Managing Business

"സാഹചര്യം എന്തുമായിക്കൊള്ളട്ടെ, ഞാൻ പിടിച്ചുകയറും എന്ന വാശി വേണം'', കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എഴുതുന്നു

Binnu Rose Xavier

എപ്പോഴും നല്ലകാലം മാത്രമായിരിക്കില്ല, ഇതുപോലെയുള്ള പ്രതിസന്ധികളുണ്ടാകും. പ്രശ്‌നങ്ങളും പ്രതിസന്ധികളും ഇല്ലായിരുന്നുവെങ്കില്‍ ലോകം ഒരിക്കലും ഇന്നത്തെ നിലയിലേക്ക് വളരുകയുണ്ടായിരുന്നില്ല. ചരിത്രം പരിശോധിച്ചാല്‍ അത് നമുക്ക് മനസിലാകും. രണ്ടാം ലോകമഹായുദ്ധകാലഘട്ടത്തിലായിരുന്നു ലോകത്ത് ഏറ്റവും കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ ഉണ്ടായത്. അതിന് കാരണമെന്താണ്? ആവശ്യമാണല്ലോ സൃഷ്ടിയുടെ മാതാവ്. ആവശ്യം വരുമ്പോഴാണ് മനുഷ്യന്‍ എന്ത് ചെയ്യാന്‍ പറ്റുമെന്ന് തലപുകയ്ക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക ജപ്പാനെ ബോംബിട്ട് തകര്‍ത്തു. ഇനി ജപ്പാന്‍ തലപൊക്കില്ലെന്ന് എല്ലാവരും വിധിയെഴുതിയതാണ്. ജര്‍മ്മനിയെ തകര്‍ത്ത് തരിപ്പണമാക്കി കീറിമുറിച്ച് രണ്ടാക്കി മതിലുകെട്ടിവിഭജിച്ചതാണ്. എന്നിട്ട് ലോകം പിന്നീട് എന്താണ് കണ്ടത്? ഈ രണ്ട് രാജ്യങ്ങളും എത്രത്തോളം വളര്‍ന്നു. അമേരിക്കന്‍ നിരത്തുകളില്‍ ജപ്പാന്‍ കാറുകള്‍ ഇല്ലാത്ത അവസ്ഥ ചിന്തിക്കാനാകാത്തതായി മാറി.

ഞാന്‍ ഇതിന് മുമ്പും പറഞ്ഞിട്ടുണ്ട്. പതുപതുത്ത സോഫയിലിരിക്കാന്‍ നല്ല സുഖമാണ്. എന്നാല്‍ ആ കംഫര്‍ട്ട് നിങ്ങളെ ഒരിക്കലും വളര്‍ത്തില്ല. കസേരയ്ക്ക് തീപിടിച്ച് ഇരിക്കുന്നിടത്തുനിന്ന് എഴുന്നേല്‍ക്കണം. അപ്പോഴേ മാറി ചിന്തിക്കൂ. പ്രതിസന്ധികളെ വിവേകത്തോടെയും തന്ത്രത്തോടെയും ധൈര്യത്തോടെയും നേരിട്ടിട്ടുള്ളവര്‍ മാത്രമേ വലിയ വിജയകഥകള്‍ രചിച്ചിട്ടുള്ളുവെന്ന് നമുക്കറിയാം. പ്രതിസന്ധികള്‍ വരുമ്പോള്‍ തളര്‍ന്നിരുന്നാല്‍ അതിലെ സാധ്യതകള്‍ കാണാന്‍ കഴിയില്ല.

കോവിഡിന് ശേഷം ലോകം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുന്നവര്‍ മണ്ടന്മാരാണെന്നേ ഞാന്‍ പറയൂ. കാരണം ഈ രോഗം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്നോ കൂടുതല്‍ ദുരന്തങ്ങളുണ്ടാക്കുമോ അല്ലെങ്കില്‍ തനിയെ കെട്ടടങ്ങുമോയെന്നോ വാക്‌സിന്‍ കണ്ടെത്താന്‍ എത്ര സമയമെടുക്കുമെന്നോ നമുക്കറിയില്ല. ഇവയെയെല്ലാം ആശ്രയിച്ചിരിക്കും ലോകത്തിന്റെ ഭാവി. ആ സമയത്തെ മനുഷ്യന്റെ ചിന്താഗതികളും പ്രവൃത്തികളും അനുസരിച്ചിരിക്കും.  പ്രതിസന്ധി ഘട്ടം വരുമ്പോള്‍ മനുഷ്യന്‍ എന്താണ് ചിന്തിക്കുന്നത്? അവന്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കുന്നേല്‍ക്കുമോ? അതോ മാളത്തില്‍ ഒളിക്കുമോ? എന്ന് നാം കണ്ടറിയേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ പ്രവചനങ്ങള്‍ നടത്താനാകില്ലെന്ന അഭിപ്രായക്കാരനാണ് ഞാന്‍. എന്നിരുന്നാലും പഴയ ചരിത്രങ്ങള്‍ വിലയിരുത്തി ഞാന്‍ പറയുന്നു, ഇവിടെ മാറ്റങ്ങള്‍ വരും. സാഹചര്യം എന്തുമായിക്കൊള്ളട്ടെ, മറ്റുള്ളവര്‍ എന്തും ചെയ്‌തോട്ടെ, ഞാന്‍ ഈ സാഹചര്യത്തില്‍ പിടിച്ചുകയറും എന്ന വാശിയുള്ളവര്‍ ആരോ അവന്‍ അല്ലെങ്കില്‍ അവള്‍ വിജയിച്ചിരിക്കും.

മാറണം, മാറിയേ പറ്റൂ

പക്ഷെ നാം ഇതുവരെ ചെയ്തുകൊണ്ടിരിക്കുന്ന രീതികളുമായി ഇനി മുന്നോട്ടുപോയാല്‍ നിലനില്‍ക്കാന്‍ പറ്റിയെന്ന് വരില്ല. ഓരോ ബിസിനസിന്റെയും പ്രത്യേകതയനുസരിച്ച് അതില്‍ മാറ്റങ്ങള്‍ വരുത്തി മുന്നോട്ടുപോയാലേ രക്ഷയുള്ളുവെന്ന് നാം മനസിലാക്കണം. സാധാരണ ടാക്‌സി ഓടിച്ചുകൊണ്ടിരുന്ന പ്രായമായ ഡ്രൈവര്‍മാര്‍ പോലും ഓണ്‍ലൈന്‍ ടാക്‌സിയുടെ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പഠിച്ചെടുത്താണ് യൂബറിലേക്ക് വന്നത്. പുതിയ സാഹചര്യത്തില്‍ പുതിയ രീതികളിലേക്ക് മാറേണ്ടത് നിലനില്‍പ്പിന്റെ പ്രശ്മാണ്. ഏറ്റവും അര്‍ഹമായത് മാത്രമേ അതിജീവിക്കുകയുള്ളുവെന്നത് പ്രപഞ്ചനിയമമാണ്.  തണുപ്പുകൂടുമ്പോള്‍ പക്ഷികള്‍ പോലും അനുയോജ്യമായ ഇടത്തേക്ക് പറക്കുന്നു. അത് അവരെയാരും പഠിപ്പിച്ചിട്ടല്ലല്ലോ. ബിസിനസില്‍ ഏറ്റവും മികച്ചതായി ആര് അവസരങ്ങളിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വിജയം.

ഒരു പ്രശ്‌നമുണ്ടെങ്കില്‍ അതിന് പരിഹാരവും അവിടെ തന്നെയുണ്ടാകാം. എന്നാല്‍ അത് ചാരംമൂടി കിടക്കുന്നതുകൊണ്ട് ആരും തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. ഉദാഹരണത്തിന് പിപിഇ കിറ്റുകളുടെ ലോകത്തിലെ രണ്ടാമത്തെ നിര്‍മാതാക്കളായി മാറിക്കഴിഞ്ഞു ഇന്ത്യ. ഇതിനുമുമ്പ് ഇത് ഇന്ത്യയില്‍ ഉണ്ടാക്കിയിട്ടേയില്ലായിരുന്നു. പിപിഇ കിറ്റ് ഉപയോഗിക്കാന്‍ തന്നെ പഠിപ്പിച്ചിരുന്നില്ലെന്ന് നേഴ്‌സുമാര്‍ പറയുന്നു. സംരംഭകര്‍ ചെറുകിടക്കാരായാലും വന്‍കിടക്കാരായാലും ഏത് മേഖലയില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകളായാലും ശരി, എല്ലാവരും പുതിയ കാലത്തിനായി മാറേണ്ടിവരും.

സംരംഭകര്‍ അവസരങ്ങള്‍ക്കായി കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുക. എന്തൊക്കെ ചെയ്യാനാകും എന്ന് തലപുകയ്ക്കുക. ഇപ്പോഴത്തെ രീതികളില്‍ നിന്ന് എത്തരത്തില്‍ മാറണമെന്ന് ചിന്തിക്കുക. ചിലപ്പോള്‍ നിലവിലുള്ള ബിസിനസ് തന്നെ നിര്‍ത്തി പുതിയത് തുടങ്ങേണ്ടിവരും. ഒന്നും ശ്വാശ്വതമല്ല.

ലോക്ഡൗണ്‍ പുതിയ കാര്യങ്ങള്‍ പഠിപ്പിച്ചു

ലോക്ഡൗണ്‍ കാലഘട്ടം മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തിയവര്‍ക്ക് വീട്ടില്‍ തന്നെ ഇരിക്കേണ്ടിവന്നതിന്റെ മുഷിച്ചില്‍ ഉണ്ടായിട്ടില്ല. ഈയൊരു കാലഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ വെബിനാറുകള്‍ നടന്നത്. വിഗാര്‍ഡിലെ തന്നെ എല്ലായിടത്തുമുള്ള എക്‌സിക്യൂട്ടിവുകളും തന്നെ പങ്കെടുത്ത വലിയൊരു വെബിനാര്‍ നടത്താന്‍ കഴിഞ്ഞത് ഇപ്പോഴാണ്. ഇതുവരെ അത്തരത്തില്‍ വിപുലമായതൊന്ന് നടത്തിയിട്ടുണ്ടായിരുന്നില്ല. അതുപോലെ അകന്ന ബന്ധുക്കളെപ്പോലും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കുടുംബയോഗങ്ങള്‍ ആദ്യമായി നടത്തി. ഈ സാങ്കേതികവിദ്യകളൊക്കെ ഇവിടെ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും നമ്മള്‍ അതൊന്നും ഇത്രത്തോളം ഉപയോഗിച്ചിട്ടുണ്ടായിരുന്നില്ല. ഓഫീസിലായിരുന്നപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിന് സെക്രട്ടറി എല്ലാം സെറ്റ് ചെയ്ത് തരുമ്പോള്‍ പോയി ഇരിക്കുമെന്നല്ലാതെ മറ്റൊന്നും അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ലോക്ഡൗണ്‍ വന്നപ്പോള്‍ എല്ലാം തനിയെ ചെയ്തുപഠിച്ചു. ആദ്യത്തെ ചില വെബിനാറുകളിലെ വീഡിയോ പ്രസന്‍സ് അത്ര മികച്ചതായിരുന്നില്ലെന്ന് എനിക്കുതന്നെ മനസിലായി. അതുകൊണ്ട് ബാക്ഗ്രൗണ്ട് മികച്ചതാക്കി, രാത്രി പത്തുമണിയാണെങ്കിലും നല്ല വെളിച്ചം കിട്ടുന്ന വിധത്തില്‍ ലൈറ്റുകള്‍ പിടിപ്പിച്ചു... ഒരു മുറി വെബിനാറിനായി ഒരുക്കി. എന്നാല്‍ പലരും അക്കാര്യത്തില്‍ അത്ര ശ്രദ്ധ കൊടുക്കാത്തതുകൊണ്ട് വീഡിയോ പലപ്പോഴും വ്യക്തമാകാറില്ല. ഇത്തരം കാര്യങ്ങള്‍ ഈ പ്രായത്തിലും എല്ലാവര്‍ക്കും ചെയ്യാനാകും. ചെറുതെന്ന് തോന്നുമെങ്കിലും എല്ലാത്തിനെയും അതിന്റേതായ പ്രാധാന്യമുണ്ട്.

കേരളത്തിനും അവസരമുണ്ട്

ഒരു ദിവസം 2500ഓളം ട്രക്കുകളാണ് ഈ കോവിഡ് സമയത്തും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. അതിര്‍ത്തികടന്നുവരുന്ന ഈ നിത്യോപയോഗ സാധനങ്ങളില്‍ എത്രമാത്രം നമുക്ക് ഇവിടെ ഉല്‍പ്പാദിപ്പിക്കാനാകും. അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന നാം ഇത്രയും നാള്‍ കഴിച്ചുകൊണ്ടിരുന്ന മല്‍സ്യം ആന്ധ്രയില്‍ നിന്ന് വരുന്നതാണെന്ന് നാം ഈ സാഹചര്യത്തിലല്ലേ നാം മനസിലാക്കിയത്. കടലില്‍പ്പോയി അധികകാലം മീന്‍പിടിക്കാനാകില്ല. മല്‍സ്യകൃഷി നടത്തുന്ന ഫാമുകള്‍ക്ക് പ്രസക്തിയേറും. ആട്, കോഴി, പോത്ത് തുടങ്ങിയ വിവിധതരം ഇറച്ചികള്‍, മുട്ട എന്നിവയുടെയെല്ലാം ഡിമാന്റ് കൂടുന്നതല്ലാതെ കുറയുന്നില്ലല്ലോ. പാലുല്‍പ്പാദനം ആവശ്യത്തിന് ആയെങ്കിലും അതില്‍ നിന്ന് മൂല്യവല്‍ക്കരണ ഉല്‍പ്പന്നങ്ങള്‍ക്കുള്ള സാധ്യതകള്‍ നാം കാര്യമായി പ്രയോജനപ്പെടുത്തിയിട്ടില്ല. എനിക്ക് പരിചയമുള്ള, അമേരിക്കയില്‍ ഐടി കമ്പനി നടത്തിക്കൊണ്ടിരുന്നവര്‍ തിരിച്ചുവന്ന് കര്‍ണ്ണാടകയില്‍ സ്ഥലം എടുത്ത് അവിടെ ഫാമിംഗ് നടത്തുന്നു. ആട്, പശു, കോഴി, പന്നി തുടങ്ങിയ മൃഗങ്ങളെയെല്ലാം വളരെ ശാസ്ത്രീയമായി വളര്‍ത്തുന്നു.

സംസ്ഥാനത്തിന്റെ കാര്യത്തിലും ആര് ആദ്യം മുന്നോട്ടുവരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നേട്ടമുണ്ടാക്കാനാകുന്നത്. മറ്റു സംസ്ഥാനങ്ങള്‍ ഇപ്പോഴേ തന്നെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള വാഗ്ദാനങ്ങള്‍ തുടങ്ങി. ഇനി ലോകം നൂറ് ശതമാനം ചൈനയെ ആശ്രയിക്കുന്ന രീതി മാറും. അതിന്റെ മുഴുവനും ഇന്ത്യക്ക് കിട്ടണമെന്നില്ല. വിയറ്റ്‌നാം, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുറച്ച് ബിസിനസുകള്‍ പോകുമെങ്കിലും ഇന്ത്യ ഒരു മാനുഫാക്ചറിംഗ് ഹബ് ആയി മാറുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. അതിന്റെ കുറച്ചെങ്കിലും അവസരം കേരളത്തിന് കിട്ടുമെന്നും പ്രത്യാശിക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT