Managing Business

വര്‍ധിച്ചുവരുന്ന യുഎസ് ധനക്കമ്മിയില്‍ ആശങ്കപ്പെടണോ? ആഗോളതലത്തില്‍ എന്താണ് സംഭവിക്കുന്നത്?

ട്രില്യണ്‍ കണക്കിന് മൂല്യമുള്ള യുഎസ് കടപ്പത്രങ്ങള്‍ കൈവശം വെച്ചിരിക്കുന്ന വിദേശ നിക്ഷേപകര്‍ പിന്‍മാറ്റം തുടങ്ങിയാല്‍ ഡോളര്‍ പെട്ടെന്ന് ദുര്‍ബലമാകും

Tiny Philip

പലരും വിശേഷിപ്പിക്കുന്നതു പോലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗോള വ്യാപാര യുദ്ധം തുടങ്ങിയതോടെ എനിക്കറിയാവുന്ന ബിസിനസുകാരെല്ലാം ലോക സമ്പദ്വ്യവസ്ഥയുടെ ഭാവിയെ കുറിച്ച് ആശങ്കാകുലരാണ്. ആഗോളതലത്തില്‍ എന്താണ് സംഭവിക്കുന്നതെന്നും, അതെങ്ങനെ സംഭവിക്കുന്നു എന്നും അറിഞ്ഞിരിക്കുകയെന്നത് ഏതൊരു ബിസിനസുകാരനെ സംബന്ധിച്ചും വളരെ പ്രധാനമാണ്. ഭാവിയിലെ നിലനില്‍പ്പും വിജയവും ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വരാനിരിക്കുന്ന സാഹചര്യങ്ങളെ കുറിച്ച് പ്രവചിക്കാനും അവര്‍ക്ക് കഴിയണം.

എന്റെ പല ക്ലയ്ന്റുകളും ഈ പ്രശ്‌നങ്ങളെ കുറിച്ച് എന്നോട് ചോദിക്കാറുണ്ട്. അത് മനസിലാക്കുന്നതിന് വേണ്ടി ഞാന്‍ ഒരു ആഗോള പ്രവചന മാതൃക (Global Prediction Model) ഉണ്ടാക്കിയിട്ടുണ്ട്. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്നും മനസിലാക്കാനും ഭാവി സാഹചര്യങ്ങളുടെ സാധ്യതകള്‍ പ്രവചിക്കാനും ആ മാതൃക എന്നെ സഹായിക്കുന്നു.

ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്നതു പോലെ ആഗോള പ്രവചന മാതൃകയെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കാരണങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, ഫലങ്ങള്‍ എന്നിങ്ങനെ.

Figure 1: Global Prediction Model

ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന യുഎസ് നയങ്ങളാണ് ഭൂരിഭാഗം മാറ്റങ്ങള്‍ക്കും പിന്നില്‍ എന്നതിനാല്‍ ഈ മാതൃകയില്‍ ഞാന്‍ യുഎസ് കേന്ദ്രീകൃതമായ കാഴ്ചപ്പാടാണ് സ്വീകരിച്ചിരിക്കുന്നത്. മുന്‍ ലേഖനങ്ങളില്‍ മഹാശക്തികളുടെ ചാക്രിക മാറ്റം (Great Power Cycle), ഉയര്‍ന്ന യുഎസ് കറന്റ് അക്കൗണ്ട് കമ്മി (High US Current Account Deficit), ആഗോള ജിഡിപിയിലെ യുഎസ് വിഹിതത്തിലെ ഇടിവ് (Drop in US share of World GDP), ചൈനയുടെ ഉദയം (Rise of China) എന്നിവയെ കുറിച്ച് വിശദമാക്കിയിട്ടുണ്ട്.

Figure 2: US Fiscal Deficit as a % of GDP

ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്ന ആഗോള പ്രവചന മാതൃകയുടെ 'കാരണങ്ങള്‍' എന്ന ഭാഗത്ത് നല്‍കിയിരിക്കുന്ന യുഎസിന്റെ വര്‍ധിച്ചു വരുന്ന ധനക്കമ്മി (Increasing Fiscal Deficit of US) എന്നതിനെ കുറിച്ചാണ് ഈ ലക്കത്തില്‍ വിശദീകരിക്കുന്നത്. ഇന്നത്തെ മിക്ക ചര്‍ച്ചകളും ആഗോള ശാക്തിക മാറ്റത്തിലും വ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ യുഎസിന്റെ ധനക്കമ്മിയുടെ ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ച് മനസിലാക്കുന്നവര്‍ കുറവാണ്. അതാണെങ്കില്‍ ഇപ്പോള്‍ അപകടകരമാം വിധം വര്‍ധിച്ചു വരികയും ചെയ്യുന്നു (ചിത്രം രണ്ട്കാണുക). പ്രത്യേകിച്ചും ചിത്രം മൂന്നില്‍ കാണിച്ചിരിക്കുന്നതു പോലെ ഉയര്‍ന്ന കറന്റ് അക്കൗണ്ട് കമ്മി കൂടിയാകുമ്പോള്‍.

Figure 3: US Current Account Deficit as a % of GDP

എന്താണ് ധനക്കമ്മി?

നികുതികളിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയുമുള്ള വരുമാനത്തേക്കാള്‍ കൂടുതല്‍ യുഎസ് ഭരണകൂടം ചെലവഴിക്കുമ്പോഴാണ് യുഎസ് ധനക്കമ്മി സംഭവിക്കുന്നത്.ലളിതമായി പറഞ്ഞാല്‍, സര്‍ക്കാര്‍ കഴിവിനപ്പുറം ജീവിക്കുകയും വരുമാനത്തിലെ വിടവ് നികത്താന്‍ കടം വാങ്ങുകയും ചെയ്യുന്നു.

2023ല്‍ ധനക്കമ്മി ജിഡിപിയുടെ 6.9 ശതമാനത്തിലെത്തി. മാന്ദ്യം അല്ലാത്ത സമയത്തുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ചിത്രം മൂന്നില്‍ കാണിച്ചിരിക്കുന്നതു പോലെ കോവിഡ് കാലഘട്ടത്തിന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയായ 3.9 ശതമാനം യുഎസ് കറന്റ് അക്കൗണ്ട് കമ്മിയുമായി കൂടിച്ചേരുമ്പോള്‍ ഇത് ആശങ്കയുളവാക്കുന്നു.

ഉയര്‍ന്നിരിക്കുന്നത് എന്തുകൊണ്ട്?

കോവിഡ് കാലത്തിന് ശേഷം യുഎസ് സര്‍ക്കാര്‍ ചെലവുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. സ്റ്റിമുലസ് ചെക്ക് മുതല്‍ പ്രതിരോധം, ആരോഗ്യ സംരക്ഷണം വരെയും ഇപ്പോള്‍ അടിസ്ഥാന സൗകര്യ വികസനത്തിനായും. എന്നാല്‍ നികുതി വരുമാനം അതേ രീതിയില്‍ വളര്‍ന്നിട്ടുമില്ല. ഓഹരി വിപണിയില്‍ ഉണ്ടായ കുതിപ്പ്കാരണം മൂലധന നേട്ട നികുതി വരുമാനം വര്‍ധിപ്പിച്ചു. ഇതിനെ തുടര്‍ന്ന് യുഎസ് സര്‍ക്കാര്‍ കണക്ക് സന്തുലിതമാക്കാന്‍ വിപണിയുടെ പ്രകടനത്തെ അമിതമായി ആശ്രയിക്കുന്ന അപകടകരമായ അവസ്ഥയാണ് ഇപ്പോഴുള്ളത്. ഓഹരി വിപണി ഇടിഞ്ഞാല്‍ നികുതി വരുമാനം കുത്തനെ കുറയും. ഇത് ധനക്കമ്മി കൂടുതല്‍ വഷളാകാന്‍ ഇടയാക്കും.

ധനക്കമ്മിയും ഡോളറും തമ്മിലുള്ള ബന്ധം

1980കളില്‍ യുഎസ് സമാനമായ ഇരട്ട കമ്മി നേരിട്ടിട്ടുണ്ട്. ഉയര്‍ന്ന വ്യാപാര കമ്മിയും വലിയ തോതിലുള്ള ധനക്കമ്മിയും. യുഎസ് ഡോളറിന്റെ മൂല്യം കുറയ്ക്കുകയും അതിലൂടെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വിദേശങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയും വ്യാപാര കമ്മി കുറയ്ക്കുകയും ചെയ്യുന്നതിനുള്ള പ്ലാസ ഉടമ്പടിയിലൂടെയാണ് അന്ന് ലോകം അതിനെ നേരിട്ടത്. ഇന്ന്, സ്ഥിതിഗതികള്‍ സമാനമാണ്. എന്നാല്‍ പ്ലാസ ഉടമ്പടിയൊന്നും കാണാനില്ല. പകരം തീരുവ, സപ്ലൈ ചെയ്ന്‍ യുഎസിലേക്ക് തിരികെ കൊണ്ടുവരിക, ബജറ്റ് വെട്ടിക്കുറയ്ക്കാ നുള്ള ആഹ്വാനങ്ങള്‍ പോലുള്ള ആക്രമണാത്മക നയങ്ങളാണ് പ്രത്യേകിച്ച് MAGA (Make America Great Again) അനുകൂലികളില്‍ നിന്ന് നമ്മള്‍ കാണുന്നത്. നിലവില്‍ ട്രില്യണ്‍ കണക്കിന് മൂല്യമുള്ള യുഎസ് കടപ്പത്രങ്ങള്‍ കൈവശം വെച്ചിരിക്കുന്ന വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടേക്കാമെന്നആശങ്കയും വര്‍ധിച്ചു വരുന്നു. അവര്‍ പിന്‍മാറ്റം തുടങ്ങിയാല്‍ ഡോളര്‍ പെട്ടെന്ന് ദുര്‍ബലമാകുകയും യുഎസില്‍ പലിശ നിരക്ക് കുത്തനെ ഉയരുകയും ചെയ്യും. ഇത് സാമ്പത്തിക ആഘാതത്തിന് കാരണമാകുകയും ബിസിനസുകളെയും ഉപഭോക്താക്കളെയും ഒരുപോലെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

ആഗോള പ്രവചന മാതൃക സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്ത ലക്കത്തില്‍.

(ധനം മാഗസിന്‍ ഓഗസ്റ്റ് 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

The US fiscal deficit is climbing, sparking concerns about its impact on global markets, interest rates, and economic stability. Here’s what’s happening and why it matters.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT