www.dmk.in
News & Views

ട്രംപ് കാരണം തമിഴ്‌നാടിന് ഓരോ ദിവസവും ₹60 കോടി നഷ്ടം! ഇടപെടല്‍ വേഗത്തിലാക്കണമെന്ന് മോദിയോട് സ്റ്റാലിന്‍

തിരുപ്പൂര്‍, കോയമ്പത്തൂര്‍, ഇറോഡ്, കരൂര്‍ എന്നിവിടങ്ങളിലുള്ള ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ തകര്‍ച്ചയുടെ പടിവാതിക്കലാണ്

Dhanam News Desk

റഷ്യന്‍ എണ്ണ വാങ്ങുന്നുവെന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കു മേല്‍ 50 ശതമാനം ഇറക്കുമതി തീരുവയായിരുന്നു യുഎസ് ചുമത്തിയത്. യുഎസുമായി സ്വതന്ത്ര വ്യാപാര കരാറിലെത്തുന്നതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് രാജ്യത്തെ കയറ്റുമതി മേഖലയുടെ പ്രതീക്ഷ.

ചെമ്മീന്‍ ഉള്‍പ്പെടെയുള്ള സമുദ്രോത്പന്ന കയറ്റുമതിയും ജെംസ്, ജുവലറി ഐറ്റങ്ങളുടെ കയറ്റുമതിയും തുടക്കത്തിലേ പ്രതിസന്ധി മറികടന്ന് മുന്നേറുകയാണ്. യുഎസ് വിപണിയില്‍ നിന്ന് പിന്മാറേണ്ടി വന്നെങ്കിലും മറ്റ് യൂറോപ്യന്‍, ആഫ്രിക്കന്‍ വിപണികളിലേക്ക് കടന്നുകയറാനായതാണ് തുണയായത്. നവംബറില്‍ കയറ്റുമതി വരുമാനം പത്തുവര്‍ഷത്തെ ഉയര്‍ന്ന തലത്തിലേക്ക് എത്തുകയും ചെയ്തു.

അതേസമയം യുഎസ് താരിഫ് മൂലം പ്രതിസന്ധിയിലായ അവസ്ഥയിലാണ് തമിഴ്‌നാട്ടിലെ വ്യവസായങ്ങളെന്ന് മുഖ്യമന്ത്രി എ.കെ സ്റ്റാലിന്റെ പരിദേവനം. സംസ്ഥാനത്തെ ടെക്‌സ്റ്റൈല്‍, ലെതര്‍ ഇന്‍ഡസ്ട്രി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഫാക്ടറികള്‍ പ്രവര്‍ത്തനം വെട്ടിക്കുറച്ചും തൊഴിലാളികളെ പിരിച്ചുവിട്ടുമാണ് പിടിച്ചുനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യുഎസുമായുള്ള വ്യാപാര കരാറില്‍ എത്രയും പെട്ടെന്ന് എത്തണമെന്ന് സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. വിവിധ വ്യവസായിക മേഖലകളിലെ പ്രതിദിന നഷ്ടം 60 കോടി രൂപ വീതമാണ്. യുഎസിലേക്ക് കൂടുതല്‍ കയറ്റുമതിയുള്ള വ്യവസായങ്ങളാണ് കൂടുതലായി തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിക്കുന്നത്.

തിരിച്ചടി ഭയാനകം

തിരുപ്പൂര്‍, കോയമ്പത്തൂര്‍, ഇറോഡ്, കരൂര്‍ എന്നിവിടങ്ങളിലുള്ള ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ തകര്‍ച്ചയുടെ പടിവാതിക്കലാണ്. ഈ രീതിയില്‍ ഏറെക്കാലം മുന്നോട്ടു പോകാന്‍ ഇത്തരം വ്യവസായങ്ങള്‍ക്ക് സാധിക്കില്ല. വിഷയത്തില്‍ എത്രയും പെട്ടെന്ന് പരിഹാരമുണ്ടായില്ലെങ്കില്‍ തിരിച്ചടി ഭയാനകമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.

രാജ്യത്തെ ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്ട്രിയില്‍ സുപ്രധാന റോളാണ് തമിഴ്‌നാടിനുള്ളത്. ആകെ ടെക്‌സ്‌റ്റൈല്‍ കയറ്റുമതിയുടെ 28 ശതമാനവും തമിഴ്‌നാട്ടില്‍ നിന്നാണ്. 75 ലക്ഷം പേരാണ് ഈ മേഖലയില്‍ പണിയെടുക്കുന്നത്. ടെക്‌സ്‌റ്റൈല്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഏറെയും യുഎസിലേക്കായിരുന്നു. ഇതാണ് പ്രതിസന്ധി വര്‍ധിപ്പിച്ചത്.

രാജ്യത്തു നിന്നുള്ള ലെതര്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയിലും തമിഴ്‌നാടിനാണ് മുന്‍തൂക്കം. ലെതര്‍ കയറ്റുമതിയുടെ 40 ശതമാനം തമിഴ്‌നാട്ടില്‍ നിന്നാണ്. 10 ലക്ഷത്തിലേറെ പേര്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നു.

തിരുപ്പൂരിലെ വിവിധ കയറ്റുമതിക്കാര്‍ക്ക് യുഎസ് താരിഫ് വന്നശേഷം 15,000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. പല ഫാക്ടറികളിലും 30 ശതമാനം ഉത്പാദനം വെട്ടിക്കുറച്ചതായും സ്റ്റാലിന്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT