വളര്‍ന്നുവരുന്ന വിപണികളിലെ കണ്‍സ്യൂമര്‍ ഗുഡ്സ് വ്യവസായ സംരംഭകരുമായി സംസാരിക്കുമ്പോള്‍, അവര്‍ പരമ്പരാഗത മള്‍ട്ടി ടിയര്‍ വിതരണ രീതികളെ മാത്രം ആശ്രയിക്കുന്ന ഒരു ശീലം ഞാന്‍ പതിവായി കാണാറുണ്ട്. പതിറ്റാണ്ടുകളായി ഉല്‍പാദകര്‍ വളര്‍ച്ച നേടിയത് പരമ്പരാഗത ഡിസ്ട്രിബ്യൂട്ടര്‍മാരെ നിയമിച്ചുകൊണ്ടാണ്. ദീര്‍ഘകാല ക്രെഡിറ്റും വലിയ തോതിലുള്ള വില്‍പന പിന്തുണയും ആവശ്യപ്പെടുന്ന ഇടനിലക്കാരായ ഡിസ്ട്രിബ്യൂട്ടര്‍മാരെയാണ് കാലങ്ങളായി ഉല്‍പാദകര്‍ ആശ്രയിക്കുന്നത്. തങ്ങള്‍ക്ക് വേണ്ടി സാധനങ്ങള്‍ വില്‍ക്കാനും ഓര്‍ഡറുകള്‍ എടുക്കാനും പണം പിരിച്ചെടുക്കാനുമെല്ലാം ഉല്‍പാദകരുടെ സ്വന്തം സെയ്ല്‍സ് ടീം എത്തുമെന്നാണ് ഈ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്.
ഇവിടെ ഡിസ്ട്രിബ്യൂട്ടര്‍ ഉടമകള്‍ യഥാര്‍ത്ഥത്തില്‍ ഓപറേറ്റര്‍ എന്നതിലുപരി പണം മുടക്കുന്ന നിക്ഷേപകര്‍ മാത്രമായി മാറുന്നു.
ഫുള്‍ സ്‌കെയ്ല്‍ സെയ്ല്‍സ് സജ്ജീകരണത്തിനായി വലിയ ചെലവുകള്‍ വരുന്നതുകൊണ്ട് അവര്‍ വലിയ പ്രദേശങ്ങള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ നേരിട്ടുള്ള വില്‍പനയില്‍ പങ്കാളികളാകാത്തതിനാല്‍ ഇവര്‍ക്ക് എപ്പോഴും കമ്പനിയുടെ പിന്തുണയും മേല്‍നോട്ടവും ആവശ്യമായി വരുന്നു.
പണ്ടുകാലത്ത് വിപണി വേഗത്തില്‍ വളരുകയും മത്സരം കുറവായിരിക്കുകയും ചെയ്തിരുന്നപ്പോള്‍ കിട്ടാക്കടങ്ങളും ഫീല്‍ഡ് ടീമുകളുടെ വലിയ ചെലവുകളും മറികടക്കാന്‍ വലിയ ലാഭം കൊണ്ട് കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറി. വിപണി വളര്‍ച്ച മന്ദഗതിയിലാവുകയും കടുത്ത മത്സരം രൂപപ്പെടുകയും ചെയ്യുമ്പോള്‍ ലാഭം കുറയുകയും കടങ്ങളെ മാത്രം ആശ്രയിക്കുന്ന ഇത്തരം ചെലവേറിയ വിതരണ ശൃംഖലകള്‍ കമ്പനിയുടെ പണവും ശ്രദ്ധയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അതിനാല്‍ നിഷ്‌ക്രിയരായ ഡിസ്ട്രിബ്യൂട്ടര്‍മാരെ ആശ്രയിക്കുന്നതിന് പകരം വേഗമേറിയതും ആധുനികവുമായ ഒരു വിതരണ സംവിധാനം രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. ചിത്രം ഒന്ന് കാണുക.
പരമ്പരാഗത രീതിക്ക് പകരമുള്ള മാര്‍ഗമാണ് സ്വയം ജോലി ചെയ്യുന്ന ഡിസ്ട്രിബ്യൂട്ടര്‍മാരെ (Self-Working Dtsiributors) നിയമിക്കുകയെന്നത്. പരമ്പരാഗത നിക്ഷേപക ഡിസ്ട്രിബ്യൂട്ടര്‍മാരില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ഉടമകള്‍ നേരിട്ട് സെയ്ല്‍സ് രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു. നേരിട്ട് ഗ്രൗണ്ടില്‍ ജോലി ചെയ്യുന്നതിനാല്‍ ഇവരുടെ പ്രവര്‍ത്തനച്ചെലവുകള്‍ വളരെ കുറവായിരിക്കും. ഒപ്പം മേല്‍നോട്ടവും പിന്തുണയും വളരെ കുറച്ച് മതിയാകും. ഇത്തരം ഡിസ്ട്രിബ്യൂട്ടര്‍മാര്‍ മുന്‍കൂറായി പണം നല്‍കി സാധനങ്ങള്‍ വാങ്ങുന്നതിനാല്‍ വലിയ ഫീല്‍ഡ് സെയ്ല്‍സ് ടീമുകളെ നിലനിര്‍ത്തേണ്ടതിന്റെയും കടം നല്‍കേണ്ടതിന്റെയും ഭാരം ഉല്‍പാദകര്‍ക്ക് ഒഴിവാകുന്നു. അതുവഴി കമ്പനിയുടെ ചെലവ് ഗണ്യമായി കുറയുകയും പരമ്പരാഗത പങ്കാളികളേക്കാള്‍ ഉയര്‍ന്ന വ്യാപാര മാര്‍ജിനുകള്‍ ഇവര്‍ക്ക് നല്‍കാന്‍ നിര്‍മാതാക്കള്‍ക്ക് സാധിക്കുകയും ചെയ്യുന്നു. കഠിനാധ്വാനം ചെയ്യുന്ന ബിസിനസ് സംരംഭകര്‍ക്ക് ഈ ബിസിനസ് വളരെ ലാഭകരമാക്കി മാറ്റുന്നു.
ഉടമകള്‍ നേരിട്ട് ചില്ലറ വില്‍പനക്ക് നേതൃത്വം നല്‍കുന്നതിനാല്‍ പരമ്പരാഗത ഡിസ്ട്രിബ്യൂട്ടര്‍മാരെ അപേക്ഷിച്ച് വളരെ ചെറിയ പ്രദേശങ്ങളിലായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുക. അതിനാല്‍ ഒരേ വിപണി പ്രദേശം കവര്‍ ചെയ്യാന്‍ കൂടുതല്‍ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ ആവശ്യമായി വരും. അവര്‍ മുന്‍കൂര്‍ പണം നല്‍കി സ്റ്റോക്ക് വാങ്ങുകയും നിശ്ചിത സീസണല്‍ തോതിലുള്ള വില്‍പന ലക്ഷ്യങ്ങള്‍ പാലിക്കുകയും ചെയ്യുന്നു.
പ്രധാനമായും ഈ മാറ്റം നിങ്ങളുടെ സെയ്ല്‍സ് ടീമിന്റെ റോള്‍ പുനര്‍നിര്‍വചിക്കാന്‍ ആവശ്യപ്പെടുന്നു. പരമ്പരാഗത രീതിയനുസരിച്ചാണെങ്കില്‍ സെയ്ല്‍സ് ജീവനക്കാര്‍ തങ്ങളുടെ സമയത്തിന്റെ പകുതിയിലധികവും സാധാരണ അക്കൗണ്ട് മാനേജ്മെന്റ്, പണം പിരിച്ചെടുക്കല്‍, അല്ലെങ്കില്‍ നിലവിലുള്ള ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് വേണ്ടി ഓര്‍ഡര്‍ എടുക്കല്‍ എന്നിവക്കായി പാഴാക്കുന്നു. എന്നാല്‍ ആധുനിക സംവിധാനത്തില്‍ നിങ്ങളുടെ ഫീല്‍ഡ് സെയ്ല്‍സ് മാനേജര്‍മാര്‍ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്കായി സെയ്ല്‍സ് മാനേജ്മെന്റ് നടത്തുകയല്ല ചെയ്യുന്നത്; ഒരു സെന്‍ട്രല്‍ സെയ്ല്‍സ് ടീമിന്റെ പിന്തുണയോടെ അവര്‍ ബിസിനസ് വളര്‍ച്ചയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
അവരുടെ പ്രധാനപ്പെട്ട രണ്ട് ചുമതലകള്‍ ഇവയാണ്:
പുതിയ അക്കൗണ്ട് നേടുന്നത് (New Account Acquisition): പുതിയ മൈക്രോ-ടെറിട്ടറികളിലേക്ക് താല്‍പര്യമുള്ള, സാധ്യതയുള്ള സെല്‍ഫ്-വര്‍ക്കിങ് ഡിസ്ട്രിബ്യൂട്ടര്‍മാരെ കണ്ടെത്തി പങ്കാളികളാക്കുക.
പുതിയ സ്റ്റോക്ക് കീപ്പിങ് യൂണിറ്റ് പ്ലേസ്മെന്റ് (New SKU Placement): നിലവിലുള്ള ഡിസ്ട്രിബ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളിലുടനീളം പുതിയ എസ്‌കെയുകള്‍ അവതരിപ്പിക്കുക.
ഒരു ഡിസ്ട്രിബ്യൂട്ടറെ ഉള്‍പ്പെടുത്തുകയോ, പുതിയ എസ്‌കെയു ലൈന്‍ സ്ഥാപിക്കുകയോ ചെയ്തുകഴിഞ്ഞാല്‍ പതിവ് ഓര്‍ഡര്‍ മാനേജ്‌മെന്റ് കേന്ദ്രീകൃത സെയ്ല്‍സ് ടീമിലേക്ക് മാറ്റുന്നു. ഇത് ഉയര്‍ന്ന മൂല്യമുള്ള ഫീല്‍ഡ് മാനേജര്‍മാരുടെ സമയം ലാഭിക്കുകയും പൂര്‍ണസമയം വിപുലീകരണ പ്രവര്‍ത്തനങ്ങളില്‍ മാത്രം കേന്ദ്രീകരിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
പ്രാദേശിക ഡിപ്പോ അടിസ്ഥാന സൗകര്യങ്ങള്‍ നിലവിലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക വിതരണ കാര്യക്ഷമത പ്രയോജനപ്പെടുത്തി സാധാരണ എംആര്‍പിയിലാണ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത്.
ലീഡ് ജനറേഷന്‍: സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ (Meta Ads) വഴി താല്‍പര്യമുള്ള ഡിസ്ട്രി ബ്യൂട്ടര്‍മാരെ കണ്ടെത്തുന്നു. യോഗ്യതയില്ലാത്തവരെ ഒഴിവാക്കാനും യോഗ്യരായവരെ തിരഞ്ഞെടുക്കാനുമായി സെന്‍ട്രല്‍ ടീം പരിശോധന നടത്തുന്നു.
ഫീല്‍ഡ് പ്രവര്‍ത്തനവും പ്രധാന ചുമതലകളും: യോഗ്യരായ ആളുകളെ ഏരിയ ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ക്ക് കൈമാറുന്നു. അവര്‍ ഒരു പ്രത്യേക പ്രദേശത്ത് ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ സെല്‍ഫ് വര്‍ക്കിങ് ഡിസ്ട്രിബ്യൂട്ടര്‍മാരുമായി കരാറുകളില്‍ ഒപ്പിടുകയും പുതിയ എസ്‌കെയുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നു.
ഇന്‍സെന്റീവ് ക്രമീകരണം: മികച്ച പ്രകടനം സ്ഥിരമായി നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ഏരിയ ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ക്ക് (ഡിപ്പോ ഏരിയ) മൂന്ന് മാസത്തെ തുടര്‍ച്ചയായ ഓര്‍ഡറുകള്‍ക്ക് ശേഷമാണ് ഒറ്റത്തവണ ഇന്‍സെന്റീവ് ലഭിക്കുന്നത്. പുതിയ സെല്‍ഫ് വര്‍ക്കിങ് ഡിസ്ട്രിബ്യൂട്ടറെ ഒപ്പുവെക്കുന്നതിനും പുതിയ എസ്‌കെയു ലൈനിനായി ആവര്‍ത്തിച്ചുള്ള ഓര്‍ഡറുകള്‍ വിജയകരമായി ഉറപ്പാക്കുന്നതിനും ഈ വ്യവസ്ഥ ബാധകമാണ്.
പ്രവര്‍ത്തന രീതി: മൂന്ന് മാസത്തിന് ശേഷം സ്ഥിരത കൈവരിച്ചുകഴിഞ്ഞാല്‍, പതിവ് റീ-ഓര്‍ഡറുകള്‍ സെന്‍ട്രല്‍ സെയ്ല്‍സ് ടീമിലേക്ക് മാറ്റുന്നു. സെല്‍ഫ്-വര്‍ക്കിങ് ഡിസ്ട്രിബ്യൂട്ടര്‍മാര്‍ മുന്‍കൂര്‍ പണം നല്‍കി പ്രവര്‍ത്തിക്കുകയും സീസണ്‍ അനുസരിച്ചുള്ള വില്‍പന ലക്ഷ്യങ്ങള്‍ നിലനിര്‍ത്തുന്നതിനായി റീജ്യണല്‍ ഡിപ്പോയില്‍ നിന്ന് ചെറിയ അളവിലുള്ള സ്റ്റോക്കുകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഏരിയ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ പിന്നീട് ആവശ്യമുള്ളപ്പോള്‍ മാത്രം ഇവരുമായി ബന്ധപ്പെടുന്നു.
ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് കടം കൊടുക്കുന്നതും അവര്‍ക്ക് വേണ്ടി ഫീല്‍ഡ് സ്റ്റാഫുകള്‍ പിന്നാലെ നടന്ന് ജോലി ചെയ്യുന്നതും നഷ്ടമുണ്ടാക്കുന്ന കാര്യമാണ്. ഇന്നത്തെ മത്സരസ്വഭാവമുള്ള വിപണിയില്‍ കുറഞ്ഞ പ്രവര്‍ത്തനച്ചെലവ് നിലനിര്‍ത്താനും ക്യാഷ് ഫ്ളോ സംരക്ഷിക്കാനും കര്‍ശനമായ പ്രവര്‍ത്തന അച്ചടക്കം ആവശ്യമാണ്.
നിഷ്‌ക്രിയ ഡിസ്ട്രിബ്യൂട്ടര്‍മാരെ ഒഴിവാക്കി, സ്വന്തമായി ജോലി ചെയ്യുകയും മുന്‍കൂര്‍ പണം നല്‍കി സാധനങ്ങള്‍ വാങ്ങുകയും ചെയ്യുന്ന സെല്‍ഫ്- വര്‍ക്കിങ് ഡിസ്ട്രിബ്യൂട്ടര്‍മാരെ കൂടുതലായി നിയമിക്കുന്നത് കമ്പനിയുടെ ലാഭവും വളര്‍ച്ചയും വര്‍ധിപ്പിക്കും. ഈ പങ്കാളികള്‍ക്ക് മെച്ചപ്പെട്ട മാര്‍ജിനുകള്‍ നല്‍കുകയും സെന്‍ട്രല്‍ ടീം വഴി ഓര്‍ഡറുകള്‍ നിയന്ത്രിക്കുകയും ഫീല്‍ഡ് മാനേജര്‍മാരെ ബിസിനസ് വിപുലീകരണത്തിനായി മാത്രം നിയോഗിക്കുകയും ചെയ്യുമ്പോള്‍ ബിസിനസ് പൂര്‍ണമായും സുരക്ഷിതവും ക്രെഡിറ്റ് ഇല്ലാത്തതും ലാഭകരവുമായി മാറുന്നു.
(Originally published in Dhanam Magazine September 15, 2026 issue.)
Read DhanamOnline in English
Subscribe to Dhanam Magazine