പലരും വിശേഷിപ്പിക്കുന്നതു പോലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗോള വ്യാപാര യുദ്ധം തുടങ്ങിയതോടെ എനിക്കറിയാവുന്ന ബിസിനസുകാരെല്ലാം ലോക സമ്പദ്വ്യവസ്ഥയുടെ ഭാവിയെ കുറിച്ച് ആശങ്കാകുലരാണ്.
ആഗോളതലത്തില്‍ എന്താണ് സംഭവിക്കുന്നതെന്നും അതെങ്ങനെ സംഭവിക്കുന്നു എന്നും അറിഞ്ഞിരിക്കുകയെന്നത് ഏതൊരു ബിസിനസുകാരനെ സംബന്ധിച്ചും വളരെ പ്രധാനമാണ്. ഭാവിയിലെ നിലനില്‍പ്പും വിജയവും ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വരാനിരിക്കുന്ന സാഹചര്യങ്ങളെ കുറിച്ച് പ്രവചിക്കാനും അവര്‍ക്ക് കഴിയണം. എന്റെ പല ക്ലയ്ന്റുകളും ഈ പ്രശ്‌നങ്ങളെ കുറിച്ച് എന്നോട് ചോദിക്കാറുണ്ട്. അത് മനസിലാക്കുന്നതിന് വേണ്ടി ഞാന്‍ ഒരു ആഗോള പ്രവചന മാതൃക (Global Prediction Model)ഉണ്ടാക്കിയിട്ടുണ്ട്. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്നും മനസിലാക്കാനും ഭാവി സാഹചര്യങ്ങളുടെ സാധ്യതകള്‍ പ്രവചിക്കാനും ആ മാതൃക എന്നെ സഹായിക്കുന്നു.
ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന യുഎസ് നയങ്ങളാണ് ഭൂരിഭാഗം മാറ്റങ്ങള്‍ക്കും പിന്നില്‍ എന്നതിനാല്‍ ഈ മാതൃകയില്‍ ഞാന്‍ യുഎസ് കേന്ദ്രീകൃതമായ കാഴ്ചപ്പാടാണ് സ്വീകരിച്ചിരിക്കുന്നത്. മുന്‍ ലേഖനങ്ങളില്‍ മഹാശക്തികളുടെ ചാക്രിക മാറ്റം (Great Power Cycle), ഉയര്‍ന്ന യുഎസ് കറന്റ് അക്കൗണ്ട് കമ്മി (High US Current Account Deficit), ആഗോള ജിഡിപിയിലെ യുഎസ് വിഹിതത്തിലെ ഇടിവ് (Drop in US share of World GDP), ചൈനയുടെ ഉദയം (Rise of China), യുഎസിന്റെ വര്‍ധിച്ചു വരുന്ന ധനക്കമ്മി (Increasing Fiscal Deficit of US), യുഎസില്‍ അസമത്വത്തിന്റെ ഉദയം എന്നിവയെ കുറിച്ച് വിശദമാക്കിയിട്ടുണ്ട്.
ചിത്രം ഒന്നിലെ ആഗോള പ്രവചന മാതൃകയുടെ കാരണങ്ങളുടെ ഭാഗത്ത് കാണിച്ചിരിക്കുന്ന യുഎസിലെ വോക്ക് സംസ്‌കാരത്തിന്റെ ഉയര്‍ച്ചയെ കുറിച്ചാണ് ഈ ലക്കത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
സാമൂഹിക അനീതികള്‍ക്കെതിരെ, പ്രത്യേകിച്ച് വംശീയതയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തുക എന്നതിനെയാണ് വോക്ക് എന്ന വാക്ക് തുടക്കത്തില്‍ അര്‍ത്ഥമാക്കിയത്. കാലക്രമേണ സ്വത്വ രാഷ്ട്രീയം, എല്ലാവരെയും ഉള്‍ക്കൊള്ളല്‍, പുരോഗമന മൂല്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിശാലമായ സാംസ്‌കാരിക പ്രസ്ഥാനമായി ഇത് പരിണമിച്ചു. ഇന്ന് വോക്ക് കള്‍ചര്‍ എന്നാല്‍ ലിംഗ സ്വത്വം, ക്ലൈമറ്റ് ആക്ടിവിസം, വംശീയ സമത്വം, മുതലാളിത്ത വിരുദ്ധ വികാരങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തിലേക്കുള്ള പോസിറ്റീവ് മാറ്റമായാണ് പലരും ഇതിനെ കാണുന്നതെങ്കിലും യാഥാസ്ഥിതികരും ബിസിനസ് സമൂഹവുമെല്ലാം സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍, വിദ്യാഭ്യാസം, കോര്‍പ്പറേറ്റ് പെരുമാറ്റ രീതി തുടങ്ങിയവയെ ഉടച്ചുവാര്‍ക്കുന്ന വിനാശകരമായ ശക്തിയായി ഇതിനെ പരിഗണിക്കുന്നു.
വോക്ക് കള്‍ചറിന്റെ ഉദയത്തിന് പിന്നില്‍ നിരവധി അടിസ്ഥാന ഘടകങ്ങളുണ്ട്.
ജനസംഖ്യയിലെ മാറ്റം: മുന്‍ തലമുറയെ അപേക്ഷിച്ച് യുവതലമുറകള്‍ (മില്ലേനിയല്‍സും ജെന്‍സീയും) കൂടുതല്‍ പുരോഗമനപരവും വൈവിധ്യത ഉള്‍ക്കൊള്ളുന്നവരുമാണ്.
സോഷ്യല്‍ മീഡിയയുടെ വര്‍ധിച്ച പ്രചാരം: ട്വിറ്റര്‍, ടിക്ടോക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ പുരോഗമന ആശയങ്ങള്‍ വേഗത്തില്‍ പ്രചരിപ്പിക്കുകയും വിയോജിപ്പുള്ള കാഴ്ചപ്പാടുകള്‍ റദ്ദാക്കുകയും ചെയ്യുന്നു.
അക്കാദമിക് സ്വാധീനം: വിമര്‍ശനാത്മക വംശീയ സിദ്ധാന്തം, ജെന്‍ഡര്‍ സ്റ്റഡീസ്, കൊളോണിയല്‍ അനന്തര വിവരണങ്ങള്‍ തുടങ്ങിയവയിലൂടെ സര്‍വകലാശാലകള്‍ പുരോഗമന ചിന്തയെ പ്രോത്സാഹിപ്പിക്കുന്നു.
കോര്‍പ്പറേറ്റ് സിംഗ്നലിംഗ്: യുവ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും തിരിച്ചടി ലഭിക്കാതിരിക്കാനുമായി കമ്പനികള്‍ വോക്കിനെ പിന്താങ്ങുന്നു.
ബിസിനസ് നായകര്‍ക്ക് വോക്ക് കള്‍ച്ചര്‍ ഒരേസമയം അവസരങ്ങളും റിസ്‌കും നല്‍കുന്നു.
ബ്രാന്‍ഡ് റിസ്‌ക്: പുരോഗമന മൂല്യങ്ങള്‍ക്ക് എതിരാകുന്നത് ബഹിഷ്‌കരണത്തിലേക്കോ സല്‍പ്പേരിന് കളങ്കം സംഭവിക്കുന്നതിലേക്കോ നയിക്കും.
തൊഴില്‍സേനയുടെ ഊര്‍ജസ്വലത: പ്രായം കുറഞ്ഞ തൊഴിലാളികളില്‍ എല്ലാതരം ആളുകളെയും സമൂഹ്യഉത്തരവാദിത്തവും പ്രതീക്ഷിക്കുന്നു.
റെഗുലേറ്ററി സമ്മര്‍ദ്ദം: ഇഎസ്ജി പാലിക്കലും ഡൈവേഴ്‌സിറ്റി മാന്‍ഡേറ്റ്‌സും വര്‍ധിച്ചു വരുന്നു.
ധ്രുവീകരണം: ഒരു കാര്യത്തെ പിന്തുണക്കുന്നതിലൂടെ മറ്റൊരു ഉപഭോക്തൃ വിഭാഗം അകന്നു നിന്നേക്കാം.
വോക്ക് സംസ്‌കാരത്തിന്റെ ഉയര്‍ച്ച വോക്ക് വിരുദ്ധ തരംഗമായി എതിര്‍പ്രവര്‍ത്തനം ഉയര്‍ന്നു വരുന്നതിന് കാരണമായി. ഇതാണ് മാഗ പ്രസ്ഥാനത്തിന്റെ ഉദയത്തിനും ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ പുനരുജ്ജീവനത്തിനും ശക്തിപകര്‍ന്നത്.
പല അമേരിക്കക്കാരും പ്രത്യേകിച്ച് ഗ്രാമീണ, തൊഴിലാളി സമൂഹം പെട്ടെന്നുള്ള സാംസ്‌കാരിക മാറ്റവുമായി പൊരുത്തപ്പെടാന്‍ തയാറായില്ല. വോക്ക് നയങ്ങള്‍ വരേണ്യ വര്‍ഗം നിയന്ത്രിക്കുന്നതും ഭിന്നിപ്പിക്കുന്നതും വീട് നിര്‍മാണം, ആരോഗ്യ സംരക്ഷണം, തൊഴില്‍ സുരക്ഷ തുടങ്ങിയ ദൈനംദിന പ്രശ്‌നങ്ങളുമായി ബന്ധമില്ലാത്തതുമാണെന്ന് അവര്‍ കരുതുന്നു.
വോക്ക് വിരുദ്ധ അമേരിക്കയുടെ സ്വയം പ്രഖ്യാപിത ചാമ്പ്യനായി കരുതുന്ന ഡൊണാള്‍ഡ് ട്രംപ് ചില വാഗ്ദാനങ്ങള്‍ നല്‍കുന്നു.
* പരമ്പരാഗത മൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക.
* വോക്കിനെ കുറിച്ച് സ്‌കൂളുകളിലും മിലിറ്ററിയിലും പഠിപ്പിക്കുന്നത് അവസാനിപ്പിക്കുക.
* സോഷ്യല്‍ മീഡിയ അടക്കമുള്ളവയിലൂടെ നടത്തുന്ന സാംസ്‌കാരിക ദുഷ്പ്രചരണങ്ങളില്‍ നിന്ന് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക.
* ആഗോള അജണ്ടകളേക്കാള്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.സാംസ്‌കാരിക അധിനിവേശത്തിന് ഇരയായവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ വോട്ടര്‍മാരില്‍ ഈ സന്ദേശം വലിയ സ്വാധീനം ചെലുത്തി. ഇത് ട്രംപിന്റെ ഉയര്‍ച്ചയ്ക്ക് ഇന്ധനമേകുകയും മാഗയെ പിന്തിരിപ്പന്‍ സാംസ്‌കാരിക പ്രസ്ഥാനമായി ഉറപ്പിക്കുകയും ചെയ്തു.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്ന് വോക്ക് നയങ്ങള്‍ ഉന്മൂലനം ചെയ്യുക എന്നതാണ് മാഗ പ്രസ്ഥാനത്തിന്റെ പ്രധാന അജണ്ട. അവയില്‍ ചിലത് നോക്കാം.
* സര്‍ക്കാര്‍ ഏജന്‍സികളിലും പൊതു വിദ്യാലയങ്ങളിലും ഡിഇഐ പരിപാടികള്‍ നിരോധിക്കുക.
* കോര്‍പ്പറേറ്റ് ഭരണത്തില്‍ ഇഎസ്ജി നിര്‍ബന്ധമാക്കിയത് പിന്‍വലിക്കല്‍.
* കടുത്ത വംശീയ സിദ്ധാന്തം പ്രോത്സാഹിപ്പിക്കുന്ന അക്കാദമിക് സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം നിഷേധിക്കല്‍.
* സ്വത്വ രാഷ്ട്രീയത്തേക്കാള്‍ ലാഭക്ഷമതയിലും മെറിറ്റോക്രസിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കോര്‍പ്പറേഷനുകളെ പ്രോത്സാഹിപ്പിക്കുന്നു.
* പ്രത്യയശാസ്ത്ര പരമായ പക്ഷപാതിത്വം ഇല്ലാതാക്കുന്നതിനായി നിയമന, പരിശീലന നയങ്ങള്‍ പുനഃക്രമീകരിക്കുന്നു.
എക്‌സിക്യുട്ടീവ് ഓര്‍ഡറുകള്‍, സ്റ്റേറ്റ് ലെവല്‍ നിയമനിര്‍മാണം, കോര്‍പ്പറേഷനുകളിലും സര്‍വകലാശാലകളിലും രാഷ്ട്രീയ സമ്മര്‍ദ്ദം എന്നിവയിലൂടെയാണ് ഈ അജണ്ട നടപ്പിലാക്കുന്നത്.
പുതിയതും പ്രധാനപ്പെട്ടതുമായ ഒരു ജനസംഖ്യാപരമായ കാര്യം ഉയര്‍ന്നുവന്നിരിക്കുന്നു; വോക്ക് വിരുദ്ധ നയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന കന്നി വോട്ടര്‍മാര്‍. ഇവരില്‍ പലരും ചെറുപ്പക്കാരാണ്.
* വിദ്യാഭ്യാസ സമ്പ്രദായം പ്രത്യയശാസ്ത്ര അജïകള്‍ മുന്നില്‍ വെയ്ക്കുന്നതായി കരുതുന്നവര്‍.
* ഭവന നിര്‍മാണം, ആരോഗ്യ സംരക്ഷണം, കുടുംബ ജീവിതം എന്നിവ കയ്യിലൊതുങ്ങുന്നതാക്കാന്‍ പാടുപെടുന്നവര്‍.
* ആഭ്യന്തര ആവശ്യങ്ങളേക്കാള്‍ വിദേശ സഹായത്തിനും ആഗോള ലക്ഷ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കപ്പെടുന്നു എന്ന് വിശ്വസിക്കുന്നവര്‍.
* മുഖ്യധാരാ മാധ്യമങ്ങളെയും സ്ഥാപനങ്ങള്‍ നല്‍കുന്ന വിവരങ്ങളെയും സംശയത്തോടെ കാണുന്നവര്‍.
അവരില്‍ പലരും ട്രംപിനോ വ്യവസ്ഥകളെ എതിര്‍ക്കുന്ന സൊഹ്‌റാന്‍ മംദാനി (ന്യൂയോക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി)ക്കോ വോട്ട് ചെയ്യുന്നത് കേവലം രാഷ്ട്രീയം മാത്രമല്ല, വ്യക്തിപരം കൂടിയാണ്. ഡീപ് സ്റ്റേറ്റിനെ പൊളിച്ചെറിയുമെന്നും വിദേശ യുദ്ധങ്ങള്‍ വേണ്ടന്ന് വെയ്ക്കുമെന്നും സാധാരണ അമേരിക്കക്കാരുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും ഉറപ്പു നല്‍കുന്ന നേതാക്കളെയാണ് അവര്‍ക്ക് വേണ്ടത്.
പരമ്പരാഗതമായ പാര്‍ട്ടി കൂറിനേക്കാള്‍ സാംസ്‌കാരിക സ്വത്വവും സാമ്പത്തിക നിരാശയും വോട്ടിംഗ് പെരുമാറ്റത്തെ നയിക്കുന്ന അമേരിക്കന്‍ രാഷ്ട്രീയത്തിലെ വഴിത്തിരിവാണ് ഈ മാറ്റം.
ആഗോള പ്രവചന മാതൃകയെ കുറിച്ചുള്ള കൂടുതല്‍ വിശദീകരണം അടുത്ത ലക്കത്തില്‍.
ധനം മാഗസീനില്‍ 2025 സെപ്റ്റംബര്‍ 30 ലക്കം പ്രസിദ്ധീകരിച്ചത്
An in-depth look at the rise of woke culture, MAGA backlash, and their global business and economic implications.
Read DhanamOnline in English
Subscribe to Dhanam Magazine