Managing Business

നിങ്ങളുടെ ബിസിനസിന്റെ പേര് ലക്ഷണമൊത്തതാണോ? പേരിടുമ്പോള്‍ എന്തൊക്കെ നോക്കണം

ബിസിനസിന്റെ പേര് തീരുമാനിക്കുമ്പോഴും ശ്രദ്ധിക്കാന്‍ കുറച്ചേറെ കാര്യങ്ങളുണ്ട്.

Siju Rajan

ഒരു കുഞ്ഞിന് പേര് നിശ്ചയിക്കുന്നതിനേക്കാളും എത്രയോ മടങ്ങ് ബുദ്ധിമുട്ടാണ് ഒരു സ്ഥാപനത്തിന്റെ പേര് നിശ്ചയിക്കുന്നത്. കാരണം ഒരു വ്യക്തിയുടെ പേര് മറ്റൊരുവ്യക്തിക്ക് ഉണ്ടാകാം. അത് പ്രശ്‌നമില്ല. പക്ഷേ, ഒരു സ്ഥാപനത്തിന്റെ പേര് മറ്റൊരു സ്ഥാപനത്തിന് ഉണ്ടാകരുത്. ഈ ലോകത്ത് ഒരു V Guard മാത്രമേ ഉള്ളൂ. ഒരു Honda മാത്രമേ ഉള്ളൂ. അതിനാല്‍ സ്ഥാപനത്തിന്റെ പേര് നിശ്ചയിക്കുന്നത് വളരെയധികം പ്രയാസമുള്ള കാര്യമാണ്.ഒരു സ്ഥാപനത്തിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒന്നാണ് ആ സ്ഥാപനത്തിന്റെ പേര്. അതിനാല്‍ ഒത്തിരി കടമ്പകള്‍ ഒരു പേര് നിശ്ചയിക്കുമ്പോള്‍ ഉണ്ട്.

നല്ല പേരിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം?

അര്‍ത്ഥവത്താവണം:

നമ്മുടെ ഉല്‍പ്പന്നം എന്താണോ അതിന്റെ സ്വഭാവത്തെ വെളിപ്പെടുത്തുന്നതാവണം അതിന്റെ പേര്. ഉദാഹരണത്തിന് വിഗാര്‍ഡ് എന്ന സ്ഥാപനം ആദ്യം ഇറക്കിയത് സ്റ്റെബിലൈസറുകള്‍ ആയിരുന്നു. നമ്മുടെ ഗൃഹോപകരണങ്ങളെ സംരക്ഷിക്കുന്ന ദൗത്യമാണ് അതിനുള്ളത്. സംരക്ഷണം എന്ന മൂല്യമാണ് അതില്‍ പ്രാധാന്യമര്‍ഹിക്കുന്നത്. അതിനാല്‍ വിഗാര്‍ഡ് എന്ന പേര് തീര്‍ത്തും ആ ഉല്‍പ്പന്നത്തിന്റെ സ്വഭാവത്തെ വെളിപ്പെടുത്തുന്നതാണ്.

ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നത്:

വായിക്കാന്‍ ബുദ്ധിമുട്ടുള്ളതും എഴുതാന്‍ പ്രയാസമുള്ളതുമായ പേരുകള്‍ തെരഞ്ഞെടുക്കാതിരിക്കുന്നതാവും നല്ലത്. ആളുകള്‍ക്ക് എളുപ്പത്തില്‍ എഴുതാനും വായിക്കാനും ഓര്‍മിക്കാനും കഴിയുന്നതാവണം പേര്. ഇത് നമ്മുടെ നാട്ടില്‍ ബിസിനസ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട താണ്. പലപ്പോഴും പല വിദേശ സ്ഥാപനങ്ങളുടെയും പേര് വായിച്ചെടുക്കാന്‍ പോലും നമുക്ക് ബുദ്ധിമുട്ടുള്ളതാണ് ഉദാഹരണം: Huawei. കാരണം മറ്റു ഭാഷകളില്‍ നിന്നുള്ള പേരാണ്. അവരുടെ ഉച്ചാരണം നമുക്ക് ലഭിക്കണമെന്നില്ല. അതിനാല്‍ പ്രാദേശികമായി ആളുകള്‍ക്ക് വായിക്കാന്‍ കഴിയുന്ന പേരുകളാണ് നല്ലത്.

ഭാവിയെ ലക്ഷ്യമിട്ടുള്ളത്:

ബിസിനസിന്റെ പേര് എപ്പോഴും ഭാവിയെ മുന്നില്‍ കണ്ടാവണം നല്‍കേത്. ഒരുപക്ഷേ ബിസിനസിന്റെ തുടക്കത്തില്‍ നമ്മള്‍ ഒരു ഉല്‍പ്പന്നം മാത്രമാവും വിപണിയില്‍ ഇറക്കുന്നത്. അന്ന് തീരുമാനിക്കുന്ന പേര് പിന്നീട് ഭാവിയില്‍ മറ്റ് ഉല്‍പ്പന്നം ഇറക്കുമ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്നതാവണമെന്നില്ല. ഭാവിയില്‍ വളര്‍ച്ച ഉണ്ടാകുമ്പോള്‍ ഇപ്പോഴത്തെ പേര് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥ വരരുത്.

വ്യത്യസ്തത: നമ്മള്‍ കേട്ട് ശീലിച്ചതില്‍ നിന്നും വ്യത്യസ്തമായ പേരുകള്‍ എപ്പോഴും ആളുകളുടെ മനസില്‍ പെട്ടെന്ന് തന്നെ പതിയും. അതും പ്രത്യേകിച്ച് വിചിത്രമായ പേരുകള്‍. ഉദാഹരണത്തിന്, ഗോഡാഡി എന്ന പേരിനെ മലയാളത്തിലേക്ക് മാറ്റിനോക്കിയേ. രസകരമാണ്. അതുപോലെ തന്നെ drunken monkey, അതായത് കുടിയനായ കുരങ്ങന്‍. ഇത്തരത്തില്‍ വിചിത്രമായ പേരുകള്‍ ആളുകള്‍ പെട്ടെന്ന് തന്നെ ഓര്‍ത്തെടുക്കും. മിഥുനം എന്ന മലയാള സിനിമയില്‍ മോഹന്‍ലാലിന്റെ ബിസ്‌ക്കറ്റ് കമ്പനിയുടെ പേര് ഓര്‍മ കാണുമല്ലോ. ദാക്ഷായണി ബിസ്‌ക്കറ്റ്. ആ പേര് ഇന്നും ഓര്‍ക്കാന്‍ കാരണം നമ്മള്‍ കേട്ടു ശീലിച്ച ബിസ്‌ക്കറ്റ് കമ്പനിയുടെ പേര് ഈ രീതിയിലല്ല എന്നതു തന്നെയാണ്.

നിയമപരമായ സംരക്ഷണം: നമ്മള്‍ തെരഞ്ഞെടുക്കുന്ന ബ്രാന്‍ഡിന്റെ പേര് മറ്റാരും ഉപയോഗിക്കാതിരിക്കാന്‍ അതിനെ സംരക്ഷിക്കാന്‍ നമുക്ക് പ്രധാനമായും ചെയ്യാന്‍ കഴിയുക, നിയമപരമായി ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. ഒപ്പം തന്നെ ഡൊമൈന്‍ രജിസ്ട്രേഷനും ചെയ്യേണ്ടതുണ്ട്. മാത്രമല്ല മറ്റ് ബ്രാന്‍ഡിന്റെ പേരുമായി സാമ്യമുള്ള പേരാണെങ്കില്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ആദ്യം വരുത്തുക ശ്രമകരമായ കാര്യമായിരിക്കും.

പല തരത്തിലുള്ള പേരുകള്‍വ്യക്തിയുടെ പേര്: ഒരു സ്ഥാപനത്തിന്റെ ഉടമയുടെ പേര് തന്നെ ആ സ്ഥാപനത്തിനും ഇടാറുണ്ട്. ഉദാഹരണം, Mc.Donalds, Ben and Jerry's, ഫോര്‍ഡ്.

Acronyms:വലിയ പേരുകളുടെ ആദ്യാക്ഷരം മാത്രം വച്ച് ഉണ്ടാക്കുന്ന പേരാണിവ. ഉദാഹരണം: NASA (National Aeronautics and Space Administration), HP(Hewlett-Packard) Real word: സ്ഥലങ്ങള്‍, വസ്തുക്കള്‍, തുടങ്ങിയവയുടെ പേര് ഉപയോഗിക്കുന്നു. ഉദാഹരണം, Amazon, Tesla, nike

Fabricated names:ഒരു പേരിനെ രൂപാന്തരപ്പെടുത്തി മറ്റൊരു പേരാക്കി മാറ്റുക. ഉദാഹണം, Activa, പിന്‍ട്രെസ്റ്റ്.

Magic Spell: ഒരു വാക്കിന്റെ ചില അക്ഷരങ്ങള്‍ മാറ്റി പേര് ഉണ്ടാക്കുക. ഉദാഹരണം: Google, നെറ്റ്ഫ്ളിക്‌സ് ഇതുമാത്രമല്ല ഇവയുടെ പലതിന്റെയും മിശ്രണവുമാകാം സ്ഥാപനത്തിന്റെ പേര്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT