News & Views

ഡല്‍ഹി കമ്പനി ഡയറക്ടര്‍മാര്‍ വിദേശത്തേക്കു മുങ്ങി; ഏഴ് ബാങ്കുകള്‍ക്കു നഷ്ടം 414 കോടി

Dhanam News Desk

414 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ ഡല്‍ഹി ആസ്ഥാനമായുള്ള ബസുമതി അരി കയറ്റുമതി കമ്പനി ഡയറക്ടര്‍മാര്‍ രാജ്യം വിട്ടതായുള്ള എസ്ബിഐ യുടെ പരാതിയില്‍ സിബിഐ കേസ് ഫയല്‍ ചെയ്ത് അന്വേഷണം തുടങ്ങി. വായ്പാ തട്ടിപ്പില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സിബിഐയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

രാംദേവ് ഇന്റര്‍നാഷണല്‍ കമ്പനിയുടെ മൂന്ന് ഡയറക്ടര്‍മാരാണ് രാജ്യം വിട്ടത്. ഇവരെ 2016 മുതല്‍ കാണാനില്ലെന്ന് എസ്ബിഐ സിബിഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. എസ്ബിഐക്ക് പുറമെ മറ്റ് ആറ് ബാങ്കുകളില്‍ നിന്നും വായ്പയെടുത്തിട്ടുണ്ട്. എസ്ബിഐയില്‍ നിന്നുള്ള വായ്പ 173.11 കോടി രൂപയുടേതാണ്. കാനറ ബാങ്കില്‍ നിന്ന് 76.09 കോടി , യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 64.31 കോടി , സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 51.31 കോടി , കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്ന് 36.91 കോടി , ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്ന് 12.27 കോടി  വീതവും. കമ്പനി ഡയറക്ടര്‍മാരായ നരേഷ് കുമാര്‍, സുരേഷ് കുമാര്‍, സംഗിത തുടങ്ങിയവര്‍ക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, വായ്പയെടുത്ത് മുങ്ങിയ കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരെ പരാതി നല്‍കാന്‍ വൈകിയെന്ന് ആരോപണമുയര്‍ന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് 2018ല്‍ ദേശീയ കമ്പനി ലോ ട്രിബ്യൂണലിലാണ് പരാതി നല്‍കിയത്. തുടര്‍ന്ന് മൂന്ന് തവണ കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരെ ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചു. 2018 ഡിസംബറില്‍ ഡയറക്ടര്‍മാര്‍ ദുബായിലേക്ക് മുങ്ങിയതായാണ് ട്രൈബ്യൂണലിനു കിട്ടിയ വിവരം.

എസ്ബിഐ പരാതിയനുസരിച്ച് 2016ല്‍ തന്നെ കമ്പനിയുടെ അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയില്‍(എന്‍പിഎ) ഉള്‍പ്പെടുത്തിയിരുന്നു. കണക്കുകളില്‍ കൃത്രിമം, സാധനസാമഗ്രികള്‍ നിയമവിരുദ്ധമായി മാറ്റല്‍ തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് എസ്ബിഐ നിയമ നടപടി സ്വീകരിച്ചത്. കിട്ടാക്കടമായി പ്രഖ്യാപിച്ചതിന് പിന്നാലെ എസ്ബിഐ അധികൃതര്‍ അന്വേഷണം നടത്തിയെങ്കിലും കമ്പനി ഡയറക്ടര്‍മാരെ കാണാനുണ്ടായിരുന്നില്ലെന്നു പരാതിയില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT