Managing Business

പ്രൈവറ്റ് കമ്പനി വേണോ LLP വേണോ?

സംരംഭം തുടങ്ങുമ്പോള്‍ ഏത് രീതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതാകും കൂടുതല്‍ നല്ലത്?

Siju Rajan

സംരംഭം ആരംഭിക്കുമ്പോള്‍ പലര്‍ക്കും ഉണ്ടാകുന്ന സംശയങ്ങളിലൊന്നാണ് സ്ഥാപനം ഏതു രീതിയില്‍ രജിസ്റ്റര്‍ ചെയ്യണം എന്നത്. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്യണോ അതോ ഒരു ലിമിറ്റഡ് ലിയബിലിറ്റി പാര്‍ട്ണര്‍ഷിപ്പായി രജിസ്റ്റര്‍ ചെയ്യണോ എന്നത് പലരെയും അലട്ടുന്ന ഒന്നാണ്. ഇവയിലേതാണ് നിങ്ങള്‍ക്ക് ഉചിതം എന്ന് മനസ്സിലാക്കുന്നതിനുമുന്‍പ് ഇവ രണ്ടും തമ്മിലുള്ള സമാനത എന്തെന്ന് മനസിലാക്കാം.

പരിമിതമായ ബാധ്യത: നിങ്ങള്‍ സ്ഥാപനത്തില്‍ എത്ര തുകയാണോ നിക്ഷേപിച്ചിട്ടുള്ളത് അത്രമാത്രമായിരിക്കും നിങ്ങളുടെ ബാധ്യത. അതായത് ഒരുലക്ഷം രൂപയാണ് നിക്ഷേപതുകയെങ്കില്‍ നിയമപരമായി ആ സ്ഥാപനത്തിന് നിങ്ങളുടെ മേലുള്ള ബാധ്യത ഒരുലക്ഷം രൂപ മാത്രമായിരിക്കും. ഇതാണ് ആളുകള്‍ കമ്പനിയായി രജിസ്റ്റര്‍ ചെയ്യുവാനുള്ള പ്രധാന കാരണം.

പ്രത്യേക നിയമം: കമ്പനികള്‍ക്ക് പ്രത്യേകമായ നിയമങ്ങള്‍ ഉണ്ട്. അതിനാല്‍ത്തന്നെ സ്ഥാപനത്തില്‍ വരുന്ന നിയമപരമായ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധി എളുപ്പത്തില്‍ കാണാനായി സാധിക്കും. അതിനാല്‍ത്തന്നെയാണ് നിക്ഷേപകര്‍ കൂടുതലായും കമ്പനികളില്‍ നിക്ഷേപിക്കാന്‍ സന്നദ്ധരാകുന്നത്.

കുറഞ്ഞ നിക്ഷേപത്തുക: മേല്‍പ്പറഞ്ഞ ഏതുരീതിയിലുള്ള കമ്പനിയാണെങ്കിലും കുറഞ്ഞ നിക്ഷേപത്തുക എന്നൊന്നില്ല. കൂടിയ നിക്ഷേപത്തുക എന്നും ഇല്ല.

ഇനി ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം എന്തെന്ന് നോക്കാം. ഓര്‍ക്കുക ഇവ തമ്മില്‍ ധാരാളം വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ബിസിനസ് ആരംഭിക്കുന്ന സാധാരണ ഒരു വ്യക്തി അറിഞ്ഞിരിക്കേണ്ട ഒരു വ്യത്യാസമാണിത്.

പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ നിക്ഷേപത്തിന് അനുസൃതമായാണ് വോട്ട് ചെയ്യുവാനുള്ള അവകാശവും ലാഭ നഷ്ടങ്ങള്‍ പങ്കിടുന്നതും. ഉദാഹരണത്തിന്, നിങ്ങള്‍ 40000 രൂപയും ഞാന്‍ 60000 രൂപയും നിക്ഷേപിച്ചാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആരംഭിച്ചതെങ്കില്‍ നിങ്ങള്‍ ബിസിനസ്സില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ട് എങ്കില്‍പോലും നിങ്ങള്‍ക്ക് ലാഭത്തിന്റെ 40 ശതമാനം മാത്രമാണ് നേടാന്‍ നിയമം അനുവദിക്കുന്നത്. അതായത് നമ്മള്‍ തമ്മിലുള്ള നിക്ഷേപ അനുപാതം 40:60 ആണ്.

എന്നാല്‍ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പില്‍ നമ്മള്‍ ഏതു അനുപാതത്തില്‍ നിക്ഷേപിച്ചാലും LLP കരാറില്‍ ഏതു രീതിയില്‍ ലാഭം വീതിക്കണം എന്ന് എഴുതിച്ചേര്‍ക്കാം.

നിങ്ങള്‍ക്ക് ഏറ്റവും ഉചിതമായ കമ്പനി രെജിസ്‌ട്രേഷന്‍ ഏതാണ് എന്ന് നോക്കാം.

പുറമെനിന്നും ധാരാളം നിക്ഷേപം സ്വീകരിക്കാന്‍ സാധ്യതയുള്ള ഒരു ബിസിനസ്സാണ് നിങ്ങളുടേതെങ്കില്‍ നിങ്ങള്‍ക്കുചിതം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായിരിക്കും. അതായത് ഒരു കോര്‍പ്പറേറ്റ് രീതിയില്‍ ബിസിനസ്സിന് വളരാന്‍ ഇത് അനുയോജ്യമായിരിക്കും. എന്നാല്‍ മൊത്തം നിക്ഷേപത്തിന്റെ 51 ശതമാനം ഓഹരിയും നിങ്ങളുടെ പക്കലാവണം. അല്ലാത്തപക്ഷം തീരുമാനം എടുക്കുന്നതിനുള്ള അധികാരം നിങ്ങളില്‍നിന്നും പോകും. എന്നാല്‍ അടുത്ത സുഹൃത്തുക്കളോ കുടുംബമോ ചേര്‍ന്നാണ് സംരംഭം ആരംഭിക്കുന്നതെങ്കില്‍ അവിടെ ഉചിതം LLP ആയിരിക്കും. കാരണം, തമ്മില്‍ സംസാരിച്ച് ഒരു തീരുമാനത്തിലെത്തി അത് LLP കരാറില്‍ എഴുതിത്തയ്യാറാക്കാവുന്നതാണ്.

ഇന്ന് ചെറിയ ബിസിനസ്സുകള്‍ കൂടുതല്‍ തിരഞ്ഞെടുക്കുന്നത് LLP ആവാനുള്ള പ്രധാന കാരണം ഇതിന്റെ നടത്തിപ്പ് ചെലവ് താരതമ്യേന കുറവാണ് എന്നതാണ്. ഒപ്പം തന്നെ ആവശ്യാനുസരണം കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ LLP കരാറില്‍ സാധ്യമാണ്. മാത്രമല്ല നിക്ഷേപതുക ബാങ്ക് അക്കൗണ്ടില്‍ കാണിക്കേണ്ട ആവശ്യം വരുന്നില്ല എന്നതും ആളുകളെ LLP യിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

വളരെ ലളിതമായ രീതിയില്‍ ആരും പ്രധാനമായി മനസിലാക്കേണ്ട വ്യത്യാസങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്. ഒരു ബിസിനസ് കണ്‍സള്‍ട്ടന്റുമായി സംസാരിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കിയതിനുശേഷം മാത്രം തീരുമാനം എടുക്കുക.

Siju Rajan Business Branding Strategist BRANDisam LLP www.sijurajan.com +91 8281868299

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT