Canva
News & Views

170% ഉയര്‍ന്ന വെള്ളി വില 3 മാസത്തിനിടെ 46% ഇടിഞ്ഞു! ഇനി വാങ്ങാന്‍ ശരിയായ സമയം ആണോ?

സ്വര്‍ണത്തെ അപേക്ഷിച്ച് വെള്ളി ആവശ്യകതയുടെ 60 ശതമാനത്തിലേറെയും വ്യവസായിക മേഖലയില്‍ നിന്നാണ്

Dhanam News Desk

നിക്ഷേപകര്‍ക്ക് 2025ല്‍ 170 ശതമാനം നേട്ടം. 2026 ജനുവരിയിലാകട്ടെ 74 ശതമാനം വര്‍ധനയും. പ്രിയപ്പെട്ട നിക്ഷേപ മാര്‍ഗമായി ഉയര്‍ന്നുവന്ന വെള്ളിവില ഇപ്പോള്‍ വലിയ തിരിച്ചടിയിലൂടെയാണ് കടന്നുപോകുന്നത്. വര്‍ഷമൊന്ന് കഴിഞ്ഞപ്പോള്‍ നിക്ഷേപമാക്കിയ പലരും വെളളി വിറ്റഴിക്കാനുള്ള തിടുക്കത്തിലാണ്.

ലോകമെങ്ങും നിക്ഷേപകര്‍ വെള്ളിയിലേക്ക് തങ്ങളുടെ നിക്ഷേപം മാറ്റി ക്രമീകരിക്കുന്നതിനാണ് 2025ന്റെ രണ്ടാംപകുതി സാക്ഷ്യം വഹിച്ചിരുന്നത്. കേരളത്തിലടക്കം വെള്ളിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണം പോലെ വെള്ളിയും പണയംവയ്ക്കാവുന്ന സ്‌കീം പോലും തുടങ്ങിയിരുന്നു. എന്നാല്‍ യുദ്ധം വന്നതോടെ സ്വര്‍ണത്തിനുണ്ടായിരുന്ന സുരക്ഷിത നിക്ഷേപമെന്ന ഖ്യാതി വെള്ളിക്ക് നിലനിര്‍ത്താന്‍ സാധിച്ചില്ലെന്നതാണ് സത്യം.

നിലവില്‍ വെള്ളി കിലോയ്ക്ക് 2.38 ലക്ഷം രൂപ റേഞ്ചിലാണ് വ്യാപാരം നടക്കുന്നത്. ഈ വര്‍ഷം തുടക്കമുണ്ടായിരുന്ന വിലയില്‍ നിന്ന് താഴേക്ക് പോയതോടെ നേട്ടം പോലും ഇല്ലാതായ അവസ്ഥയിലാണ് കാര്യങ്ങള്‍.

മേയ് മാസത്തിലെ സ്വര്‍ണത്തിന്റെ ഫ്യൂച്ചേഴ്‌സ് വില ഒരുഘട്ടത്തില്‍ 46 ശതമാനം വരെ ഉയര്‍ന്ന് 4.39 ലക്ഷത്തിലെത്തിയിരുന്നു. എന്നാല്‍ വെറും മൂന്ന് മാസംകൊണ്ട് ഇത് 2.40 ലക്ഷത്തിലേക്ക് താഴ്ന്നു. നിക്ഷേപകര്‍ക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വെള്ളിയുടെ അപ്രതീക്ഷിത വീഴ്ച്ചയില്‍ നിക്ഷേപകരും ട്രേഡര്‍മാരും ഒരുപോലെ കുടുങ്ങിയെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.

ഇടിവിന് പിന്നിലെന്ത്?

വെള്ളിയുടെ ഉയരങ്ങളില്‍ നിന്നുള്ള വീഴ്ച്ചയ്ക്ക് മിഡില്‍ഈസ്റ്റ് യുദ്ധം തന്നെയാണ് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ക്രൂഡ്ഓയില്‍ വില കുത്തനെ ഉയര്‍ന്നതും സംഘര്‍ഷവും കൂടിച്ചേര്‍ന്നതോടെ വ്യവസായിക ഉപയോഗത്തില്‍ ഇടിവുണ്ടായി. സ്വര്‍ണത്തെ അപേക്ഷിച്ച് വെള്ളി ആവശ്യകതയുടെ 60 ശതമാനത്തിലേറെയും വ്യവസായിക മേഖലയില്‍ നിന്നാണ്. യുദ്ധം വ്യവസായ ലോകത്തെ ബാധിക്കുമ്പോള്‍ സ്വഭാവികമായും വെള്ളിയുടെ ഡിമാന്‍ഡ് താഴും. അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

നിക്ഷേപമെന്ന നിലയില്‍ വെള്ളിയെ തല്ക്കാലം ഒഴിവാക്കാന്‍ നിക്ഷേപകര്‍ തീരുമാനിച്ചതോടെ ലഭ്യത കൂടുകയും ചെയ്തു. പോര്‍ട്ടഫോളിയോ ബാലന്‍സ് ചെയ്യാന്‍ നിക്ഷേപകര്‍ വെള്ളി ഉള്‍പ്പെടെയുള്ള ആസ്തികള്‍ കൂടുതലായി വിറ്റഴിച്ചതും തിരിച്ചടിക്ക് കാരണമായി. വെള്ളിയുടെ ആഗോള ആവശ്യം വര്‍ധിക്കുംവരെ ഡിമാന്‍ഡും കുറഞ്ഞു നില്ക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഇപ്പോഴത്തെ ഇടിവില്‍ വെള്ളിയുടെ ദീര്‍ഘകാല അടിസ്ഥാനങ്ങളില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു. തല്‍ക്കാലം കാത്തിരിക്കുക നിക്ഷേപം വൈകിപ്പിക്കാമെന്ന് ചുരുക്കാം.

Silver prices plunge after a sharp rally, raising concerns among investors amid falling industrial demand and geopolitical tensions

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT