അമേരിക്ക നാളെ സാക്ഷ്യംവഹിക്കുന്നത് കൂട്ട രാജിക്ക്. യുഎസ് ഫെഡറല്‍ സര്‍വീസില്‍ നിന്ന് ഒരു ലക്ഷം പേരാണ് ജോലി മതിയാക്കി പടിയിറങ്ങുന്നത്. സര്‍ക്കാര്‍ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കൊണ്ടുവന്ന സ്വയം വിരമിക്കല്‍ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും പേര്‍ ജോലി മതിയാക്കുന്നത്.
രാജിവയ്ക്കുന്നവര്‍ക്ക് എട്ടു മാസത്തെ ശമ്പളം ലഭിക്കും. 1.30 ലക്ഷം കോടി രൂപ വിരമിക്കല്‍ ആനുകൂല്യം നല്കാന്‍ വേണ്ടിവരുമെന്നാണ് കണക്ക്. ഇത്രയും വലിയ ബാധ്യത വരുത്തിവയ്ക്കുന്നതിനെതിരേ ട്രംപിനെതിരേ വിമര്‍ശന ശരങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ പ്രസിഡന്റ് അതൊന്നും കാര്യമാക്കുന്നില്ല. സ്വയം വിരമിക്കലിലൂടെ പ്രതിവര്‍ഷം 2.5 ലക്ഷം കോടി രൂപ ഖജനാവിന് ലാഭമാണെന്ന വാദമാണ് എതിരാളികളെ നിശബ്ദമാക്കാന്‍ ട്രംപ് ഉപയോഗിക്കുന്നത്.
സ്വയംവിരമിക്കല്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ജീവനക്കാരുടെ എണ്ണത്തില്‍ 2.75 ലക്ഷം പേരുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള യുഎസ് ഫെഡറല്‍ ജീവനക്കാരുടെ ഏറ്റവും വലിയ പടിയിറക്കത്തിനാണ് യു.എസ് സാക്ഷ്യംവഹിക്കുന്നത്.
സ്വയം വിരമിക്കലെന്ന് പറയുമ്പോള്‍ പോലും പലരെയും നിര്‍ബന്ധപൂര്‍വം സര്‍വീസില്‍ നിന്ന് പുറത്താക്കുന്നുവെന്ന വാര്‍ത്തകളും വരുന്നുണ്ട്. ജോലിയില്‍ നിന്ന് പുറത്തു പോകുന്നവര്‍ ഇക്കാര്യം പരസ്യമാക്കാതെയിരിക്കാന്‍ ശ്രദ്ധിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. മറ്റൊരു ജോലി കിട്ടാനുള്ള സാധ്യത കുറയ്ക്കുമെന്നതും ഫെഡറല്‍ സര്‍വീസില്‍ തിരികെ കയറാമെന്ന പ്രതീക്ഷയുമാണ് ഇതിന് കാരണം.
അതേസമയം, ദുര്‍ബലമായ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് ഇത്രയും പേര്‍ കൂടി വരുന്നത് തൊഴില്‍ മേഖലയുടെ സമ്മര്‍ദ്ദം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം ഓഗസ്റ്റില്‍ തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനത്തിലേക്ക് എത്തിയിരുന്നു. 2021ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. ഇറക്കുമതി ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുന്നതിലൂടെ അമേരിക്കക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാല്‍ 22,000 പുതിയ തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കാനായത്.
രണ്ടാം ലോകമഹായുദ്ധ സമയത്ത് ഫെഡറല്‍ ജീവനക്കാരുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത് കുറച്ചിരുന്നു. 1945-46 വര്‍ഷമായിരുന്നു ഇത്. 1990ല്‍ ബില്‍ ക്ലിന്റണ്‍ ഭരണകൂടവും ജീവനക്കാരുടെ എണ്ണത്തില്‍ വലിയ കുറവ് വരുത്തിയിരുന്നു. അന്ന് 2.5 ലക്ഷം പേര്‍ക്കാണ് ജോലിയില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നത്. എന്നാലിത് അഞ്ചു വര്‍ഷം കൊണ്ടായിരുന്നു.
ആര്‍മി, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് നിര്‍ബന്ധിത സ്വയംവിരമിക്കലില്ല. 2024ന്റെ അവസാനം യുഎസ് ഫെഡറല്‍ ജീവനക്കാരുടെ എണ്ണം 23 ലക്ഷമായിരുന്നു. സെപ്റ്റംബര്‍ അവസാനത്തോടെ 21 ലക്ഷമായി കുറയുമെന്നാണ് നിഗമനം. ഈ വര്‍ഷം അവസാനത്തോടെ മൊത്തം ജീവനക്കാരുടെ 12 ശതമാനത്തിന് തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്ക്.
Read DhanamOnline in English
Subscribe to Dhanam Magazine