Image Courtesy: x.com/TVC138 
News & Views

വിമാനത്താവള സ്റ്റൈലില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍; 393 കോടി രൂപയുടെ വികസന പദ്ധതി

റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ വരുമാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതികളും നവീകരണത്തില്‍ ഉള്‍പ്പെടുന്നുണ്ട്

Dhanam News Desk

കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി നവീകരണത്തിനായി 393.57 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. നിര്‍ദിഷ്ട റെയില്‍വേ സ്റ്റേഷന്റെ മാതൃക ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്‍ അവരുടെ എക്‌സ് ഹാന്‍ഡിലിലൂടെയാണ് പുറത്തുവിട്ടത്.

54,330 സ്‌ക്വയര്‍ ഫീറ്റാകും പുതിയ കെട്ടിടത്തിന്റെ മൊത്തം വിസ്തീര്‍ണം. ആധുനിക സൗകര്യങ്ങളോടെയാകും നവീകരണം പൂര്‍ത്തിയാക്കുക. 19 പുതിയ ലിഫ്റ്റുകളും 10 എസ്‌കലേറ്ററുകളും പുതിയതായി നിര്‍മിക്കും.

പാര്‍ക്കിംഗ് വിപുലമാക്കും

പ്രധാന പ്രശ്‌നങ്ങളിലൊന്നായ പാര്‍ക്കിംഗ് കൂടുതല്‍ വിശാലമാക്കുന്ന തരത്തിലാണ് പുതിയ ഡിസൈനിംഗ്. നിലവില്‍ 2,520 ചതുരശ്രയടിയാണ് പാര്‍ക്കിംഗിനായി ഉള്ളത്. ഇത് 10,653 ചതുരശ്രയടിയിലേക്ക് വ്യാപിപ്പിക്കും. കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ആദ്യമായി മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനവും കൊണ്ടുവരും. റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കാനും തിരിച്ചിറങ്ങാനുമായി പ്രത്യേകം കവാടങ്ങളും പുതിയ നിര്‍മിതിയില്‍ ഉണ്ടാകും.

വരുമാന വര്‍ധനയ്ക്കും പ്രാധാന്യം

റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ വരുമാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതികളും നവീകരണത്തില്‍ ഉള്‍പ്പെടുന്നുണ്ട്. വിശാലമായ ഹോട്ടലാണ് അതിലൊന്ന്. 11 ടിക്കറ്റ് കൗണ്ടര്‍, കാല്‍നടക്കാര്‍ക്കും സൈക്കിള്‍ സവാരിക്കാര്‍ക്കും വാഹനങ്ങള്‍ക്കുമായി പ്രത്യേക പാത, ജീവനക്കാര്‍ക്കായി അപ്പാര്‍ട്ടുമെന്റ് കോംപ്ലക്സ്, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന്റെ പടിഞ്ഞാറ് കവാടത്തിന് അഭിമുഖമായി പ്രവേശന കവാടം, വീതിയേറിയ രണ്ട് നടപ്പാലങ്ങള്‍ എന്നിവയും ഉണ്ടാകും.

വരുമാനത്തിലും പിന്നിലല്ല

ദക്ഷിണ റെയില്‍വേയുടെ 2023- 24 സാമ്പത്തികവര്‍ഷത്തില്‍ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്നുള്ള വരുമാനത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷന് ഒമ്പതാം സ്ഥാനമാണ്. 155 കോടി രൂപയാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ലഭിച്ചത്. ദക്ഷിണ റെയില്‍വേ പുറത്തുവിട്ട പട്ടികയില്‍ ആദ്യ 100 സ്റ്റേഷനുകളിലാണ് ഒമ്പതാം സ്ഥാനത്ത് തൃശൂര്‍ സ്റ്റേഷനെത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT