canva, infosys, hcl tech, tcs
News & Views

ആറ് മാസത്തില്‍ പുതുക്കേണ്ടത് ₹1,14,000 കോടിയുടെ കരാറുകള്‍, ട്രംപിന്റെ സ്വദേശി ഭീഷണിയില്‍ ഐ.ടി കമ്പനികള്‍ക്ക് നെഞ്ചിടിപ്പ്

ഐ.ടി സേവനങ്ങള്‍ക്ക് പുറം പണി കരാര്‍ നല്‍കുന്നതില്‍ നിന്ന് യു.എസ് കമ്പനികളെ ട്രംപ് വിലക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്

Dhanam News Desk

അടുത്ത ആറ് മാസത്തിനുള്ളില്‍ ഇന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനികള്‍ക്ക് 13 ബില്യന്‍ ഡോളറിന്റെ (ഏകദേശം 1,14,000 കോടി രൂപ) കരാറുകള്‍ പുതുക്കാനുണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ടാറ്റ കണ്‍സള്‍ട്ടന്‍സി, ഇന്‍ഫോസിസ്, എച്ച്.സി.എല്‍ ടെക്, വിപ്രോ അടക്കമുള്ള കമ്പനികള്‍ 14 ബില്യന്‍ ഡോളറിന്റെ (ഏകദേശം 1.22 ലക്ഷം കോടി രൂപ) കരാറുകള്‍ പുതുക്കിയെന്നും ദി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

2025ല്‍ ആകെ 20 ബില്യന്‍ ഡോളര്‍ (ഏകദേശം 1.75 ലക്ഷം കോടി രൂപ) മൂല്യമുള്ള കരാറുകളാണ് ഐ.ടി രംഗത്ത് പുതുക്കേണ്ടതെന്നാണ് റിപ്പോര്‍ട്ട്. യു.എസ് താരിഫും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സൃഷ്ടിച്ച അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഈ കരാറുകളുടെ പുതുക്കല്‍ കമ്പനികള്‍ക്കും ഇന്ത്യന്‍ സാമ്പത്തിക രംഗത്തിനും നിര്‍ണായകമാകും.

കരാറുകള്‍ ഇങ്ങനെ

2025ന്റെ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ കമ്പനികളുടെ 600 കരാറുകളെങ്കിലും പുതുക്കണമെന്നാണ് യു.എസ് ഗവേഷണ സ്ഥാപനമായ എവറസ്റ്റ് ഗ്രൂപ്പിന്റെ കണക്ക്. 175 മുതല്‍ 8,700 കോടി രൂപ വരെ മൂല്യമുള്ള കരാറുകളാണിത്. സ്റ്റാര്‍ അലയന്‍സും നീല്‍സനുമായുള്ള ടി.സി.എസിന്റെ കരാര്‍ ഇക്കൊല്ലം അവസാനിക്കും. ഡൈംലര്‍ എ.ജി, ജി.ഇ അപ്ലയന്‍സസ് എന്നീ കമ്പനികളുമായുള്ള വമ്പന്‍ കരാര്‍ ഇന്‍ഫോസിസിനും നിര്‍ണായകമാണ്. സ്വീഡനിലെ എറിക്‌സണ്‍ ഗ്രൂപ്പ്, യു.കെയിലെ ഇന്‍ഷുറന്‍സ് കമ്പനിയായ ചെസ്‌നാര തുടങ്ങിയവരുമായി എച്ച്.സി.എല്‍ ടെക്കിനും കരാര്‍ പുതുക്കേണ്ടതുണ്ട്. മറ്റൊരു കമ്പനിയായ വിപ്രോയുടെ ജര്‍മനിയിലെ ഇഓണ്‍, ഫിന്‍ലന്‍ഡിലെ ഫോര്‍ട്രം, ബ്രസീലിലെ പെട്രോബ്രാസ് തുടങ്ങിയവരുമായുള്ള കരാറും ഇക്കൊല്ലം അവസാനിക്കും.

തടസങ്ങള്‍ ഇനിയും ബാക്കി

ഐ.ടി മേഖലയില്‍ പ്രതിസന്ധി നിലനില്‍ക്കുന്നതും ഈ സാഹചര്യത്തില്‍ നിര്‍ണായകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഐ.ടി മേഖലയിലെ വളര്‍ച്ച ഒറ്റ അക്കത്തിലാണ്. യു.എസ് താരിഫ് പല മേഖലകളെയും ബാധിച്ചതോടെ ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക അസ്ഥിരതയും തിരിച്ചടിയാകും. പല ഐ.ടി കമ്പനികളും അടുത്തിടെ കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപിക്കുകയും ശമ്പള വര്‍ധന നിറുത്തുകയും ചെയ്തിരുന്നു.

ട്രംപിന്റെ സ്വദേശി നീക്കം

അതിനിടെ ഐ.ടി സേവനങ്ങള്‍ക്ക് പുറം പണി കരാര്‍ നല്‍കുന്നതില്‍ നിന്ന് യു.എസ് കമ്പനികളെ ട്രംപ് വിലക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.യു.എസ് കമ്പനികള്‍ സ്വന്തം മണ്ണില്‍ തന്നെ നിക്ഷേപം നടത്തണമെന്നും അമേരിക്കക്കാര്‍ക്ക് ജോലി നല്‍കണമെന്നുമാണ് ട്രംപിന്റെ നിലപാട്. ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് യു.എസ്. ഇവിടെ നിന്നുള്ള കരാറുകള്‍ നിലക്കുന്നത് ഐ.ടി മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. എന്നാല്‍ ഇന്ത്യ-യു.എസ് വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചതോടെ ഇക്കാര്യത്തിലും പരിഹാരമാകുമെന്നാണ് ഈ മേഖലയിലുള്ളവരുടെ പ്രതീക്ഷ.

Global IT contracts worth $13 billion are set for renewal in the coming months. Analysts expect Indian IT companies to compete aggressively for deals in cloud, digital, and AI services. Renewals could shape industry growth in 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT