News & Views

ട്രെയിനുകളില്‍ മോശം ഭക്ഷണം: യാത്രക്കാര്‍ മടുത്തു; പരാതികളില്‍ 500 ശതമാനം വര്‍ധന; ഐ.ആർ.സി.ടി.സി പറയുന്നത് ഇങ്ങനെ

16 ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതില്‍ 0.0012 ശതമാനം മാത്രമാണ് പരാതികളെന്ന് ഐ.ആർ.സി.ടി.സി

Dhanam News Desk

ട്രെയിനുകളില്‍ യാത്ര ചെയ്യുമ്പോള്‍, പ്രത്യേകിച്ച് അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ യാത്ര ചെയ്യുമ്പോള്‍ ട്രെയിനുകളില്‍ ലഭ്യമായ പാന്‍ട്രികളെ ആശ്രയിക്കുന്നവര്‍ ഒട്ടേറെയാണ്. എന്നാല്‍ ഒരിക്കല്‍ ഇവിടെ നിന്ന് ഭക്ഷണങ്ങള്‍ കഴിച്ചവര്‍ രണ്ടാമത് ഒരു തവണ കൂടി ട്രെയിനുകളിലെ കാന്റീനുകളെ തേടിപ്പോകാന്‍ അല്‍പ്പമൊന്ന് മടിക്കും. ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ആഹാര സാധനങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യവും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഒട്ടേറെപ്പേരാണ് ആവശ്യപ്പെടാറുളളത്.

ഇക്കാര്യങ്ങളെ സാധൂകരിക്കുന്ന വസ്തുതകളാണ് ഐ.ആർ.സി.ടി.സി പങ്കുവെച്ചിരിക്കുന്നത്. 2023 ഏപ്രിലിനും 2024 ഫെബ്രുവരിക്കുമിടയിൽ മോശം ഭക്ഷണത്തിന്റെ പേരില്‍ 6948 പരാതികളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഐ.ആർ.സി.ടി.സി വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. അതേസമയം മുന്‍ വര്‍ഷങ്ങളില്‍ എത്ര പരാതികള്‍ ലഭിച്ചു എന്ന് അറിയുമ്പോഴാണ് ആളുകള്‍ മോശം ഭക്ഷണത്തില്‍ എത്രമാത്രം വ്യാകുലരാണെന്ന് ബോധ്യപ്പെടുന്നത്.

ഭക്ഷണം യാത്രക്കാരുടെ അടുത്ത് എത്തുന്നത് വൈകി

2022 മാർച്ചിൽ മോശം ഭക്ഷണത്തെക്കുറിച്ച് 1192 പരാതികളാണ് ഐ.ആർ.സി.ടി.സി ക്ക് ലഭിച്ചിരുന്നത്. ഇതിലാണ് 2023 നും 24 നും ഇടയില്‍ 500 ശതമാനത്തിന്റെ വര്‍ധന.

1518 കാറ്ററിങ് കോൺട്രാക്ടുകളാണ് ഐ.ആർ.സി.ടി.സി നല്‍കിയിരിക്കുന്നത്. കരാറെടുത്ത കമ്പനികൾ ആഹാര സാധനങ്ങള്‍ റെയിൽവേ സ്റ്റേഷനുകൾക്ക് പുറത്തുവെച്ച് പാകം ചെയ്ത് പാക്കിങ് നടത്തി ട്രെയിനുകളിലേക്ക് കൊണ്ടു വരുന്ന രീതിയിലാണ് മിക്ക ട്രെയിനുകളിലും നിലവില്‍ നടക്കുന്നത്. ഇതുമൂലം പാചകം ചെയ്ത ഭക്ഷണം മണിക്കൂറുകൾ ഏറെ എടുത്താണ് യാത്രക്കാരുടെ സമീപം എത്തുന്നത്.

വന്ദേഭാരത്, രാജധാനി, ശതാബ്ദി, തുരന്തോ തുടങ്ങിയ ട്രെയിനുകളില്‍ നിന്നും മറ്റു എക്സ്‌പ്രസ് ട്രെയിനുകളില്‍ നിന്നും പരാതികള്‍ ലഭിക്കുന്നുണ്ട്.

ഐ.ആർ.സി.ടി.സി യുടെ നിലപാട്

2023-24 കാലയളവില്‍ 16 ലക്ഷം ഭക്ഷണപ്പൊതികളാണ് യാത്രാ ട്രെയിനുകളില്‍ വിതരണം ചെയ്തത്. ദിവസം 20 പരാതികള്‍ വീതമാണ് ലഭിച്ചത്. ആകെ വിതരണം ചെയ്ത ഭക്ഷണത്തിന്റെ 0.0012 ശതമാനം മാത്രമാണ് പരാതികളെന്നും ഇതു നാമമാത്രമാണെന്നുമുളള നിലപാടിലാണ് ഐ.ആർ.സി.ടി.സി.

കരാര്‍ കമ്പനികള്‍ ഭക്ഷണം പാചകം ചെയ്യുന്ന അടുക്കളകളില്‍ സി.സി.ടി.വി നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണത്തിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്താൻ നടപടികൾ കൈകൊണ്ടിട്ടുണ്ടെന്നും ഐ.ആർ.സി.ടി.സി പറയുന്നു. ഭക്ഷണം വിതരണം ചെയ്യാൻ കരാർ എടുത്തിരിക്കുന്നവരില്‍ 68 കമ്പനികൾക്ക് ഭക്ഷണത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് ഐ.ആർ.സി.ടി.സി കാരണം കാണിക്കൽ നോട്ടീസ് കൊടുത്തിരുന്നു. ഇതില്‍ മൂന്ന് കമ്പനികളുടെ കരാറാണ് റദ്ദാക്കിയിട്ടുളളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT