image credit : canva 
News & Views

ഇ.വി ചാര്‍ജിംഗ് 15 മിനിറ്റിനുള്ളില്‍! ഹൈവേകളിലും ബസ് സ്റ്റോപ്പുകളിലും 360 കിലോവാട്ടിന്റെ അതിവേഗ ചാര്‍ജര്‍ സ്ഥാപിക്കാന്‍ കേന്ദ്രം

അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഒരുലക്ഷം ചാര്‍ജറുകളെങ്കിലും സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍

Dhanam News Desk

രാജ്യത്ത് 360 കിലോവാട്ടിന്റെ (KW) അതിവേഗ ഇ.വി ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഹൈവേകള്‍, എക്‌സ്പ്രസ് വേ, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നത്. ഇലക്ട്രിക് ഭാരവാഹനങ്ങളുടെയും പ്രീമിയം ഇലക്ട്രിക് കാറുകളുടെയും ചാര്‍ജിംഗ് സമയം 15ലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.

നിലവില്‍ ഇന്ത്യയിലെ ഒട്ടുമിക്ക പൊതു ചാര്‍ജിംഗ് കേന്ദ്രങ്ങളും 60 കിലോവാട്ട് ചാര്‍ജറാണ് ഉപയോഗിക്കുന്നത്. ഒരു മണിക്കൂറോളം സമയമെടുത്താലേ ഇവിടെ ചാര്‍ജിംഗ് സാധ്യമാകൂ. ഇലക്ട്രിക് വാഹനങ്ങളില്‍ ദീര്‍ഘദൂര യാത്രക്കിറങ്ങുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നവും ചാര്‍ജിംഗ് സ്റ്റേഷനുകളിലെ ഈ സമയ നഷ്ടമാണ്. ഇതിന് പരിഹാരമായി ചാര്‍ജിംഗ് സമയം 15 മിനിറ്റായി കുറക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഡി.സി ചാര്‍ജറുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നേരത്തെ 40,000 ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി.

മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയില്‍ 29,277 ചാര്‍ജിംഗ് കേന്ദ്രങ്ങളിലായി 37,752 ചാര്‍ജറുകളാണുള്ളത്. ഊര്‍ജ്ജ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് 12 കിലോവാട്ടും ഇലക്ട്രിക് കാറുകള്‍ക്ക് 60 കിലോവാട്ടും ഇലക്ട്രിക് ബസുകള്‍ക്കും ട്രക്കുകള്‍ക്കും 240 കിലോവാട്ടും ശേഷിയുള്ള ചാര്‍ജറെങ്കിലും ഒരുക്കിയിരിക്കണം. പുതുതായി സ്ഥാപിക്കുന്ന 360 കിലോവാട്ടിന്റെ ചാര്‍ജറുകള്‍ ഇലക്ട്രിക് ട്രക്കുകള്‍ക്കും ബസുകള്‍ക്കും വേണ്ടി മാത്രം ഉപയോഗിക്കാനാണ് ധാരണ. എന്നാല്‍ 360 കിലോവാട്ട് ചാര്‍ജര്‍ സപ്പോര്‍ട്ട് ചെയ്യുന്ന പ്രീമിയം ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഈ സംവിധാനം ഉപയോഗിക്കാന്‍ അവസരം നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു.

പിഎം ഇ-ഡ്രൈവ്

രാജ്യത്ത് വിപുലമായ ഇലക്ട്രിക് ചാര്‍ജിംഗ് സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി 2,000 കോടി രൂപ മുതല്‍ മുടക്കില്‍ പ്രധാനമന്ത്രി ഇലക്ട്രിക് ഡ്രൈവ് റെവല്യൂഷന്‍ ഇന്‍ ഇന്നൊവേറ്റീവ് വെഹിക്കിള്‍ എന്‍ഹാന്‍സ്‌മെന്റ് (പിഎം ഇ-ഡ്രൈവ്) പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്ള നഗരങ്ങളിലും പ്രധാന ഹൈവേകളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Indian government plans to install 360 kW EV fast charging points on highways to support electric trucks, buses, and premium EVs with ultra-fast charging.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT