ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം യുഎസില്‍ നടക്കുന്ന സാമ്പത്തിക, രാഷ്ട്രീയ മാറ്റങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുകയാണ് ഓരോ ബിസിനസുകാരും. ഈ തീരുമാനങ്ങള്‍ ഇതിനകം തന്നെ ആഗോള വ്യാപാരം, തൊഴില്‍ വിപണികള്‍, മൂലധന ഒഴുക്ക്, നിക്ഷേപ തന്ത്രങ്ങള്‍ എന്നിവയെയൊക്കെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
ചിത്രം ഒന്നില്‍ കാണുന്നത് പോലെ എന്റെ ആഗോള പ്രവചന മാതൃക ലോകത്തെ കാണുന്നത് കാരണങ്ങള്‍ (Causes), നടപടികള്‍ (Actions), ഫലങ്ങള്‍ (Effects) എന്നീ ക്രമത്തിലാണ്. മറ്റു രാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ള മാഗ (Make America Great Again) അജണ്ടയെ കുറിച്ചാണ് ഈ ലേഖനം വിശദമാക്കുന്നത്. ഓരോ പങ്കാളിത്തവും ദേശീയ താല്‍പര്യ പരിശോധനയില്‍ വിജയിച്ചിരിക്കണമെന്നതാണ് അവരുടെ പക്ഷം.
വാഷിങ്ടണിന്റെ പൊതുവേയുള്ള അഭിപ്രായം മാറിയിരിക്കുന്നു. ചൈന വെറും വ്യാപാര പങ്കാളിയല്ല. മറിച്ച് യുഎസിന്റെ നിലനില്‍പിന് തന്നെയുള്ള വലിയ ബാഹ്യ ഭീഷണിയാണ്.
- പുതിയ ശീതയുദ്ധം: സോവിയറ്റ് യൂണിയനില്‍ നിന്ന് വ്യത്യസ്തമായി, ചൈന ആഗോള സമ്പദ്‌വ്യവസ്ഥയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇത് അവരെ കൂടുതല്‍ കഴിവുള്ളവരും അപകടകാരികളുമായ എതിരാളിയാക്കുന്നു.
- ബന്ധം വേര്‍പെടുത്തലും അതിജീവനവും (Decoupling and Resilience): അപൂര്‍വ മൂലകങ്ങള്‍, മരുന്നുകള്‍, അത്യാധുനിക സാങ്കേതികവിദ്യകള്‍ തുടങ്ങിയ നിര്‍ണായക മേഖലകളില്‍ ചൈനീസ് വിതരണ ശൃംഖലയെ ആശ്രയിക്കുന്നത് ഒഴിവാക്കുക എന്നതാണ് ലക്ഷ്യം.
യൂറോഷ്യന്‍ 'അധികാര കേന്ദ്രങ്ങളെ' തകര്‍ക്കുന്നതിനായി റഷ്യയും ചൈനയും തമ്മില്‍ കൂടുതല്‍ അടുക്കുന്ന ബന്ധത്തില്‍ നിന്ന് അകറ്റുക എന്നതാണ് പുതിയ തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗം.
- തന്ത്രപരമായ പുനര്‍നിര്‍ണയം: യുഎസ് ഒരു 'റിവേഴ്സ് കിസിംഗര്‍' (Reverse Kissinger) തന്ത്രമാണ് തേടുന്നത്. ഉക്രെയ്നില്‍ ചര്‍ച്ചകളിലൂടെ ഒരു ഒത്തുതീര്‍പ്പിലെത്തുകയും, യൂറോപ്യന്‍ അതിര്‍ത്തികള്‍ സുരക്ഷിതമാക്കി വിഭവങ്ങള്‍ ഇന്‍ഡോ-പസഫിക് മേഖലയിലേക്ക് തിരിച്ചുവിടുകയും ചെയ്യുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
- ഊര്‍ജ 'ക്ലബ്ബ്': ലോകത്തിലെ പ്രധാന ഊര്‍ജ ഉല്‍പാദകരായി മാറുന്നതിലൂടെ, അമേരിക്ക തങ്ങളുടെ എണ്ണ-വാതക ശേഖരത്തെ ഒരു ഭൗമ-രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നു.
മോസ്‌കോയില്‍ തന്ത്രപരമായ മാറ്റം വരുത്താന്‍ ഊര്‍ജത്തെയാണ് പ്രധാന ആയുധമായി ഉപയോഗിക്കുന്നത്:
-വില കുറക്കല്‍: യുഎസ് ഊര്‍ജം വിപണിയില്‍ ധാരാളമായി എത്തിച്ച്, ആഗോളതലത്തില്‍ വില കുറക്കാന്‍ പദ്ധതിയിടുന്നു. റഷ്യയുടെ സമ്പദ്‌വ്യവസ്ഥ എണ്ണയെയും വാതകത്തെയും അമിതമായി ആശ്രയിക്കുന്നതിനാല്‍, കുറഞ്ഞ വില ക്രെംലിന്റെ വരുമാനം കുറക്കുകയും യുദ്ധച്ചെലവുകളെയും ചൈനയുമായുള്ള ജൂനിയര്‍ പാര്‍ട്ണര്‍ എന്ന നിലയിലുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
-കുത്തക തകര്‍ക്കല്‍: റഷ്യന്‍ ഊര്‍ജം വാങ്ങുന്നത് യുഎസ് വിപണിയിലേക്കുള്ള പ്രവേശനം നഷ്ടപ്പെടുത്തുമെന്ന് ഇന്ത്യയും ചൈനയും ഉള്‍പ്പെടെുള്ള ആഗോള ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി അമേരിക്ക ഉപരോധങ്ങളെയും അനുബന്ധ തീരുവകളെയും ഉപയോഗിക്കുന്നു.
- ആര്‍ട്ടിക് സമ്മാനം: സമാധാനത്തിന് പകരമായി ആര്‍ട്ടിക്കിലെ ഊര്‍ജസ്രോതസുകളിലും അപൂര്‍വ ലോഹങ്ങളിലും അമേരിക്കന്‍ കമ്പനികള്‍ക്ക് മാത്രമായി പ്രത്യേക അവകാശം നല്‍കുന്ന കരാറുകളെക്കുറിച്ച് യുഎസ് ആലോചിക്കുന്നു. ഇതിലൂടെ മേഖലയിലെ ചൈനീസ് സ്വാധീനം ഫലപ്രദമായി ഇല്ലാതാക്കാന്‍ സാധിക്കും.
ഇറാനോടുള്ള നയം, 'നിയന്ത്രണത്തില്‍' നിന്ന് അവരുടെ ആണവ ശേഷി പൂര്‍ണമായും ഇല്ലാതാക്കുന്നതിലേക്ക് മാറി.
- പരമാവധി സമ്മര്‍ദ്ദം: ഇറാന്‍ ഒരിക്കലും ആണവായുധം നിര്‍മിക്കില്ലെന്ന് ഉറപ്പാക്കാന്‍ പ്രാദേശിക സഖ്യകക്ഷികളെ ഏകോപിപ്പിക്കുകയും സാമ്പത്തിക ഉപരോധങ്ങള്‍ പ്രധാന ആയുധമാക്കുകയും ചെയ്യുന്നു.
- ചര്‍ച്ചക്കുള്ള അവസരം: നയതന്ത്ര സമ്മര്‍ദ്ദം കൊണ്ട് ആണവപദ്ധതികള്‍ നിര്‍ത്തിയില്ലെങ്കില്‍, സൈനിക ശക്തി ഉപയോഗിച്ച് അവരുടെ ന്യൂക്ലിയര്‍, ബാലിസ്റ്റിക് അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന് യുഎസ് സൂചന നല്‍കിയിട്ടുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതിരോധത്തിനായി പണം ചെലവാക്കാതെ അമേരിക്കയെ ഒരു കവചമായി ഉപയോഗിക്കുന്ന കാലം അവസാനിച്ചു.
- പ്രാഥമിക ഉത്തരവാദിത്തം: യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വന്തം പ്രതിരോധത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ജിഡിപിയുടെ അഞ്ച് ശതമാനം വരെ പ്രതിരോധത്തിനായി ചെലവാക്കണമെന്നും യുഎസ് ആവശ്യപ്പെടുന്നു.
- നേതൃത്വം പിന്തുടരുക: യൂറോപ് സ്വന്തം സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെങ്കിലും, നിര്‍ണായകമായ സാങ്കേതിക മാനദണ്ഡങ്ങളിലും വ്യാപാര നയങ്ങളിലും, പ്രത്യേകിച്ച് ചൈനയെ ലക്ഷ്യം വെച്ചുള്ളവയില്‍, അമേരിക്കയുടെ നേതൃത്വത്തെ പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യയിലെയും മറ്റും സഖ്യകക്ഷികള്‍ക്ക് നല്‍കുന്ന പിന്തുണ ഇനി മുതല്‍ സൗജന്യമായിരിക്കില്ല- അതൊരു ഇടപാടായിരിക്കും.
- അമേരിക്കയില്‍ നിക്ഷേപിക്കുക: യുഎസ് സുരക്ഷാ ഗ്യാരണ്ടി നിലനിര്‍ത്തുന്നതിന് ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ സഖ്യകക്ഷികള്‍ യുഎസിനുള്ളില്‍ ഉല്‍പാദന ശാലകള്‍ നിര്‍മിക്കാനും യുഎസിനകത്ത് തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തയാറാകുമെന്ന് പ്രതീക്ഷിക്കുന്നു.
- സംരക്ഷണത്തിനുള്ള ചെലവ്: പണമടച്ചുള്ള സംരക്ഷണം (Paid protection) എന്ന ആശയത്തിലൂടെ അര്‍ഥമാക്കുന്നത്, സഖ്യകക്ഷികള്‍ തങ്ങളുടെ യുഎസ് ട്രഷറി നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭം കുറക്കാന്‍ തയാറാകണം, അല്ലെങ്കില്‍ സുരക്ഷാ സേവനങ്ങള്‍ക്കായി യൂസേഴ്സ് ഫീ നല്‍കണം എന്നാണ്.
തന്ത്രപരമായ നിലപാടുകളുടെ അടിസ്ഥാനത്തില്‍ ലോകത്തെ രണ്ട് വ്യക്തമായ വിഭാഗങ്ങളായി തിരിക്കുന്നു:
- സൗഹൃദ രാജ്യങ്ങള്‍: തങ്ങളുടെ വിപണികള്‍ തുറന്നുനല്‍കുന്ന, കറന്‍സി സ്ഥിരതക്കായി മാര്‍-എ-ലാഗോ ഉടമ്പടിയില്‍ (Mar-a-Lago Accord) ചേരുന്ന, യുഎസ് ബോണ്ടുകളില്‍ നിക്ഷേപിക്കുന്ന രാജ്യങ്ങള്‍ക്ക് കുറഞ്ഞ വ്യാപാര തടസങ്ങളും 'ഫ്രണ്ട് ഷോറിങ്' ആനുകൂല്യങ്ങളും ലഭിക്കും.
- സൗഹൃദമല്ലാത്ത രാജ്യങ്ങള്‍: അമേരിക്കന്‍ വിരുദ്ധ നിയമങ്ങളെ പിന്തുണക്കുന്നവരോ, എതിരാളികളെ സഹായിക്കുന്നവരോ ആയ രാജ്യങ്ങള്‍ 60 ശതമാനം മുതല്‍ 100 ശതമാനം വരെയുള്ള കനത്ത താരിഫുകളും ഡോളര്‍ അധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയില്‍ നിന്നുള്ള പുറത്താക്കലും നേരിടേണ്ടിവരും.
ഉപസംഹാരം:
ലോകം പുനര്‍ക്രമീകരിക്കപ്പെടുകയാണ്. ഓരോ ബിസിനസുകാരനും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുകയും അതിനനുസരിച്ച് തങ്ങളുടെ ചിന്താഗതി മാറ്റുകയും വേണം. അല്ലാത്തപക്ഷം പരാജയപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ആഗോള പ്രവചനങ്ങളെക്കുറിച്ചുള്ള എന്റെ ലേഖന പരമ്പര ഈ ലേഖനത്തോടെ അവസാനിപ്പിക്കുന്നു.
(Originally published in Dhanam Magazine February 15, 2026 issue.)
Read DhanamOnline in English
Subscribe to Dhanam Magazine