും ചെലവഴിക്കേണ്ട പ്രക്രിയയാണ്.

  • തര്‍ക്കപരിഹാരം: വ്യക്തമായ തര്‍ക്കപരിഹാര മാര്‍ഗങ്ങള്‍ നിങ്ങള്‍ മുന്‍കൂട്ടി തയാറാക്കേണ്ടതുണ്ട്.

  • നോണ്‍-കോമ്പീറ്റ് വെല്ലുവിളികള്‍ (ഇന്ത്യയില്‍): ഇന്ത്യയില്‍ ഒരു ഫ്രാഞ്ചൈസി കരാര്‍ അവസാനിച്ചതിന് ശേഷം സമാനമായ ബിസിനസ് ചെയ്യുന്നതില്‍ നിന്ന് അവരെ തടയുന്ന നിബന്ധനകള്‍ നടപ്പാക്കുന്നത് നിയമപരമായി പ്രയാസമാണ്. ഇതിനര്‍ത്ഥം ഒരു ഫ്രാഞ്ചൈസി ഉടമ ബന്ധം വേര്‍പെടുത്തിപ്പോയാലും നിങ്ങളുടെ ബിസിനസ് രഹസ്യങ്ങളും മാതൃകയും സംരക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നാണ്.

പരീക്ഷിച്ചറിഞ്ഞ സത്യം: ഫ്രാഞ്ചൈസി നിയമങ്ങളില്‍ വൈദഗ്ധ്യമുള്ള ഒരു അഭിഭാഷകന്റെ മുന്‍കൂര്‍ ഉപദേശം തേടണം. ഒരു ഫ്രാഞ്ചൈസി നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിന് മുമ്പുതന്നെ ഈ മേഖലയിലെ നിയമപരമായ സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായി മനസിലാക്കുക.

3. പ്രാരംഭ നിക്ഷേപവും വികസനവും

ശക്തമായ ഒരു ഫ്രാഞ്ചൈസി സംവിധാനം കെട്ടിപ്പടുക്കുന്നതിന് വലിയ തുക മുന്‍കൂട്ടി നിക്ഷേപിക്കേണ്ടതുണ്ട്.

  • സിസ്റ്റം വികസിപ്പിക്കുന്നതിനുള്ള ചെലവുകള്‍: ഓപറേഷന്‍സ് മാന്വലുകള്‍, സമഗ്ര പരിശീലന പരിപാടികള്‍, ഫ്രാഞ്ചൈസികള്‍ക്കായുള്ള മാര്‍ക്കറ്റിങ് പാക്കേജുകള്‍, നിയമപരമായ രേഖകള്‍ - ഇവയെല്ലാം വലിയ പ്രാരംഭ നിക്ഷേപം ആവശ്യമായ കാര്യങ്ങളാണ്.

  • ഫീസ് ഘടനയിലെ ആശയക്കുഴപ്പം: മികച്ച ഫ്രാഞ്ചൈസി ഉടമകളെ ആകര്‍ഷിക്കാന്‍ തക്കവണ്ണം സ്വീകാര്യമായതും, അതേസമയം ഫ്രാഞ്ചൈസറുടെ വികസന ചെലവുകളും തുടര്‍ച്ചയായ പിന്തുണക്കുള്ള ചെലവുകളും കണ്ടെത്താന്‍ ആവശ്യമായ വരുമാനം നല്‍കുന്നതുമായ രീതിയില്‍ വേണം ഫ്രാഞ്ചൈസി ഫീസും റോയല്‍റ്റി നിരക്കുകളും നിശ്ചയിക്കാന്‍. ഇതൊരു സൂക്ഷ്മമായ സന്തുലിതാവസ്ഥയാണ്.

പരീക്ഷിച്ചറിഞ്ഞ സത്യം: വളര്‍ത്താന്‍ സാധിക്കുന്ന ഒരു ഫ്രാഞ്ചൈസി സംവിധാനം കെട്ടിപ്പടുക്കാന്‍ വേണ്ടത്ര നിക്ഷേപം നടത്തിയില്ലെങ്കില്‍, ഭാവിയില്‍ നിങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകളുണ്ടാക്കും. കൃത്യമായി രൂപകല്‍പന ചെയ്ത ഒരു സംവിധാനം മികച്ച പ്രതിഫലം നല്‍കും.

4. നെറ്റ്‌വര്‍ക്ക് മാനേജ്മെന്റ്

നിങ്ങളുടെ ഫ്രാഞ്ചൈസി ഉടമകള്‍ നിങ്ങളുടെ പങ്കാളികളാണ്. പക്ഷേ അവരാണ് നിങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയും.

  • ഗുണമേന്മയുള്ള ഫ്രാഞ്ചൈസികളെ കണ്ടെത്തല്‍: എല്ലാവരും ഒരു ഫ്രാഞ്ചൈസി ഉടമയാകാന്‍ അനുയോജ്യരായിരിക്കില്ല. ശരിയായ ബിസിനസ് നൈപുണ്യവും സാമ്പത്തിക ശേഷിയും, അതിലുപരി സിസ്റ്റം പിന്തുടരാനുള്ള മനസുമുള്ള വ്യക്തികളെയാണ് കണ്ടെത്തേണ്ടത്.

  • ഫീസും റോയല്‍റ്റിയും പരിഷ്‌കരിക്കല്‍: ഫീസും റോയല്‍റ്റി നിരക്കുകളും ഒരിക്കല്‍ നിശ്ചയിച്ചു കഴിഞ്ഞാല്‍ നിലവിലുള്ള ഫ്രാഞ്ചൈസി ഉടമകള്‍ക്കായി അവയില്‍ മാറ്റംവരുത്തുന്നത് പ്രയാസമാണ്. അതിനാല്‍ തുടക്കത്തില്‍ തന്നെ ഇവ കൃത്യമായി നിശ്ചയിക്കുക.

  • ന്യായമായ മൂലധന ചെലവുകള്‍: ഉപകരണങ്ങളിലോ, നവീകരണങ്ങളിലോ നിക്ഷേപം നടത്താന്‍ ഫ്രാഞ്ചൈസി ഉടമകളോട് ആവശ്യപ്പെടുമ്പോള്‍, അത് നിങ്ങളുടെ ബിസിനസിന് മാത്രമല്ല, അവരുടെ ബിസിനസിനും ഗുണകരമാണെന്ന് വ്യക്തമായി ബോധ്യപ്പെടുത്തേണ്ടതുണ്ട്. അനാവശ്യമായ ആവശ്യങ്ങള്‍ അതൃപ്തിയിലേക്ക് നയിക്കും.

  • വരുമാന പ്രവചനങ്ങള്‍: കണക്കുകളില്‍ എപ്പോഴും മിതത്വവും വസ്തുതയും പുലര്‍ത്തുക.

  • സാമ്പത്തിക ഘടനയിലെ അസന്തുലിതാവസ്ഥ: ഉയര്‍ന്ന ലാഭമുണ്ടാക്കുന്ന ഫ്രാഞ്ചൈസികള്‍ക്ക് തങ്ങള്‍ നല്‍കുന്ന നിശ്ചിത റോയല്‍റ്റി നിരക്ക് വഴി ലാഭം കുറഞ്ഞ യൂണിറ്റുകളെ സഹായിക്കുകയാണെന്ന തോന്നല്‍ ഉണ്ടായേക്കാം. സിസ്റ്റത്തിന്റെപൊതുവായ ഗുണങ്ങളെക്കുറിച്ച് സുതാര്യമായി സംസാരിച്ചുകൊണ്ട് ഈ ധാരണ മാറ്റിയെടുക്കണം.

  • വിശ്വാസ്യതയിലെ വിടവ് (ഇന്ത്യയില്‍): വിശ്വാസ്യതയോടെ പ്രവര്‍ത്തിക്കാനുള്ള പൊതുവായ ബാധ്യത ഇല്ലാത്തതിനാല്‍, തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഫ്രാഞ്ചൈസര്‍ വിശ്വാസത്തിലും സുതാര്യതയിലും അധിഷ്ഠിതമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കണം.

പരീക്ഷിച്ചറിഞ്ഞ സത്യം: നിങ്ങളുടെ ഫ്രാഞ്ചൈസി ഉടമകള്‍ നിങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. അവരുടെ വിജയത്തിനായി നിക്ഷേപിക്കുക. ശക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടപ്പാക്കുക. ഒപ്പം ഒരു സഹകരണ മനോഭാവം വളര്‍ത്തിയെടുക്കുക. സംതൃപ്തരായ ഫ്രാഞ്ചൈസി ഉടമകളാണ് നിങ്ങളുടെ ഏറ്റവും മികച്ച മാര്‍ക്കറ്റിങ് ഉപകരണം.

സുതാര്യതയും ധാരണയും

വരാനിരിക്കുന്ന ഫ്രാഞ്ചൈസി ഉടമകളെ സംബന്ധിച്ചും പരിചയസമ്പന്നരായ ഫ്രാഞ്ചൈസര്‍മാരെ സംബന്ധിച്ചും ആശങ്കകള്‍ മറികടക്കാനുള്ള പ്രധാന വഴി സുതാര്യത, കൃത്യമായ അന്വേഷണം, തുറന്ന ആശയവിനിമയം എന്നിവയാണ്.

സാമ്പത്തിക വളര്‍ച്ചക്കും വ്യക്തിഗത അഭിവൃദ്ധിക്കുമുള്ള ശക്തമായ ഒരു ചാലകശക്തിയാണ് ഫ്രാഞ്ചൈസിങ്. ഇത് സംരംഭകത്വ മനോഭാവത്തെ വിജയിച്ച ഒരു ബ്രാന്‍ഡിന്റെ കരുത്തിനൊപ്പം ചേര്‍ക്കുന്നു. പൊതുവായ ആശങ്കകളെ മുന്‍കൂട്ടിക്കണ്ട് പരിഹരിക്കുന്നതിലൂടെയും സത്യസന്ധമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെയും വിദഗ്‌ധോപദേശം തേടുന്നതിലൂടെയും ഇരുപക്ഷത്തിനും സാമ്പത്തികമായി മാത്രമല്ല, വൈകാരികമായും സംതൃപ്തി നല്‍കുന്ന ഒരു ബന്ധം കെട്ടിപ്പടുക്കാന്‍ സാധിക്കും.ഇത്തരം ആശങ്കകളെ ആഴത്തില്‍ മനസിലാക്കുന്നതിലൂടെ കൂടുതല്‍ കരുത്തുറ്റതും സുസ്ഥിരവുമായ ഫ്രാഞ്ചൈസി പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കാന്‍ സാധിക്കും.

(Originally published in Dhanam Magazine June 30, 2026 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT