image: @canva 
News & Views

കേരളത്തിന്റെ ചുമ മരുന്ന്‌ ഗുണനിലവാരമില്ലാത്തത്; 67 മരുന്നുകള്‍ പിന്‍വലിക്കാന്‍ കമ്പനികള്‍ക്ക് നോട്ടീസ്

കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്റെ നാല് മരുന്നുകള്‍ പട്ടികയില്‍

Dhanam News Desk

കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന ചുമ മരുന്ന്‌ ഉള്‍പ്പടെ നാലു മരുന്നുകള്‍ ഉപയോഗ യോഗ്യമല്ലെന്ന്‌ പരിശോധനയില്‍ കണ്ടെത്തി. ഇവയുള്‍പ്പടെ ഇന്ത്യയിലെ പത്തു കമ്പനികളുടെ 67 മരുന്നുകള്‍ ഗുണനിലവാരമില്ലാത്തതാണെന്നാണ് കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ പരിശോധനയില്‍ തെളിഞ്ഞത്.   ഈ മരുന്നുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ബന്ധപ്പെട്ട കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി. സെപ്തംബര്‍ മാസത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി 3,000 മരുന്നുകളുടെ സാമ്പിള്‍ പരിശോധനയിലാണ് 67 മരുന്നുകള്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തിയത്. കേന്ദ്ര ലാബില്‍ നടത്തിയ പരിശോധനയില്‍ 49 മരുന്നുകളും സംസ്ഥാനങ്ങളിലെ ലാബുകളിലെ പരിശോധനകളില്‍ 18 മരുന്നുകളും ഉപയോഗ യോഗ്യമല്ല.  പത്തു കമ്പനികള്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.

കേരളത്തില്‍ നിന്ന് നാല് മരുന്നുകള്‍

കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന നാല് മരുന്നുകളാണ് വിലക്കിന്റെ പട്ടികയിലുള്ളത്. കഫ്‌സിറപ്പ്, ടെല്‍മിസാര്‍ട്ടിന്‍ ടാബ്ലെറ്റ് 40 എം.ജി, പാന്റപ്രസോള്‍ ഇഞ്ചക്ഷന്‍ 40 എം.ജി, ഗ്ലിംപിറൈഡ് ടാബ്ലറ്റ് എന്നിവയാണിത്. കേരള കമ്പനിയെ കൂടാതെ ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ, സീ ലബോറട്ടറീസ്, ലൈഫ് മാക്‌സ് കാന്‍സര്‍ ലബോറട്ടറീസ്, ആര്‍ക്കം ഹെല്‍ത്ത് സയന്‍സ്,ഡിജിറ്റല്‍ വിഷന്‍, എ.എന്‍.ജി ലൈഫ് സയന്‍സ് ഇന്ത്യ, നെസ്റ്റര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹിമാലയ മെഡിടെക്, പ്രോട്ടെക് ടെലി ലിങ്ക്‌സ് എന്നീ കമ്പനികള്‍ നിര്‍മിക്കുന്ന വിവിധ മരുന്നുകള്‍ക്കും വിലക്കുണ്ട്. ഓഗസ്റ്റ് മാസത്തിലെ പരിശോധനയിലും കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്റെ പാന്റപ്രസോള്‍ ഇഞ്ചക്ഷന് വിലക്കുണ്ടായിരുന്നു. എന്നാല്‍ ഈ മാസവും ഈ മരുന്ന് കേരളത്തില്‍ വിതരണം ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായ രണ്ട് മാസങ്ങളില്‍ ഒരേ മരുന്ന് ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തുന്നത് ഗൗരവതരമായ കുറ്റമാണെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ രാജീവ് രഘുവംശി പറഞ്ഞു. കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് അധികാരമുണ്ട്.

എന്താണ് ഗുണനിലവാരം

നിശ്ചിത ഘടകങ്ങള്‍ പൂര്‍ണതോതില്‍ ഉള്‍പ്പെടുന്ന മരുന്നുകളാണ് ഗുണനിലവാരമുള്ളതായി കണക്കാക്കുന്നത്. നിര്‍ദ്ദിഷ്ട ഘടകങ്ങള്‍ നിശ്ചിത അളവില്‍ ഉള്‍പ്പെടുന്നില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ ഇവക്ക് വിലക്ക് ഏര്‍പ്പെടുത്തും. ഇത്തരം മരുന്നുകള്‍ രോഗികളില്‍ ഫലിക്കാതെ വരും. പാര്‍ശഫലങ്ങള്‍ ഇല്ലെങ്കിലും അസുഖം മൂര്‍ച്ഛിക്കാന്‍ ഇത് കാരണമാകുമെന്നാണ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ ചട്ടങ്ങളില്‍ പറയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT