ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന ഭേദഗതികളാണ് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിച്ചിരിക്കുന്നത്. സബ്കാ ബിമാ സബ്കി രക്ഷാ എന്ന ബില്ലിന് അംഗീകാരം നല്കിയതു വഴി ഇന്‍ഷുറന്‍സ് രംഗത്ത് കൂടുതല്‍ കമ്പനികളുടെ കടന്നുവരവിന് വഴിയൊരുക്കും. ഉപയോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. രാജ്യസഭ കൂടി അംഗീകാരം നല്കുന്നതോടെ ഭേദഗതികള്‍ നിയമമായി മാറും.
ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചതാണ് പുതിയ ബില്ലിന്റെ കാതലായ മാറ്റം. 2047ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നയം. നിലവിലുള്ള ഇന്‍ഷുറന്‍സ് കമ്പനികളെ കൊണ്ട് മാത്രം ആ നേട്ടത്തിലേക്ക് എത്താമെന്ന് സര്‍ക്കാരിന് ബോധ്യമില്ല. നിലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത് ജനസംഖ്യയുടെ ചെറിയ ശതമാനത്തിന് മാത്രമാണ്.
കുടുതല്‍ പേരിലേക്ക് ഇന്‍ഷുറന്‍സ് കവറേജ് എത്തിക്കാന്‍ കൂടുതല്‍ കമ്പനികള്‍ വരണം. ഇത് നടക്കണമെങ്കില്‍ വിദേശ കമ്പനികള്‍ കടന്നുവരണം. വിപണി പൂര്‍ണമായി തുറന്നു കൊടുക്കുന്നതിലൂടെ വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ പങ്കാളികളില്ലാതെ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെങ്കിലും സുപ്രധാന റോളുകളില്‍ ഇന്ത്യക്കാര്‍ തന്നെയായിരിക്കണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
മൂലധന ലഭ്യത വര്‍ധിക്കും
വിദേശ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പൂര്‍ണ ഉടമസ്ഥതയോടെ ഇന്ത്യയിലെ വിപണിയില്‍ പ്രവര്‍ത്തിക്കാനാകുന്നതിനാല്‍ കൂടുതല്‍ മൂലധനം മേഖലയിലേക്ക് ഒഴുകും. ഇതിലൂടെ കമ്പനികളുടെ സാമ്പത്തികശക്തി വര്‍ധിക്കുകയും വലിയ റിസ്‌കുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി മെച്ചപ്പെടുകയും ചെയ്യും.
കൂടുതല്‍ മത്സരം
പുതിയ വിദേശ കമ്പനികള്‍ എത്തുന്നതോടെ മത്സരം കടുപ്പിക്കും. നിലവിലെ ഇന്‍ഷുറന്‍സ് കമ്പനികളും സേവന നിലവാരം ഉയര്‍ത്താനും ചെലവ് കുറയ്ക്കാനും നിര്‍ബന്ധിതരാകും. പോളിസികളുടെ ചെലവ് കുറയുന്നത് ഉപയോക്താക്കള്‍ക്കും നേട്ടമാകും.
ടെക്നോളജിക്ക് പ്രാധാന്യം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്സ്, ഡിജിറ്റല്‍ ക്ലെയിം സെറ്റില്‍മെന്റ് തുടങ്ങിയ ആധുനിക രീതികള്‍ക്ക് പ്രാമുഖ്യം ലഭിക്കും. പോളിസി വാങ്ങല്‍, പുതുക്കല്‍, ക്ലെയിം നടപടികള്‍ കൂടുതല്‍ വേഗത്തിലും സുതാര്യമായും മാറും.
ആഗോള ഇന്‍ഷുറന്‍സ് അനുഭവം
ആഗോള ഇന്‍ഷുറന്‍സ് രീതികള്‍ ഇന്ത്യയിലേക്ക് എത്തും. സൈബര്‍ ഇന്‍ഷുറന്‍സ്, മൈക്രോ ഇന്‍ഷുറന്‍സ്, കസ്റ്റമൈസ്ഡ് ഹെല്‍ത്ത് പ്ലാനുകള്‍, ദീര്‍ഘകാല റിട്ടയര്‍മെന്റ് ഉത്പന്നങ്ങള്‍ തുടങ്ങിയവ കൂടുതല്‍ ലഭ്യമാകും.
കുറഞ്ഞ പ്രീമിയവും കൂടുതല്‍ ഓപ്ഷനുകളും
മത്സരം കൂടുന്നതോടെ പ്രീമിയത്തില്‍ മത്സരം മുറുകും. ഒരേ കവറേജിന് കുറവ് ചെലവില്‍ കൂടുതല്‍ ഓപ്ഷനുകള്‍ ലഭിക്കും. ഉപയോക്താക്കള്‍ക്ക് ഇത് കൂടുതല്‍ മികച്ച തിരഞ്ഞെടുപ്പിന് വഴിയൊരുക്കും.
വേഗത്തിലുള്ള ക്ലെയിം സെറ്റില്‍മെന്റ്
ഡിജിറ്റല്‍ സംവിധാനങ്ങള്‍ വരുന്നതോടെ ക്ലെയിം തീര്‍പ്പാക്കല്‍ സമയമെടുത്ത് നീളുന്ന പ്രശ്നങ്ങള്‍ കുറയും.
വിദേശ നിക്ഷേപം വര്‍ധിച്ചാലും IRDAI പോലുള്ള റെഗുലേറ്ററി ഏജന്‍സികളുടെ നിയന്ത്രണം തുടരും. അതിനാല്‍ പോളിസി ഉടമകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടും.
എല്‍.ഐ.സിയുടെ പ്രാധാന്യവും സുരക്ഷിതത്വവും ഒരുവിധത്തിലും ഇല്ലാതാകില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ മത്സരം കടുക്കുന്നത് എല്‍.ഐ.സിയുടെ വിപണി മേധാവിത്വത്തിന് തിരിച്ചടിയാകും.
Read DhanamOnline in English
Subscribe to Dhanam Magazine