image:@canva 
News & Views

സംസ്ഥാനത്ത് വരുന്നത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍

ഓരോ സയന്‍സ് പാര്‍ക്കിനും 200 കോടി രൂപയുടെ നിക്ഷേപവും, 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണവും ഉണ്ടായിരിക്കും

Dhanam News Desk

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് സമീപമാണ് സയന്‍സ് പാര്‍ക്ക് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ട് ബ്ലോക്കുകളായി നിര്‍മിക്കുന്ന ഓരോ സയന്‍സ് പാര്‍ക്കിനും 200 കോടി രൂപയുടെ നിക്ഷേപവും, 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണവും ഉണ്ടായിരിക്കും. വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള യാത്രയില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ സയന്‍സ് പാര്‍ക്കുകള്‍ക്ക് കഴിയുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

മേഖലകള്‍ ഇവ

പുതിയ മെറ്റീരിയലുകളുടെ വികസനം, ഘടനാപരമായ ജീവശാസ്ത്രം, മെഡിക്കല്‍/ ജീനോമിക് റിസര്‍ച്ച്, കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി, ഗ്രീന്‍ മൊബിലിറ്റി സംരംഭങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാവും പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുക. പുതിയ ആഗോള ഗവേഷണ പ്രവണതകള്‍, ഭാവി സാങ്കേതിക-വ്യാവസായിക സാധ്യതകള്‍ എന്നിവയെ ആസ്പദമാക്കി നടന്ന വിദഗ്ധ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ മേഖലകള്‍ നിശ്ചയിച്ചത്.

ഫണ്ട് കിഫ്ബിയില്‍ നിന്ന്

കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം സയന്‍സ് പാര്‍ക്കുകളുടെ പ്രിന്‍സിപ്പല്‍ അസോസിയേറ്റ് യൂണിവേഴ്സിറ്റികള്‍ യഥാക്രമം കണ്ണൂര്‍, കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി, കേരള യൂണിവേഴ്സിറ്റികള്‍ ആയിരിക്കും. കിഫ്ബി ധനസഹായം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ആയിരിക്കും പദ്ധതി നടപ്പാക്കാനുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍.

കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി

സയന്‍സ് പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് കെ.എസ്.ഐ.ടി.എല്ലിനെ ചുമതലപ്പെടുത്തി. ശാസ്ത്രസാങ്കേതിക വകുപ്പിന്റെ എക്സ് - ഒഫീഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രൊഫ. കെ.പി സുധീര്‍ ചെയര്‍മാനായ ഒമ്പത് അംഗ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി രൂപീകരിച്ചു. ഈ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി മേല്‍നോട്ടം വഹിക്കും. പ്രവര്‍ത്തനം സുഗമമാക്കുന്നതിന് ഒരു റിസോഴ്സ് ടീമിനെ കൂടി നിയമിക്കും. 2022-23ലെ സംസ്ഥാന ബജറ്റില്‍ സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT