സന്തോഷവും വിജയവും പണവും നേടാന്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. എന്നാല്‍ അതിനായി കഠിനമായി പരിശ്രമിക്കുംതോറും അവ നമ്മില്‍ നിന്ന് അകന്നുപോകുന്നതായി തോന്നാറുണ്ടോ? പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനും ചിന്തകനുമായ മാര്‍ക്ക് മാന്‍സന്‍ (Mark Manosn) തന്റെ പ്രശസ്തമായ ആര്‍ട്ടിക്കിളിലൂടെ മുന്നോട്ടുവെക്കുന്ന പ്രധാന ചോദ്യമാണിത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ പ്രശസ്ത തത്ത്വചിന്തകന്‍ അലന്‍ വാട്‌സ് (Alan Watts) ആവിഷ്‌കരിച്ച 'ദി ബാക്ക്വേര്‍ഡ്സ് ലോ' (The Backwards Law) എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് മാന്‍സന്‍ ഈ ചിന്ത വിശദീകരിക്കുന്നത്.
'പോസിറ്റീവായ അനുഭവങ്ങള്‍ക്കായുള്ള അമിതമായ ആഗ്രഹം ഒരു നെഗറ്റീവ് അനുഭവമാണ്. അതേസമയം, നെഗറ്റീവായ അനുഭവങ്ങളെയും തിരിച്ചടികളെയും സ്വീകരിക്കാനുള്ള മനസ്സുണ്ടാകുന്നത് ഒരു പോസിറ്റീവ് അനുഭവമായി മാറുന്നു.മാര്‍ക്ക് മാന്‍സന്‍
ജീവിതത്തിലോ ബിസിനസിലോ ഒരു കാര്യം നേടാന്‍ നമ്മള്‍ അമിതമായി ശ്രമിക്കുകയും അത് മാത്രമാണ് ലക്ഷ്യമെന്ന് ശാഠ്യം പിടിക്കുകയും ചെയ്യുമ്പോള്‍, അത് ലഭിക്കാനുള്ള സാധ്യത കുറയുന്നു എന്നാണ് ഈ നിയമം പറയുന്നത്. താന്‍ ആത്മവിശ്വാസമുള്ള ആളാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ഒരാള്‍ അമിതമായി ശ്രമിക്കുമ്പോള്‍, ആ ശ്രമം തന്നെ അയാളിലെ ആത്മവിശ്വാസക്കുറവിനെയാണ് തുറന്നുകാട്ടുന്നത്. പണവും വിജയവും നേടാന്‍ അവിശ്രമം നെട്ടോട്ടമോടുമ്പോള്‍, 'നിലവില്‍ എനിക്ക് പണമോ വിജയമോ ഇല്ല' എന്ന അപകര്‍ഷതാബോധമാണ് മനസ്സ് ഉത്പാദിപ്പിക്കുന്നത്.
ബിസിനസ് ലോകത്തും സംരംഭകര്‍ക്കിടയിലും ഈ തത്ത്വം വളരെയധികം പ്രസക്തമാണ്. ലാഭം മാത്രം ലക്ഷ്യമിട്ട്, ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരത്തിലോ ഉപഭോക്തൃ സേവനത്തിലോ ശ്രദ്ധിക്കാതെ മുന്നോട്ടുപോകുന്ന കമ്പനികള്‍ പലപ്പോഴും വലിയ തകര്‍ച്ച നേരിടാറുണ്ട്. എന്നാല്‍, അതിന് വിപരീതമായി ഉപഭോക്താവിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവര്‍ക്ക് കൃത്യമായ മൂല്യം നല്‍കാനും പരിശ്രമിക്കുന്ന കമ്പനികളെ തേടി ലാഭം സ്വയം വന്നണയുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.
കരിയറിലെ വളര്‍ച്ചയിലും സമാനമായ ഒരു അവസ്ഥ കാണാന്‍ സാധിക്കും. പ്രൊമോഷനും ശമ്പളവര്‍ദ്ധനവിനും വേണ്ടി മാത്രം അനാവശ്യ സമ്മര്‍ദ്ദത്തോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനേക്കാള്‍ വേഗത്തില്‍ ഉയര്‍ച്ച കൈവരിക്കുന്നത് നിലവിലെ ജോലിയെ ഇഷ്ടപ്പെടുകയും അതില്‍ മികവ് പുലര്‍ത്തുകയും ചെയ്യുന്ന വ്യക്തികളാണ്. ഫലത്തെക്കുറിച്ച് ആകുലപ്പെടാതെ പ്രക്രിയയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ വിജയം താനേ തേടിയെത്തുന്നു.
സാധാരണയായി ആളുകള്‍ വിജയം മാത്രം ലക്ഷ്യമിടുകയും പരാജയത്തെ ഭയപ്പെടുകയും ചെയ്യുമ്പോള്‍, ബാക്ക്വേര്‍ഡ്സ് ലോ പരാജയ സാധ്യതകളെ മുന്‍കൂട്ടി കണ്ട് അംഗീകരിക്കാനും അതില്‍ നിന്ന് പഠിക്കാനുമാണ് ആവശ്യപ്പെടുന്നത്. അമിതമായ നിയന്ത്രണത്തിനും മൈക്രോ മാനേജ്മെന്റിനും പകരം ടീമിന് സ്വാതന്ത്ര്യം നല്‍കുന്ന ഫ്‌ലെക്‌സിബിള്‍ സമീപനമാണ് സംരംഭങ്ങള്‍ക്ക് ഗുണം ചെയ്യുന്നത്. അതുപോലെ, പണത്തിന് പിന്നാലെ ഓടാതെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുമ്പോള്‍ സാമ്പത്തിക നേട്ടം താനേ ഉണ്ടാകും.
എല്ലാ കാര്യങ്ങളും എപ്പോഴും നമ്മുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കണം എന്ന് ശാഠ്യം പിടിക്കുന്നതാണ് ഏറ്റവും വലിയ മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുന്നത്. ബിസിനസ്സിലെ അനിശ്ചിതത്വങ്ങള്‍, വിപണിയിലെ വിപ്ലവകരമായ മാറ്റങ്ങള്‍, സാമ്പത്തിക തിരിച്ചടികള്‍ എന്നിവ ജീവിതത്തിന്റെയും ബിസിനസ്സിന്റെയും സ്വാഭാവിക ഭാഗമാണെന്ന് അംഗീകരിക്കുമ്പോള്‍ മാത്രമാണ് ഒരു സംരംഭകന് ദീര്‍ഘവീക്ഷണത്തോടെ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നത്.
ചുരുക്കത്തില്‍, അനാവശ്യമായ സമ്മര്‍ദ്ദങ്ങളും അമിതമായ ആകുലതകളും ഒഴിവാക്കി, വര്‍ത്തമാനകാല പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രധാനം. ഫലത്തെക്കുറിച്ച് അമിതമായി ചിന്തിച്ച് മാനസികമായി തളരാതെ, ചെയ്യുന്ന പ്രക്രിയയെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്ന പ്രായോഗിക സന്ദേശമാണ് മാര്‍ക്ക് മാന്‍സന്‍ ഇതിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine