ഇന്ത്യന്‍ സാമ്പത്തിക രംഗം ഡിജിറ്റൈസേഷന്റെ പാദയിലാണ്. ബാങ്കിംഗ് സേവനങ്ങള്‍ക്കും പണമയക്കലിനുമെല്ലാം ഓണ്‍ലൈനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി വരുകയാണ്. ഇതോടൊപ്പം സാമ്പത്തിക തട്ടിപ്പിന് ഇരയാവുന്നവരുടെ എണ്ണംവും വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 42 ശതമാനം ഇന്ത്യക്കാരും സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് ലോക്കല്‍ സര്‍ക്കിള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
തട്ടിപ്പിന് ഇരയായവരില്‍ വെറും 17 ശതമാനത്തിന് മാത്രമാണ് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചത്. 29 ശതമാനം ഇന്ത്യക്കാരും ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ കുടുംബാംഗങ്ങളുമായി പങ്കിടുന്നവരാണെന്ന് നേരത്തെ നടത്തിയ സര്‍വെയില്‍ ലോക്കല്‍ സര്‍ക്കിള്‍ കണ്ടെത്തിയിരുന്നു. ഇത്തരം വിവരങ്ങള്‍ കൂടെ ജോലി ചെയ്യുന്നവരുമായി പങ്കുവെയ്ക്കുന്നവര്‍ നാല് ശതമാനത്തോളം ആണ്. യഥാക്രമം 33 %, 11 % എന്നിങ്ങനെ ആളുകളും ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, എടിഎം പാസ്‌വേഡ്, പാന്‍ നമ്പര്‍, തുടങ്ങിയവ കംപ്യൂട്ടറിലും മൊബൈല്‍ ഫോണിലും സൂക്ഷിക്കുന്നവരാണ്. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളിലൂടെയാണ് ഭൂരിഭാഗം തട്ടിപ്പുകളും നടത്തുന്നത്.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പാസ്‌വേഡുകളും മറ്റും ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റിലോ നോട്ട് പാഡിലോ സൂക്ഷിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. കൂടാതെ ഓര്‍ത്തുവെയ്ക്കാന്‍ എളുപ്പമെന്ന കാരണം പറഞ്ഞ്, ഫോണ്‍ നമ്പര്‍, വണ്ടി നമ്പര്‍ തുടങ്ങിയവ പാസ്‌വേഡ് ആയി ഉപയോഗിക്കരുതെന്നും ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. കമ്മ്യൂണിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ലോക്കല്‍ സര്‍ക്കിളിന്റെ സര്‍വെയില്‍ രാജ്യത്തെ 301 ജില്ലകളില്‍ നിന്നായി 32,000 പേരാണ് പങ്കെടുത്തത്.
Read DhanamOnline in English
Subscribe to Dhanam Magazine