Image courtesy: Canva, ഇൻസൈറ്റിൽ പോള്‍ റോബിന്‍സണ്‍
Managing Business

പര്‍പ്പസ് തിരിച്ചറിഞ്ഞ് പ്രസ്ഥാനം എങ്ങനെ നയിക്കാം?

ഏതൊരു സംരംഭത്തിന്റെയും ലക്ഷ്യം പണം ഉണ്ടാക്കുക എന്നത് മാത്രമല്ല, അതിനപ്പുറം മഹത്തായ ഉദ്ദേശ്യം ഉണ്ടെങ്കിലേ എക്കാലവും നിലനില്‍ക്കുകയുള്ളൂ

Paul Robinson

എല്ലാ നേതൃത്വ പരിശീലകരും ഒടുവില്‍ പറയുന്ന ഒരു സാരോപദേശ കഥയുണ്ട് - ഒരു യാത്രികന്‍ ഒരേ സൂര്യന് കീഴില്‍ ഒരേ പണി ചെയ്യുന്ന മൂന്ന് മനുഷ്യരെ കണ്ടുമുട്ടുന്നു. 'നിങ്ങള്‍ എന്താണ് ചെയ്യുന്നത്?' അദ്ദേഹം ഒന്നാമനോട് ചോദിക്കുന്നു. 'ഇഷ്ടികകള്‍ അടുക്കിവെക്കുന്നു,' നിവര്‍ന്നുനോക്കാതെ ആ മനുഷ്യന്‍ പറയുന്നു. രണ്ടാമന്‍ കുറച്ചുകൂടി വ്യക്തമാക്കുന്നു: 'ഒരു മതില്‍ കെട്ടുന്നു.' എന്നാല്‍ മൂന്നാമന്‍ തന്റെ ആയുധങ്ങള്‍ താഴെവെച്ച്, മുതുക് നിവര്‍ത്തി, ശാന്തമായ അഭിമാനത്തോടെ പറയുന്നു: 'ഞാന്‍ ഒരു ദേവാലയം പണിയുകയാണ്.'ഒരേ കൈകള്‍, ഒരേ അധ്വാനം, തികച്ചും വ്യത്യസ്തമായ മൂന്ന് ജീവിതങ്ങള്‍. ഇതാണ് ലക്ഷ്യബോധമുള്ള നേതൃത്വത്തിന്റെ സത്ത - ഇതൊരു ലളിതമായ ആശയമല്ല. ഓര്‍ഗനൈസേഷണല്‍ സയന്‍സ് ഇന്നേവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് മനുഷ്യന്റെപ്രവര്‍ത്തനക്ഷമതയെ ഏറ്റവും അളക്കാവുന്ന ചാലകശക്തികളില്‍ ഒന്നാണ്. തങ്ങള്‍ എന്തിനാണ് ഒരു കാര്യം ചെയ്യുന്നതെന്ന് മനസിലാക്കുന്ന ആളുകള്‍, തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് മാത്രം മനസിലാക്കുന്ന ആളുകളേക്കാള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യുകയും കൂടുതല്‍ കാലം നില നില്‍ക്കുകയും പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ സര്‍ഗാത്മകമായി പരിഹാരം കാണുകയും തിരിച്ചടികളില്‍ നിന്ന് വേഗത്തില്‍ കരകയറുകയും ചെയ്യുന്നു.

ഒരു കല്ലുവെട്ടുകാരനും ദേവാലയം പണിയുന്നവനും തമ്മിലുള്ള വ്യത്യാസം പ്രതിഭയോ, അധ്വാനമോ അല്ല. അത് അര്‍ത്ഥത്തിലാണ്.

ഉദ്ദേശ്യം എന്നത് ചുവരിലെ ഒരു പോസ്റ്ററല്ല

ഉദ്ദേശ്യം അഥവാ, പര്‍പ്പസ് എന്താണെന്ന് പറഞ്ഞുകൊടുക്കുന്നതിന് മുമ്പ്, അതെന്താണെന്ന് ലീഡര്‍ അറിഞ്ഞിരിക്കണം. കാരണം അത് വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന കാര്യമാണ്. ഉദ്ദേശ്യം എന്നത് ഒരു കമ്മിറ്റി തയാറാക്കിയ മിഷന്‍ സ്റ്റേറ്റ്‌മെന്റല്ല. അതൊരു ചാരിറ്റി പങ്കാളിത്തമോ, വൈവിധ്യവല്‍ക്കരണ പ്രവര്‍ത്തനമോ, ഒരു സിഎസ്ആര്‍ റിപ്പോര്‍ട്ടോ അല്ല. ഈ കാര്യങ്ങള്‍ ഉദ്ദേശ്യമെന്താണെന്നതിലേക്ക് വിരല്‍ചൂണ്ടാം. പക്ഷേ അവയല്ല ഉദ്ദേശ്യം. അത് ഒരൊറ്റ ചോദ്യത്തിനുള്ള ഉത്തരമാണ്: പണം ഉണ്ടാക്കുന്നതിനപ്പുറം ഈ പ്രസ്ഥാനം എന്തിനാണ് നിലനില്‍ക്കുന്നത്? ബിസിനസുകള്‍ തങ്ങളുടെ ഉദ്ദേശ്യം സത്യസന്ധമായി വ്യക്തമാക്കുമ്പോള്‍, അത് മികവുറ്റ ത്രീഡി ചിത്രമായി തെളിഞ്ഞുവരുന്നു.

ശേഷി-അധിഷ്ഠിത ഉദ്ദേശ്യം (Competence based purpose) മറ്റാരേക്കാളും മികച്ചതായി നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതിന്മേലാണ് കെട്ടിപ്പടുത്തിരിക്കുന്നത്. മെഴ്സഡീസ് ബെന്‍സ് തങ്ങളുടെ ഉദ്ദേശ്യത്തെ 'ഫസ്റ്റ് മൂവ് ദി വേള്‍ഡ്' എന്ന് നിര്‍വചിക്കുന്നു - ഇത് ഒരു ഉല്‍പന്നത്തെക്കുറിച്ചുള്ള അവകാശവാദമല്ല, മറിച്ച് അവരുടെ ശേഷിയെക്കുറിച്ചുള്ള അവകാശവാദമാണ്. 'മറ്റാര്‍ക്കും നല്‍കാത്ത എന്ത് സവിശേഷമായ സംഭാവനയാണ് ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയുക?' എന്ന ചോദ്യത്തിനാണ് ഇത് ഉത്തരം നല്‍കുന്നത്. ഇത്തരത്തിലുള്ള ഉദ്ദേശ്യം ഒരു ബ്രാന്‍ഡിനെ അതിന്റെ ഉല്‍പന്നങ്ങളുടെ പട്ടികക്കപ്പുറത്തേക്ക് കൊണ്ടുപോകുകയും അതിന്റെ വൈദഗ്ധ്യത്തെ വലിയൊരു ഉദ്ദേശ്യത്തിനായുള്ള ചാലകശക്തിയായി മാറ്റുകയും ചെയ്യുന്നു.

സംസ്‌കാര അധിഷ്ഠിത ഉദ്ദേശ്യം (Culture based purpose) എന്നത് ഒരുകൂട്ടം ആളുകള്‍ ഒന്നിച്ച് എന്തിനുവേണ്ടി നിലകൊള്ളാന്‍ ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ചാണ്. പാറ്റഗോണിയയുടെ ഉദ്ദേശ്യം 'നമ്മുടെ ഭൂമിയെ രക്ഷിക്കുക' എന്നത് വെറുമൊരു പരസ്യവാചകമല്ല. അത് അവരുടെ പ്രവര്‍ത്തനശൈലിയുടെ തന്നെ ഭാഗമാണ്. ഈ കമ്പനി ജീവനക്കാര്‍ക്ക് പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ശമ്പളത്തോടുകൂടിയ അവധി നല്‍കുന്നു, വിതരണ ശൃംഖലയിലെ സുതാര്യത തങ്ങളുടെ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തുന്നു. കൂടാതെ ഈ ദൗത്യത്തില്‍ വിശ്വസിക്കുന്ന ആളുകളെ ആകര്‍ഷിക്കുകയും ചെയ്യുന്നു. ഇവിടെ ഉദ്ദേശ്യം എന്നത് ഒരു സ്ഥാപനത്തിന്റെ പങ്കുവെക്കപ്പെട്ട ഹൃദയമിടിപ്പാണ്.

ആശയത്തിലധിഷ്ഠിതമായ ഉദ്ദേശ്യം (Cause based purpose) വിശ്വസിക്കുന്നത് നന്മ ചെയ്യുന്നതും ലാഭമുണ്ടാക്കുന്നതും പരസ്പരവിരുദ്ധമായ കാര്യങ്ങളല്ല എന്നാണ്. ടെസ്‌ലയുടെ 'സുസ്ഥിര ഊര്‍ജത്തിലേക്കുള്ള ലോകത്തിന്റെ മാറ്റത്തിന് വേഗത കൂട്ടുക' എന്ന ഉദ്ദേശ്യം ഒരു ആശയ പ്രഖ്യാപനമാണ് - ഇത് ഓരോ ത്രൈമാസത്തിലുമുള്ള ലാഭത്തേക്കാള്‍ ഒരു വലിയ ഉദ്ദേശ്യത്തിന് പ്രാധാന്യം നല്‍കുന്നു. വിജയകരമായ ഒരു നിര്‍മാണ ബിസിനസ് കെട്ടിപ്പടുക്കാന്‍ പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ച ഒരു വ്യവസായിയെ ഞാന്‍ ഒരിക്കല്‍ കണ്ടുമുട്ടി. അദ്ദേഹം തന്റെ ജന്മനാട്ടിലെ ഒരു ചെറുകിട സംരംഭത്തില്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചു. അതിന്റെ ഒരേയൊരു ഉദ്ദേശ്യം ഇതായിരുന്നു: സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. വലിയ ലാഭത്തിന്റെ കണക്കുകൂട്ടലുകളോ, ബിസിനസ് വിറ്റൊഴിയാനുള്ള തന്ത്രങ്ങളോ അവിടെയുണ്ടായിരുന്നില്ല. ലാഭത്തേക്കാള്‍ അദ്ദേഹത്തിന് വിലപ്പെട്ടതായ ഒരു ആശയം മാത്രമെ അവിടെയുണ്ടായിരുന്നുള്ളൂ.

ഉദ്ദേശ്യം കണ്ടെത്താനുള്ള വഴി

ഉദ്ദേശ്യം എന്നത് ഒരു ഇടിമിന്നല്‍ പോലെ പെട്ടെന്ന് ഉണ്ടാകേണ്ട ഒന്നല്ല. അത് ഉള്ളില്‍ നിന്ന് തുടങ്ങി ബോധപൂര്‍വം കെട്ടിപ്പടുക്കാന്‍ കഴിയുന്ന ഒന്നാണ്.

  • ഒന്നാം ഘട്ടം: അടിസ്ഥാനപരമായ പ്രശ്നം തിരിച്ചറിയുക (Identify the core frustration)

    ഓഹരി ഉടമകള്‍ക്ക് വേണ്ടിയല്ല, മറിച്ച് സാധാരണ ജനങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ ബിസിനസ് പരിഹരിക്കാന്‍ ശ്രമിക്കുന്ന കൃത്യമായ പ്രശ്നം എന്താണ്? ഉദാഹരണത്തിന്, ഒരു പ്രാദേശിക ഭക്ഷ്യസംസ്‌കരണ കമ്പനിക്ക് തങ്ങളുടെ മുന്നിലുള്ള പ്രശ്നത്തെ ഇങ്ങനെ നിര്‍വചിക്കാം: ഉപഭോക്താക്കള്‍ക്ക് പുതിയതും സുരക്ഷിതവും വിശ്വസനീയവുമായ ഉറവിടങ്ങളില്‍ നിന്നുള്ളതുമായ ഭക്ഷണം വേണം. എന്നാല്‍ പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്നതും സുതാര്യമായി സംസ്‌കരിക്കുന്നതുമായ ഭക്ഷണം പലപ്പോഴും പരിമിതമായ അളവിലോ, അല്ലെങ്കില്‍ വിശ്വസിക്കാന്‍ കഴിയാത്ത രീതിയിലോ ആണ് ലഭ്യമാകുന്നത്.

  • രണ്ടാം ഘട്ടം: 'എന്തിന്' എന്ന് ചോദിക്കുക (Ask the deeper why)

    വരുമാനത്തിനപ്പുറം ആ പ്രശ്നം പരിഹരിക്കുക എന്നത് എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു? പ്രാദേശിക ഫാമുകള്‍ തഴച്ചുവളരുമ്പോള്‍, പ്രാദേശിക സമ്പദ്‌വ്യവസ്ഥ വികസിക്കുന്നു. കുടുംബങ്ങള്‍ക്ക് മികച്ച ഭക്ഷണം ലഭിക്കുന്നു. ദൂരെയുള്ള വിതരണശൃംഖലകളെ ആശ്രയിക്കുന്നത് കുറയുന്നു. ഒരു പ്രശ്നത്തെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍, അതിന് പിന്നിലുള്ള വാണിജ്യപരമായ താല്‍പര്യങ്ങള്‍ക്ക് താഴെ മാനുഷികമായ ഒരു ഉദ്ദേശ്യം കാണാനാകും.

  • മൂന്നാം ഘട്ടം: പ്രസ്താവന തയാറാക്കുക (Draft the statement)

    നിങ്ങളുടെ ബിസിനസിന് പുറത്തുള്ള ഒരാള്‍ക്ക് പോലും എളുപ്പത്തില്‍ മനസിലാക്കാനും താല്‍പര്യം തോന്നാനും പാകത്തില്‍ അതിന്റെ കാരണം, പ്രവര്‍ത്തനം, അതുണ്ടാക്കുന്ന സ്വാധീനം എന്നിവയെല്ലാം ഒരു ഒറ്റവാക്യത്തില്‍ കോര്‍ത്തിണക്കുക. ആ ഭക്ഷ്യ കമ്പനിയെ സംബന്ധിച്ച് അത് ഇങ്ങനെയായിരിക്കും: 'സുരക്ഷിതവും വിശ്വസനീയവും പോഷകഗുണമുള്ളതുമായ ഭക്ഷണത്തിലൂടെ ഫാമുകളെ കുടുംബങ്ങളുമായി ബന്ധിപ്പിക്കുന്നു.' ഇത് ലളിതമാണ്, കൃത്യമാണ്, മാനുഷിക മൂല്യമുള്ളതുമാണ്.

ഉദ്ദേശ്യം ജീവനക്കാരെ അറിയിക്കുക

നിങ്ങളുടെ ബിസിനസിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍, അതിന് പിന്നിലെ വലിയ ദൗത്യം ജീവനക്കാര്‍ക്കും ബിസിനസുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റുള്ളവര്‍ക്കും വ്യക്തമായും നിരന്തരമായും വിശദീകരിച്ചു കൊടുക്കണം. തങ്ങള്‍ നിര്‍മിക്കുന്ന ഉല്‍പന്നം കണ്ട് മാത്രം ആളുകള്‍ക്ക് പ്രചോദനം തോന്നണമെന്നില്ല; മറിച്ച് ആ ഉല്‍പന്നം മറ്റുള്ളവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന നല്ല മാറ്റങ്ങളെക്കുറിച്ച് മനസിലാക്കുമ്പോഴാണ് അവര്‍ക്ക് യഥാര്‍ത്ഥ പ്രചോദനം ലഭിക്കുന്നത്. പ്രമേഹബാധിതരായ ആളുകള്‍ക്കായി പ്രത്യേക പാദരക്ഷകള്‍ നിര്‍മിക്കുന്ന ഒരു കമ്പനിയുണ്ടായിരുന്നു. തുടക്കത്തില്‍, അവിടുത്തെ ജീവനക്കാര്‍ക്ക് അത് മറ്റേതൊരു ചെരുപ്പ് നിര്‍മാണ ഫാക്ടറിയെയും പോലെ മാത്രമെ തോന്നിയുള്ളൂ. അവര്‍ ജോലിക്ക് വരുന്നു, ഏല്‍പിച്ച ജോലികള്‍ തീര്‍ക്കുന്നു, തിരികെ പോകുന്നു. ജീവനക്കാരുടെ ആത്മവിശ്വാസം വളരെ കുറവായിരുന്നു. ചെയ്യുന്ന ജോലിയോട് അവര്‍ക്ക് യാതൊരുവിധ വൈകാരിക ബന്ധവുമുണ്ടായിരുന്നില്ല. ഒരു ദിവസം ആ സംരംഭകന്‍ ജീവനക്കാരെയെല്ലാം വിളിച്ചുകൂട്ടി ഈ ബിസിനസിന് പിന്നിലെ യഥാര്‍ത്ഥ കാരണം പങ്കുവെച്ചു. പ്രമേഹ സംബന്ധമായ സങ്കീര്‍ണതകള്‍ കാരണം, കാലിലുണ്ടായ ഒരു ചെറിയ മുറിവ് മോശമായി തന്റെ പിതാവിന്റെ കാല്‍ മുറിച്ചുമാറ്റേണ്ടി വന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ആ വേദനാജനകമായ അനുഭവമാണ് ഈ കമ്പനി തുടങ്ങാനുള്ള പ്രധാന പ്രേരണയെന്ന് അദ്ദേഹം അവരോട് പറഞ്ഞു.

തുടര്‍ന്ന്, അവര്‍ നിര്‍മിക്കുന്ന പാദരക്ഷകള്‍ പ്രമേഹ രോഗികളെ എത്രത്തോളം സുരക്ഷിതമായും സുഖകരമായും ജീവിക്കാന്‍ സഹായിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ പ്രത്യേക രൂപകല്‍പനയിലുള്ള ചെരുപ്പുകള്‍ രക്തചംക്രമണം മെച്ചപ്പെടുത്താനും വേദനയും അസ്വസ്ഥതകളും കുറക്കാനും നടക്കാനുള്ള സൗകര്യം കൂട്ടാനും സഹായിക്കുന്നു. കൂടാതെ, ഭാവിയില്‍ വലിയ ആരോഗ്യപ്രശ്നങ്ങളായേക്കാവുന്ന പരിക്കുകളില്‍ നിന്ന് ഇത് ഉപയോക്താക്കളെ സംരക്ഷിക്കുകയും ചെയ്യുന്നു.

എല്ലാറ്റിനുമുപരിയായി, അദ്ദേഹം യഥാര്‍ത്ഥ ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ അവരുമായി പങ്കുവെച്ചു. വീണ്ടും സുഖമായി നടക്കാന്‍ കഴിഞ്ഞ ആളുകളുടെ കഥകള്‍. വേദനയില്‍ നിന്നും മറ്റ് ബുദ്ധിമുട്ടുകളില്‍ നിന്നും ആശ്വാസം ലഭിച്ച മനുഷ്യരുടെ അനുഭവങ്ങള്‍. കമ്പനി നിര്‍മിച്ച പാദരക്ഷകള്‍ കാരണം ജീവിതനിലവാരം ഉയര്‍ന്ന വ്യക്തികളുടെ കഥകള്‍ എന്നിവയെല്ലാം പറഞ്ഞു.

അത് എല്ലാം മാറ്റിമറിച്ചു

അതിനുശേഷം ജീവനക്കാര്‍ തങ്ങളെ വെറും ചെരുപ്പ് നിര്‍മിക്കുന്ന ഫാക്ടറി തൊഴിലാളികളായിട്ടല്ല കണ്ടത്; മറിച്ച്, മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന വ്യക്തികളായി അവര്‍ സ്വയം തിരിച്ചറിഞ്ഞു. ഉല്‍പന്നത്തിന് പിന്നിലെ ഉദ്ദേശ്യം അവരുടെ ജോലിക്ക് ഒരു പുതിയ അര്‍ത്ഥം നല്‍കി. ജീവനക്കാരുടെ ആത്മവിശ്വാസവുംആവേശവും വര്‍ധിച്ചു. തങ്ങള്‍ ദിവസവും നിര്‍മിക്കുന്ന കാര്യങ്ങള്‍ പതിനായിരക്കണക്കിന് ഉപഭോക്താക്കളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് മനസിലാക്കിയതോടെ, അവര്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനും അധ്വാനിക്കാനും തയാറായി. ഇതാണ് ഉദ്ദേശ്യബോധത്തിന്റെ ശക്തി. തങ്ങള്‍ ചെയ്യുന്ന ജോലിയുടെ യഥാര്‍ത്ഥ കാരണം ആളുകള്‍ മനസിലാക്കുമ്പോള്‍, ജോലിയെന്നത് വെറുമൊരു കടമയല്ലാതായി മാറുകയും അതൊരു വലിയ ദൗത്യമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു.

ഉദ്ദേശ്യബോധം ആയുധമാകുമ്പോള്‍

ഒരിക്കല്‍ ജോണ്‍ എഫ് കെന്നഡി നാസ സന്ദര്‍ശിച്ചപ്പോള്‍, അവിടെ ഒരു ഇടനാഴി തുടച്ചുകൊണ്ടിരുന്ന ഒരു തൂപ്പുകാരനെ കാണാനിടയായി. അയാള്‍ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. 'ഞാന്‍ ഒരു മനുഷ്യനെ ചന്ദ്രനിലിറക്കാന്‍ സഹായിക്കുകയാണ്,' എന്നായിരുന്നു ആ തൂപ്പുകാരന്റെ മറുപടി. ഈ കഥ കഴിഞ്ഞ അറുപത് വര്‍ഷമായി ആവര്‍ത്തിക്കപ്പെടുന്നത് ഇതൊരു രസകരമായ കഥയായതുകൊണ്ടല്ല, മറിച്ച് ഒരു നേതൃത്വത്തിന് എപ്പോഴും ആവശ്യമുള്ളതും, എന്നാല്‍ വിരളമായി മാത്രം നേടിയെടുക്കാന്‍ കഴിയുന്നതുമായ ഒരു കാര്യത്തെ ഇത് വ്യക്തമാക്കുന്നത് കൊണ്ടാണ്: ഒരു സംഘടനയുടെ എല്ലാ തലങ്ങളിലുമുള്ള ആളുകളിലേക്ക് എത്തിച്ചേരുകയും സാധാരണ ജോലികള്‍ക്ക് പോലും അസാധാരണമായ ഒരു പ്രാധാന്യം നല്‍കുകയും ചെയ്യുന്ന വ്യക്തവും ആകര്‍ഷകവുമായ പങ്കുവെക്കപ്പെട്ട ഒരു കാഴ്ചപ്പാട് ഉള്ളതുകൊണ്ടാണ്.

ഹോവാര്‍ഡ് ഷൂള്‍ട്സ് സ്റ്റാര്‍ബക്സ് കെട്ടിപ്പടുത്തത് കൃത്യമായി ഇതേ തത്വപ്രകാരമാണ്. അദ്ദേഹത്തിന്റെ ഉദ്ദേശ്യം ഒരിക്കലും വെറുമൊരു കോഫിയായിരുന്നില്ല. പകരം, അദ്ദേഹം അതിനെ 'മൂന്നാമത്തെ ഇടം' എന്ന് വിളിച്ചു - ഒരു കപ്പ് കോഫിയിലൂടെ മനുഷ്യര്‍ തമ്മിലുള്ള ബന്ധം സാധ്യമാകുന്ന, വീടിനും ജോലിസ്ഥലത്തിനും ഇടയിലുള്ള ഒരു ഇടം. അവിടെ കോഫി ഉണ്ടാക്കുന്നവര്‍ വെറുതെ പാനീയങ്ങള്‍ പകരുകയായിരുന്നില്ല. അവര്‍ ഒരു കൂട്ടായ്മക്ക് ആതിഥേയത്വം വഹിക്കുകയായിരുന്നു. ആ ഒരു പുതിയ ചിന്താഗതി ആളുകള്‍ ജോലി ചെയ്യുന്ന രീതിയെയും അവര്‍ ഉപഭോക്താക്കളോട് പെരുമാറുന്ന രീതിയെയും, ഒടുവില്‍ ഉപഭോക്താക്കള്‍ക്ക് ആ ബ്രാന്‍ഡിനോടുള്ള മനോഭാവത്തെയും മാറ്റിമറിച്ചു. കൃത്യതയോടെയും നിരന്തരമായും പങ്കുവെക്കപ്പെടുന്ന ഉദ്ദേശ്യബോധമാണ് പിന്നീട് ഒരു സ്ഥാപനത്തിന്റെ സംസ്‌കാരമായി മാറുന്നത്. എന്റെ നേതൃത്വ പരിശീലന പരിപാടികളില്‍ ഞാന്‍ പലപ്പോഴും പറയാറുള്ളതുപോലെ: 'ബുദ്ധിശാലികളായ ആളുകള്‍ മറ്റുള്ളവരാല്‍ നയിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല - അവര്‍ പ്രചോദിപ്പിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു'. ആ പ്രചോദനത്തിന്റെ ആയുധമാണ് ഉദ്ദേശ്യബോധം. ശമ്പളത്തിനും പദവികള്‍ക്കും ഉത്തരം നല്‍കാന്‍ കഴിയാത്ത ചോദ്യങ്ങള്‍ക്ക് അത് മറുപടി നല്‍കുന്നു: എന്റെ ജോലിക്ക് എന്താണ് പ്രാധാന്യം? ഇത് ആരെയാണ് സഹായിക്കുന്നത്? നമ്മള്‍ ഒന്നിച്ച് എന്താണ് കെട്ടിപ്പടുക്കുന്നത്?

നേതാവിന്റെ ദൈനംദിന ഉത്തരവാദിത്തം

ഉദ്ദേശ്യബോധത്തോടെ നയിക്കുകയെന്നത് കമ്പനിയുടെ ഒരു ഒത്തുചേരലില്‍ ഒരിക്കല്‍ മാത്രം നടത്തേണ്ടുന്ന ഒരു പ്രസംഗമല്ല. അതൊരു ശീലമാണ് - ആളുകളുടെ മുന്നിലുള്ള ജോലിയെ അതിന് പിന്നിലെ വലിയ ദൗത്യവുമായി ബന്ധിപ്പിക്കുന്ന ഒരു ദൈനംദിന ചര്യയാണത്. ഇത് ലീഡര്‍മാരെ പതിവായും സത്യസന്ധമായും തങ്ങളോട് തന്നെ ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നു: ഞാന്‍ എങ്ങനെയാണ് ഒരു മാറ്റം ഉണ്ടാക്കുന്നത്? എന്റെ തീരുമാനങ്ങളെ വലിയൊരു നന്മക്കായി ഞാന്‍ എങ്ങനെയാണ് പാകപ്പെടുത്തുന്നത്? ഈ സ്ഥാപനം എങ്ങനെയുള്ളൊരു പാരമ്പര്യമാണ് ബാക്കിവെച്ചുപോകുന്നത്? ദേവാലയം പണിത ശില്‍പി അതിന്റെ പൂര്‍ത്തിയായ രൂപം കണ്ടിട്ടുണ്ടാകില്ല. എങ്കിലും, ആ കെട്ടിടത്തിന്റെ മുഴുവന്‍ നിലനില്‍പും ആ ഒരൊറ്റ ഇഷ്ടികയെ ആശ്രയിച്ചാണെന്ന പോലെയാണ് അദ്ദേഹം ഓരോ ഇഷ്ടികയും വെച്ചത്; കാരണം അദ്ദേഹത്തിന്റെ മനസില്‍ അത് അങ്ങനെയായിരുന്നു.

സാധാരണ ഒരു ജോലിയെ വലിയൊരു സംഭാവനയായി മാറ്റുന്നു എന്നതാണ് ലക്ഷ്യബോധമുള്ള നേതൃത്വം നല്‍കുന്ന സമ്മാനം. ഒപ്പം ആളുകള്‍ എന്ത് ചെയ്യുന്നു എന്ന് മാത്രമല്ല, അത് ചെയ്യുമ്പോള്‍ അവര്‍ എങ്ങനെയുള്ള മനുഷ്യരായി മാറുന്നു എന്നതും കാണുന്നു. ഉദ്ദേശ്യം എന്നത് ഒരു ലക്ഷ്യസ്ഥാനമല്ല. മറിച്ച്, എല്ലാ തീരുമാനങ്ങളും എല്ലാ സംഭാഷണങ്ങളും ഓരോ ഇഷ്ടികയും നോക്കിക്കാണേണ്ട ഒരു കണ്ണാടിയാണ്. നയിക്കുക, ബാക്കിയെല്ലാം തനിയെ നിങ്ങളെ തേടിയെത്തും.

(രാജ്യാന്തര തലത്തില്‍ ഏറെ അറിയപ്പെടുന്ന പ്രഭാഷകനും ഗ്രന്ഥകാരനും ബിസിനസ് സ്ട്രാറ്റജിസ്റ്റുമാണ് പോള്‍ റോബിന്‍സണ്‍. ലീഡര്‍ഷിപ്പ്, ക്രിയേറ്റിവിറ്റി, ഇന്നവേഷന്‍ എന്നിവയെ കുറിച്ച് പ്രഭാഷണങ്ങളും രചനകളും ഇദ്ദേഹം നടത്തുന്നു. ഇമെയില്‍: robinson@paulrobinson.in.)

(Originally published in Dhanam Magazine June 30, 2026 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT