Image : Canva 
News & Views

നികുതി നടപടികൾ ലളിതമാക്കും; അറസ്റ്റ് അധികാരം ഉൾപ്പെടെ നിർണായക പരിഷ്കാരങ്ങളുമായി ജിഎസ്.ടി കൗൺസിൽ

പുതിയ ഭേദഗതിയിലൂടെ പതിവ് വീഴ്ചകൾക്ക് പിഴയും പലിശയും മാത്രം ഈടാക്കുകയും, ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് മാത്രം ക്രിമിനൽ നടപടികൾ പരിമിതപ്പെടുത്തുകയും ചെയ്യും

Dhanam News Desk

രാജ്യത്തെ ബിസിനസ് നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും നികുതി തർക്കങ്ങൾ കുറയ്ക്കുന്നതിനുമായി ജിഎസ്.ടി (GST) കൗൺസിൽ നിർണായക പരിഷ്കാരങ്ങൾക്ക് അംഗീകാരം നൽകി. ജിഎസ്.ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് ചെയ്യാനുള്ള അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതും നിയമനടപടികൾ ലഘൂകരിക്കുന്നതും ഉൾപ്പെടെയുള്ള പ്രധാന നിർദ്ദേശങ്ങളാണ് കൗൺസിൽ മുന്നോട്ടുവെച്ചിട്ടുള്ളത്. നിലവിലുള്ള ജിഎസ്ടി നിരക്ക് ഘടനയിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് 57-ാമത് ജിഎസ്ടി കൗൺസിൽ യോഗം അവസാനിച്ചത്.

അറസ്റ്റ് അധികാരവും പ്രോസിക്യൂഷൻ പരിധിയും

സെൻട്രൽ ജിഎസ്.ടി (CGST) ആക്ടിലെ സെക്ഷൻ 69 പ്രകാരം വ്യാജ ഇൻവോയ്‌സുകൾ, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) തട്ടിപ്പുകൾ എന്നിവയിൽ കമ്മീഷണർമാർക്ക് അറസ്റ്റ് അനുവദിക്കാൻ അധികാരമുണ്ടായിരുന്നു. എന്നാൽ പുതിയ ഭേദഗതിയിലൂടെ പതിവ് വീഴ്ചകൾക്ക് പിഴയും പലിശയും മാത്രം ഈടാക്കുകയും, ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് മാത്രം ക്രിമിനൽ നടപടികൾ പരിമിതപ്പെടുത്തുകയും ചെയ്യും. ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട പ്രൊസിക്യൂഷൻ നടപടികൾ ആരംഭിക്കുന്നതിനുള്ള പരിധി 1 കോടി രൂപയിൽ നിന്നും 5 കോടി രൂപയായി ഉയർത്തി.

കാരണം കാണിക്കൽ നോട്ടീസുകൾക്ക് ₹10,000 പരിധി

ചെറിയ തുകകളുടെ തർക്കങ്ങൾ മൂലം ടാക്സ് പേയർമാർക്കും ഉദ്യോഗസ്ഥർക്കും ഉണ്ടാകുന്ന അനാവശ്യ ഭാരം കുറയ്ക്കുന്നതിനായി കാരണം കാണിക്കൽ (Show-cause) നോട്ടീസുകൾ പുറപ്പെടുവിക്കുന്നതിന് ₹10,000 തുകയുടെ കുറഞ്ഞ പരിധി നിശ്ചയിച്ചിട്ടുണ്ട്. ചെറിയ ബിസിനസുകളുടെ നിയമപരിപാലന ചെലവുകൾ കുറയ്ക്കാനും മാനേജ്‌മെന്റ് സമയം ലാഭിക്കാനും ഇത് സഹായിക്കും.

റീഫണ്ട് ക്ലെയിം അംഗീകരിക്കുന്നതിനുള്ള സമയപരിധി 15 ദിവസത്തിൽ നിന്ന് 10 ദിവസമായി കുറയ്ക്കും. ആ കാലയളവിനുള്ളിൽ കിട്ടിയതായുളള അറിയിപ്പോ ഡെഫിഷന്‍സി മെമ്മോയോ ഉദ്യോഗസ്ഥര്‍ നൽകിയില്ലെങ്കിൽ, ആ ക്ലെയിം അംഗീകരിച്ചതായി കണക്കാക്കും.

മറ്റ് പ്രധാന തീരുമാനങ്ങൾ: തൊഴിലുടമകൾ ജീവനക്കാരുടെ ഇൻഷുറൻസിനായി നടത്തുന്ന ചെലവുകൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) അനുവദിക്കാൻ തീരുമാനിച്ചു. കൂടാതെ, രജിസ്റ്റർ ചെയ്യാത്ത ഡെലിവറി പാർട്ണർമാർ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി നൽകുന്ന ഡെലിവറി സേവനങ്ങളുടെ ജിഎസ്.ടി 5 ശതമാനമായി കുറയ്ക്കാനും കൗൺസിൽ അനുമതി നൽകി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT