Managing Business

ഏതുതരം ബിസിനസ്സുകാരനാണ് നിങ്ങള്‍?

നിങ്ങള്‍ ഈ വിഭാഗത്തില്‍ പെടുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഭാഗ്യവാന്മാരാണ്

Siju Rajan

ഏതൊരു ബിസിനസും വിജയിക്കുന്നതിന്റെയും പരാജയപ്പെടുന്നതിന്റെയും പ്രധാന കാരണം എന്താണ്? മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍? ബിസിനസ്സ് ആശയം? തൊഴിലാളികള്‍? സാമ്പത്തികം? ഇവയെല്ലാം പ്രധാനപ്പെട്ടതാണെങ്കിലും ഇവക്കെല്ലാത്തിനും ഉപരിയായി സംരംഭകന്റെ സ്വഭാവം ഇതിന് പങ്കുവഹിക്കുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട പല ലേഖനങ്ങള്‍ നിങ്ങള്‍ വായിച്ചുകാണും. എന്നാല്‍ ഈ ലേഖനം വായിച്ച് നിങ്ങള്‍ നിങ്ങളെത്തന്നെ വിലയിരുത്തണം. പ്രധാനമായും 3 തരം സംരംഭകരെയാണ് കാണാന്‍ കഴിയുക.

1. Born entrepreneur: ഇത്തരം ആളുകളുടെ മുന്നില്‍ മറ്റൊന്നും ഉണ്ടാവുകയില്ല, ബിസിനസ്സ് അല്ലാതെ. എന്തുതന്നെ സംഭവിച്ചാലും ഇവര്‍ ബിസിനസിന് മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ, ബിസിനസ്സ് വളര്‍ത്താന്‍ അറിയേണ്ടവ മാത്രമേ പഠിക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കാറുള്ളൂ. ബിസിനസ്സ് വഴി എത്രമാത്രം പണം ഉണ്ടാക്കാന്‍ കഴിയുമോ അത് ഉണ്ടാക്കുകയും, തന്നെ അറിയുന്ന തനിക്കു അറിയുന്ന ആളുകളെ തന്റെ ബിസിനസ്സിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുകയും ചെയ്യും. വലിയ ലാഭം അല്ലെങ്കില്‍ വലിയ നഷ്ടം- ഇതായിരിക്കും അവര്‍ ബിസിനസ്സ് വഴി നേടുന്നത്. അതിനാല്‍ തന്നെ ലാഭം എവിടെ ലഭിക്കുന്നോ ആ ബിസിനസ്സ് ആയിരിക്കും അവര്‍ ചെയ്യുക.

2. Opportunity-led entrepreneurs: സാധ്യതകളായിരിക്കും ഇവരെ ആവേശത്തിലാക്കുന്നത്, അതായിരിക്കും ഇവരെ മുന്നോട്ടേക്ക് നയിക്കുന്നതും. പ്രഥമ പരിഗണന നല്‍കുന്നത് പണം ഉണ്ടാക്കുന്നതിലായിരിക്കുകയില്ല, ഇവര്‍ക്ക് ആവേശം ഉണ്ടാക്കുന്ന കാര്യം ചെയ്യുന്നതിലയിരിക്കും ശ്രദ്ധ ചെലുത്തുന്നത്. പണം കൊണ്ട് ഇവരെ കീഴ്‌പ്പെടുത്താന്‍ കഴിയില്ല. പണം കൂടുതല്‍ ഉണ്ടാക്കാം എന്ന് വിചാരിച്ചുമാത്രം പുതിയ ബിസിനസ്സിലേക്ക് എടുത്തു ചാടുകയില്ല. എന്നുവച്ച് ആവേശത്തിന്റെ പുറത്ത് ബിസിനസ്സിലേക്ക് കടക്കുന്നവരുമല്ല ഇത്തരക്കാര്‍. സാധ്യതകളെ കുറിച്ച് വ്യക്തമായി പഠിച്ച് അത് തന്നെ വളര്‍ത്താന്‍ സാധ്യതയുള്ളതാണെന്ന് ഉറപ്പ് വരുത്തിയശേഷം മാത്രമേ ബിസിനസ്സിലേക്ക് കടക്കുകയുള്ളൂ. മുന്നില്‍ എത്ര വലിയ സാധ്യത വന്നാലും അത് തന്റെ പാഷന് ചേര്‍ന്നതല്ല എങ്കില്‍ 'No' എന്ന് പറയുന്നതരം ആളുകളാണ് ഈക്കൂട്ടര്‍.

3. Opportunistic folks: ചിലരെ കണ്ടിട്ടില്ലേ ജോലിയിലെ വരുമാനം പോര എന്ന് തോന്നുമ്പോള്‍ ബിസിനസ്സിലേക്ക് കടക്കുന്നത്. ആ കൂട്ടരാണ് ഈക്കൂട്ടര്‍. ഇവര്‍ എല്ലാ മേഖലയിലും കാലുവയ്ക്കും. അതില്‍ മറ്റുള്ളതിനെ അപേക്ഷിച്ച് കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ കഴിയുന്ന മേഖലയെ കേന്ദ്രീകരിക്കും. മുന്നില്‍ 2 സാധ്യത ഉണ്ടെങ്കില്‍ അതില്‍ ഒന്ന് തിരഞ്ഞെടുക്കാനുള്ള കാരണം അതില്‍നിന്നും കിട്ടുന്ന അധിക വരുമാനം മാത്രമായിരിക്കും. ഒന്നിനും ഒരു സ്ഥിരത ഉണ്ടാവുകയില്ല. ബിസിനസ്സ് നടത്തുന്നതിന്റെ ഇടയില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന ഒരു ജോലി ലഭിച്ചാല്‍ ബിസിനസ്സ് ഉപേക്ഷിച്ച് ജോലിയിലേക്ക് കടക്കും. പിന്നീട് അതിലും മികച്ച സാധ്യത ബിസിനസ്സില്‍ കണ്ടാല്‍ ഒന്നും ആലോചിക്കാതെ ബിസിനസ്സിന്റെ പാത സ്വീകരിക്കും. ഇത്തരക്കാര്‍ പലപ്പോഴും പറയാറുള്ളത് പാഷന്‍ കാരണമാണ് ബിസിനസ്സ് ചെയ്യുന്നത് എന്ന്. എന്നാല്‍ പാഷന്‍ അല്ല ഇവരെനയിക്കുന്നത്, മറിച്ച് പണമാണ്.

ഇതില്‍ ഏത് രീതിയിലുള്ള ബിസിനസ്സ്‌കാരണാണ് നിങ്ങള്‍ എങ്കിലും അത് പ്രശ്‌നമുള്ള കാര്യമല്ല. എന്നാല്‍ രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്ന ബിസിനസ്സ്‌കാരായിരിക്കും ജീവിതം ആസ്വദിക്കുന്നത്. ഇവരെ സംബന്ധിച്ചിടത്തോളം ബിസിനസും ജീവിതവും വെവേറെയല്ല. ഏറ്റവും ഇഷ്‌പ്പെടുന്ന കാര്യമായിരിക്കും ബിസിനസ്സായി ചെയ്യുന്നത്. അതുതന്നെയല്ലേ ഏറ്റവും വലിയ ഭാഗ്യം? ജീവിക്കുന്നിടത്തോളം കാലം ഇഷ്ടപെടുന്ന കാര്യം ചെയ്ത്, അല്ലെങ്കില്‍ ചെയ്യുന്ന കാര്യം ഇഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് നയിക്കാന്‍ കഴിയുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. എന്നാല്‍ പലര്‍ക്കും പല സാഹചര്യങ്ങളാലും അതിന് കഴിയാറില്ല എന്നതാണ് വാസ്തവം. അതിനാല്‍ കഷ്ടപെട്ട് ചിലര്‍ പണി എടുക്കുന്നു; എന്നാല്‍ ചലരാകട്ടെ ഇഷ്ടപെട്ട പണി എടുക്കുന്നു. ഒന്നോര്‍ക്കുക പണം ഒരിക്കലും ഒരാളെയും പൂര്‍ണമായി തൃപ്തിപ്പെടുത്തിയിട്ടില്ല.

( BRANDisam LLP യുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍.www.sijurajan.com , +91 8281868299 )

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT