പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുള്ള വിതരണ തടസങ്ങൾക്കിടയിൽ 5 കിലോ ഫ്രീ ട്രേഡ് എൽപിജി (FTL) സിലിണ്ടറുകളുടെ പ്രതിദിന വിഹിതം ഇരട്ടിയാക്കി. മാർച്ചിലെ ശരാശരി വിതരണത്തിന് പുറമെയാണ് ഈ അധിക വിതരണം അനുവദിച്ചിട്ടുള്ളത്. അതിഥി തൊഴിലാളികളെയും മറ്റ് ദുർബല വിഭാഗങ്ങളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞന്‍ (Chhotu) എൽപിജി സിലിണ്ടറുകള്‍ അവതരിപ്പിച്ചിട്ടുളളത്. ഈ അധിക വിഹിതം അനുവദിച്ച നടപടി അതിഥി തൊഴിലാളികൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
സാധാരണ ഗ്യാസ് കണക്ഷനുകൾക്ക് വിലാസ രേഖ (POA) നിർബന്ധമാണെങ്കിലും, കുഞ്ഞന്‍ സിലിണ്ടറുകൾ വാങ്ങാൻ ഇതിന്റെ ആവശ്യമില്ല. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം, യാതൊരുവിധ പേപ്പർ വർക്കുകളോ സെക്യൂരിറ്റി ഡെപ്പോസിറ്റോ ഇല്ലാതെ ഇവ നേരിട്ട് വാങ്ങാവുന്നതാണ്. ഇതിനായി ഉപയോക്താവ് സർക്കാർ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ (Proof of Identity) ഹാജരാക്കിയാൽ മാത്രം മതിയാകും.
ആവശ്യമായ രേഖകൾ: ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖ എന്നിവ ഇതിനായി ഉപയോഗിക്കാം.
എവിടെ നിന്ന് ലഭിക്കും? ഇന്ത്യൻ ഓയിൽ (Indane), ഭാരത് പെട്രോളിയം (BharatGas Mini), ഹിന്ദുസ്ഥാൻ പെട്രോളിയം (HP Appu) എന്നിവയുടെ വിതരണ കേന്ദ്രങ്ങളിൽ നിന്നും ഇവ ലഭിക്കും. കൂടാതെ, അംഗീകൃത പെട്രോൾ പമ്പുകൾ, തിരഞ്ഞെടുക്കപ്പെട്ട പലചരക്ക് കടകള്‍, പ്രാദേശിക സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലും ഈ സിലിണ്ടറുകൾ ലഭ്യമാണ്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള വിതരണം സുഗമമാക്കാൻ എല്‍പിജി സിലണ്ടറുകള്‍ പൂഴ്ത്തിവെക്കുന്നവർക്കെതിരെ നിലവിൽ കർശന നടപടികൾ അധികൃതര്‍ സ്വീകരിച്ചു വരികയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine