News & Views

ഇന്ത്യന്‍ വസ്ത്ര വ്യവസായത്തിന്റെ മരണമണിയോ? ട്രംപിന്റെ തീരുവയില്‍ തകര്‍ന്നടിഞ്ഞ് ഗാര്‍മെന്റ്‌സ് ഓഹരികള്‍

ഇന്ത്യയുടെ ഗാര്‍മെന്റ്‌സ് കയറ്റുമതിയുടെ 33 ശതമാനവും യു.എസിലേക്കാണ്. യു.എസിലേക്ക് ഗാര്‍മെന്റ്‌സ് കയറ്റുമതിയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ

Dhanam News Desk

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇരട്ട താരിഫ് ഇന്ത്യന്‍ വസ്ത്ര കയറ്റുമതി മേഖലയ്ക്ക് വലിയ പ്രഹരമാകുമെന്ന് മുന്നറിയിപ്പ്. കയറ്റുമതിയെ ആശ്രയിച്ച് ആയിരക്കണക്കിന് ചെറുകിട ഇടത്തരം ഗാര്‍മെന്റ്‌സ് കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ഗാര്‍മെന്റ്‌സിന്റെ വലിയൊരു വിപണിയാണ് യു.എസ്.

അമേരിക്കയിലേക്കുള്ള ഓര്‍ഡറുകള്‍ മാത്രം ചെയ്യുന്ന നൂറുകണക്കിന് ഫാക്ടറികള്‍ രാജ്യത്തുണ്ട്. ഇത്തരം കമ്പനികള്‍ക്ക് അതിജീവനത്തിനുള്ള വഴിയൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ് അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നത്.

സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് സാമ്പത്തിക പിന്തുണയാണ് ഈ ഘട്ടത്തില്‍ ആവശ്യം. ഇല്ലാത്തപക്ഷം പല ചെറുകിട കമ്പനികളും അപ്രത്യക്ഷമായേക്കാമെന്ന ഭയം ഈ രംഗത്തുള്ളവര്‍ പങ്കുവയ്ക്കുന്നു. ഇന്ത്യയുടെ ഗാര്‍മെന്റ്‌സ് കയറ്റുമതിയുടെ 33 ശതമാനവും യു.എസിലേക്കാണ്. യു.എസിലേക്ക് ഗാര്‍മെന്റ്‌സ് കയറ്റുമതിയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഒറ്റയടിക്ക് ഇത്ര വലിയൊരു വിപണിയില്‍ പ്രതിസന്ധി രൂപപ്പെട്ടത് ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തെയും ബാധിക്കും.

ഓഹരികള്‍ക്ക് വന്‍ ഇടിവ്

ഗാര്‍മെന്റ്‌സ് കമ്പനികള്‍ ഇന്ന് ഓഹരി വിപണിയില്‍ അഗ്നിപരീക്ഷയാണ് നേരിടുന്നത്. കേരളത്തില്‍ നിന്നുള്ള കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികള്‍ അഞ്ചു ശതമാനം ഇടിവിലാണ്. ജൂണ്‍ പാദത്തില്‍ വരുമാനം ഉയര്‍ന്നെങ്കിലും അതിനനുസരിച്ച് ചെലവുകള്‍ കൂടിയതോടെ കിറ്റെക്‌സിന്റെ ലാഭത്തില്‍ ഇടിവുണ്ടായിരുന്നു. ഈ പാദത്തിലെ ലാഭം 19 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം സമാനപാദത്തില്‍ ഇത് 27 കോടി രൂപയായിരുന്നു.

മറ്റൊരു പ്രധാന ഗാര്‍മെന്റ്‌സ് ഓഹരിയായ കെ.പി.ആര്‍ മില്‍ ലിമിറ്റഡ് ഓഹരികള്‍ക്കും ഇന്ന് വലിയ ഇടിവാണ് നേരിടേണ്ടി വന്നത്. മൂന്നു ശതമാനത്തിന് മുകളിലാണ് തകര്‍ച്ച. ലക്ഷ്മി മെഷീന്‍ വര്‍ക്‌സ് (എല്‍.എം.ഡബ്ല്യു) ഓഹരിവിലയില്‍ ഇന്ന് മാത്രം 125 രൂപയിലധികമാണ് ഇടിവുണ്ടായത്. മറ്റ് പ്രധാന ഗാര്‍മെന്റ്‌സ് ഓഹരികളും താഴ്ച്ചയില്‍ തന്നെയാണ്.

ട്രംപിന്റെ തീരുവ ഏറ്റവുമധികം ബാധിക്കുന്ന മേഖലകളിലൊന്നാണ് വസ്ത്ര വ്യവസായം. ബംഗ്ലാദേശില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതോടെ ഒട്ടേറെ ഓര്‍ഡറുകള്‍ ഇന്ത്യയിലേക്ക് എത്തിയിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധി നീണ്ടുനിന്നാല്‍ ഈ മേഖലയില്‍ വലിയ തൊഴില്‍ നഷ്ടത്തിനും അതു വഴിയൊരുക്കും.

US tariff hikes by Trump trigger major crisis in Indian garment exports and crash apparel stock prices

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT