Managing Business

'ഈ കാര്യങ്ങള്‍ ചേര്‍ന്നു വന്നാലാണ് സംരംഭത്തില്‍ വിജയിക്കാനാകുക':കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ എമറിറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുമായുള്ള അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

Dhanam News Desk

ഒരാശയം ഉണ്ടായാല്‍ അതിനെക്കുറിച്ച് നല്ലതുപോലെ ആലോചിക്കും. അല്‍പ്പം റിസ്‌ക് എല്ലാ ബിസിനസിലുമുണ്ട്. അത് അറിഞ്ഞു വേണം സംരംഭം തുടങ്ങാന്‍. എന്നാലും എല്ലാ സംരംഭങ്ങളും വിജയിക്കണമെന്നില്ല. ചിലത് പരാജയപ്പെടും. വി ഗാര്‍ഡ് ക്ലോക്ക്, പി.വി.സി പൈപ്പ് ഒക്കെ പൂട്ടിപ്പോയവയാണ്. അതില്‍ നഷ്ടം വന്നിട്ടുണ്ട്. 80 ശതമാനം മാത്രമാണ് വിജയം പ്രതീക്ഷിക്കേണ്ടത്. വിജയിച്ചു കഴിഞ്ഞാല്‍ ഇനി എന്തുചെയ്യാം എന്ന് മുന്നോട്ട് ചിന്തിച്ചുകൊണ്ടിരിക്കണം. എങ്കില്‍ മാത്രമേ വളര്‍ച്ച ഉണ്ടാകുകയുള്ളൂ. പരാജയത്തെ ഒരിക്കലും ഭയക്കരുത്.

റിസ്‌ക് എടുക്കണം

കാല്‍ക്കുലേറ്റഡ് റിസ്‌ക് എടുക്കാന്‍ തയാറുള്ളവര്‍ മാത്രമേ സംരംഭക രംഗത്തേക്ക് ഇറങ്ങാവൂ. ഓരോ ഘട്ടത്തിലും ഓരോ റിസ്‌ക് ആണ്. ഞാന്‍ ജോലി ഉപേക്ഷിച്ച് സംരംഭകനാകുമ്പോള്‍ വിവാഹിതനായിരുന്നില്ല. അതുകൊണ്ട് കൂടുതല്‍ റിസ്‌ക് എടുക്കാന്‍ കഴിയുമായിരുന്നു. ഇത്ര വളരാം എന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്തിട്ടൊന്നുമില്ല. പടിപടിയായി വളരുകയായിരുന്നു.46 വര്‍ഷം കൊണ്ട് ഇത്ര മാത്രമേ എത്തിയുള്ളൂ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. വി ഗാര്‍ഡിനേക്കാള്‍ പ്രായം കുറഞ്ഞ കമ്പനികള്‍ ഇതിനേക്കാള്‍ വളര്‍ന്നിട്ടുണ്ട്.

പ്രതിസന്ധികള്‍ അതിജീവിക്കാന്‍ പഠിക്കുക

തൊഴില്‍ പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. അത് കാര്യമായി എടുത്താല്‍ വലിയ പ്രശ്നമാണെന്ന് തോന്നും. സമചിത്തതയോടെ പെരുമാറിയാല്‍ പെട്ടെന്ന് പരിഹരിക്കാനാകും. ജീവിതത്തിലും ബിസിനസിലും പ്രതിസന്ധികള്‍ വന്നുകൊണ്ടേയിരിക്കും. അതിനെ അതിജീവിക്കാന്‍ പഠിക്കണം. അതില്‍ നിന്ന് പലതും പഠിക്കാനുണ്ടാകും. നല്ല അവസരം നമുക്കു മുന്നില്‍ ഉയര്‍ന്നു വരും.

നല്ല ഉപദേശം സ്വീകരിക്കാം

കമ്പനിയിലെ സീനിയര്‍ മാനേജര്‍മാരോട് ആശയങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. അവരുടേതും കേള്‍ക്കും. കൊള്ളാവുന്നത് കൊള്ളുകയും അല്ലാത്തത് തള്ളുകയും ചെയ്യും. തീരുമാനം എടുക്കേണ്ടത് സംരംഭകര്‍ തന്നെയായിരിക്കണം. കണ്‍സള്‍ട്ടന്റുമാരുടെ കാര്യത്തിലും ഇതുതന്നെ സ്ഥിതി. വലിയ കമ്പനികളില്‍ നടക്കുന്ന കാര്യങ്ങള്‍ നമുക്ക് അറിയാനാകും. അവര്‍ പലതും ഉപദേശിക്കും. അതിലെ നെല്ലും പതിരും തിരിച്ചറിഞ്ഞ് ഉള്‍ക്കൊള്ളണം.

കടത്തോട് നോ പറഞ്ഞു

കടമെടുക്കുന്നതിനോട് എനിക്ക് താല്‍പ്പര്യമില്ലായിരുന്നു. കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഫണ്ട് കണ്ടെത്താന്‍ മൂന്നു വഴികളാണ് മുന്നിലുണ്ടായിരുന്നത്. വായ്പയെടുക്കുക, സ്വകാര്യ ഓഹരി നിക്ഷേപം അനുവദിക്കുക, ഐ.പി.ഒ എന്നിവ. അതില്‍ ഉചിതമെന്ന് തോന്നിയത് കൊണ്ടാണ് ഐ.പി.ഒയിലേക്ക് തിരിഞ്ഞത്.

വി ഗാര്‍ഡിന്റെ തുടക്കത്തില്‍ ആരും കടം തരാന്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ വളരെ ചെലവു കുറച്ചാണ് പ്രവര്‍ത്തിച്ചത്. വളര്‍ച്ചയില്‍ അത് നിര്‍ണായകമായി.

പിന്തുടര്‍ച്ച:അവരവര്‍ക്ക് സ്പേസ് നല്‍കുക

മക്കളെ ബോധപൂര്‍വം ബിസിനസിലേക്ക് കൊണ്ടുവന്നിട്ടില്ല. അവര്‍ പഠനത്തിനു ശേഷം താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ കൂടെക്കൂട്ടിയതാണ്. എന്നാല്‍ അത് എളുപ്പമായിരുന്നില്ല. താഴെത്തട്ട് മുതല്‍ പഠിച്ചു വളര്‍ന്നതാണ് അവര്‍. തങ്ങള്‍ക്കും ഒരിടം ബിസിനസില്‍ ലഭിക്കുന്നു എന്ന തിരിച്ചറിവില്‍ അവര്‍ തുടരുകയായിരുന്നു.

ഇപ്പോള്‍ അവരെ കാര്യങ്ങള്‍ പൂര്‍ണമായും ഏല്‍പ്പിച്ച് മാറിനില്‍ക്കാന്‍ കഴിയുന്നു. അപ്പോഴും ഭാര്യ ഷീലയുടെ പങ്ക് വിസ്മരിക്കുന്നില്ല. കുടുംബത്തിന്റെ ഉത്തരവാദിത്തം അവര്‍ ഭംഗിയായി നിര്‍വഹിച്ചതിനാലാണ് എനിക്ക് ബിസിനസില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞത്. ഓരോരുത്തര്‍ക്കുമുള്ള സ്പേസ് നല്‍കുക എന്നതാണ് കുടുംബ ബിസിനസില്‍ പ്രധാനം.

മാര്‍ക്കറ്റിംഗ് എങ്ങനെ

എത്ര നല്ല ഉല്‍പ്പന്നമായാലും നല്ല രീതിയില്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരാജയപ്പെടും. വി ഗാര്‍ഡ് മറ്റു സ്റ്റെബിലൈസറുകളില്‍ നിന്ന് വ്യത്യസ്തമായി രൂപകല്‍പ്പന ചെയ്ത് ഇറക്കിയത് അതിനാണ്.

തുടങ്ങാന്‍ എളുപ്പം, തുടരാനാണ് പാട്

നിരവധി പേരാണ് ഇപ്പോള്‍ സ്റ്റാര്‍ട്ടപ്പുകളുമായി സംരംഭക രംഗത്ത് ഇറങ്ങുന്നത്. തുടങ്ങാന്‍ എളുപ്പമാണ് തുടര്‍ന്നു കൊണ്ടുപോകാനാണ് പാടെന്ന് അവരോട് ഞാന്‍ പറയാറുണ്ട്. ആശയം മികച്ചതായാലും മറ്റുള്ളവര്‍ അത് എങ്ങനെ സ്വീകരിക്കുന്നു എന്നത് പ്രധാനമാണ്. എപ്പോഴും മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കണം എന്നതാണ് ബിസിനസിലെ ആദ്യപാഠം. കാലത്തിനനുസരിച്ച് ഉല്‍പ്പന്നത്തെ നവീകരിക്കണം.

പഠിക്കാം, വളരാം

ഞാന്‍ ബിസിനസിന് കൊള്ളുന്നവനാണോ എന്ന ആശങ്ക ഉണ്ടായിരുന്നു. പുതിയ ടെക്നോളജി ഉള്‍ക്കൊള്ളാന്‍ എനിക്ക് പ്രയാസമുണ്ടായിരുന്നില്ല. എന്നാല്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, പബ്ലിക് റിലേഷന്‍ തുടങ്ങിയവ ബുദ്ധിമുട്ടിച്ചു. എന്നാല്‍ പലതും നിരന്തര ശ്രമത്തിലൂടെ മറികടന്നു.

അന്തര്‍മുഖനായിരുന്ന എന്നെ പൊതുവേദിയില്‍ സംസാരിക്കാന്‍ തക്ക രീതിയില്‍ സ്വയം മാറ്റിയെടുത്തു, സ്പോക്കണ്‍ ഇംഗ്ലീഷ് പഠിച്ചെടുത്തു. നിരന്തരമായ പഠനോത്സുക്യം പ്രധാനമാണെന്ന തിരിച്ചറിവുണ്ട്.

വിജയം വന്ന വഴി

ഗുണനിലവാരം സംബന്ധിച്ച് കര്‍ശന നിലപാട് എനിക്കുണ്ടായിരുന്നു. നേരേ വാ, നേരേ പോ എന്ന ചിന്താഗതിയും ജീവനക്കാരെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളും ജോലി പകുത്തുനല്‍കാനുള്ള സന്നദ്ധതയും ബിസിനസില്‍ ഗുണമായി. ജീവനക്കാര്‍ക്കുള്ള പരിശീലനം നിര്‍ബന്ധമാക്കിയിരുന്നു. കുറേ കാര്യങ്ങള്‍ ചേര്‍ന്നു വന്നാലാണ് സംരംഭത്തില്‍ വിജയിക്കാനാകുക. ഉപ്പും മുളകും പുളിയും പാകത്തിന് ആകുമ്പോള്‍ കറി നന്നാവുന്നതു പോലെ.

മികച്ച ടീം ഉണ്ടാക്കുക

മുമ്പ് എസ്.എസ്.എല്‍.സി വിദ്യാഭ്യാസം മാത്രമുള്ളവരെയാണ് ജോലിക്ക് നിയമിച്ചിരുന്നത്. അന്ന് വലിയ കമ്പനികളിലേക്ക് ചാടിപ്പോകാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു അത്. എന്നാലിപ്പോള്‍ മുന്‍നിര മാനേജ്മെന്റ് കമ്പനികളില്‍ നിന്നുള്ളവര്‍ കമ്പനിയിലുണ്ട്. പുതിയവരെ എടുക്കുമ്പോള്‍ ആറുമാസം ട്രെയ്നിയായി നിര്‍ത്തും. ആ സമയത്താണ് അവരെ വിലയിരുത്തുന്നത്. അവരുടെ മനോഭാവം, ആത്മാര്‍ത്ഥത, അര്‍പ്പണ മനോഭാവം, സാമാന്യ ബോധം എന്നിവയെല്ലാം പരീക്ഷിക്കപ്പെടുന്ന സമയമാണത്. പരിശീലന കാലയളവിലാണ് അവരുടെ കഴിവുകള്‍ തിരിച്ചറിയാനാവുക. ബയോഡാറ്റ മാത്രമല്ല നല്ല തൊഴിലാളിയുടെ അളവുകോല്‍.

മറ്റുള്ളവരെ വിശ്വസിച്ചു കൊണ്ടേ മുന്നോട്ട് പോകാനാകൂ എന്നതിനാല്‍ ജോലി പകുത്തുനല്‍കാന്‍ വിഷമമില്ല. ജീവനക്കാരെ പഠിപ്പിച്ചതിനു ശേഷം അവര്‍ക്ക് എന്തു മനസിലായി എന്ന് ചോദിച്ചറിയും. എങ്കിലേ നമ്മള്‍ ഉദ്ദേശിച്ച കാര്യം അവരിലേക്ക് എത്തിയോ എന്ന് ഉറപ്പുവരുത്താനാകൂ.

(Originally published in Dhanam Business Magazine July 15 & 30 combined issue) 

Watch the interview :

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT