Image : Canva 
News & Views

എട്ടാം ശമ്പള കമ്മീഷന്‍: കേന്ദ്ര ജീവനക്കാരുടെ ശമ്പളവര്‍ധന 34 ശതമാനം വരെ? പുതിയ ശമ്പള സ്‌കെയില്‍ 2026 ജനുവരിയില്‍ പ്രാബല്യത്തിലായേക്കും

Dhanam News Desk

ലക്ഷക്കണക്കിന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ആകാംക്ഷയോടെയാണ് എട്ടാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നത്. ശമ്പള കമ്മീഷന്റെ പ്രഖ്യാപനം ഈ വര്‍ഷം ആദ്യം നടത്തിയെങ്കിലും ഇതിന്റെ തലവനെയോ അംഗങ്ങളെയോ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അധികം വൈകാതെ ഈ പ്രഖ്യാപനം വരുമെന്നാണ് വിവരം. അടുത്ത വര്‍ഷം ജനുവരി മുതല്‍ പുതിയ ശമ്പള സ്‌കെയില്‍ വന്നേക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശമ്പളവും പെന്‍ഷനും 30 മുതല്‍ 34 ശതമാനം വരെ ഉയര്‍ത്താന്‍ കമീഷന് ശിപാര്‍ശ ചെയ്യാം. കേന്ദ്ര മന്ത്രിസഭയാണ് ഇതിന് അംഗീകാരം നല്‌കേണ്ടത്. ജീവനക്കാരും പെന്‍ഷന്‍ വാങ്ങുന്നവരുമായി 1.1 കോടി ആളുകള്‍ക്ക് ഗുണം ചെയ്യും. ശമ്പള കമ്മീഷനിലെ അംഗങ്ങളെ അധികം വൈകാതെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ആര്‍ക്കൊക്കെ ഗുണം ചെയ്യും?

എട്ടം ശമ്പള കമ്മീഷന്റെ ശിപാര്‍ശകള്‍ 1.1 കോടി പേര്‍ക്ക് നേട്ടമാകും. 44 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും 68 ലക്ഷം പെന്‍ഷന്‍കാരും ഇതിന്റെ ഗുണഭോക്താക്കളാകും. ശിപാര്‍ശകള്‍ കേന്ദ്രം അംഗീകരിക്കുന്നതോടെ അടിസ്ഥാന ശമ്പളം, അലവന്‍സ്, റിട്ടയര്‍മെന്റ് നേട്ടങ്ങള്‍ എന്നിവ ഉയരും.

ഏഴാം ശമ്പള കമ്മീഷന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ മാസശമ്പളം 7,000 രൂപയില്‍ നിന്ന് 18,000 ആയി ഉയര്‍ത്തിയിരുന്നു. 2006ലുണ്ടായിരുന്ന ആറാം ശമ്പള കമ്മീഷന്‍ അലവന്‍സില്‍ ഉള്‍പ്പെടെ 54 ശതമാനം വര്‍ധനയാണ് കൊണ്ടുവന്നത്. ഏഴാം ശമ്പള കമ്മീഷന്‍ (2016ല്‍) പക്ഷേ അടിസ്ഥാന ശമ്പളത്തില്‍ 14.3 ശതമാനം വര്‍ധന മാത്രമാണ് വരുത്തിയത്.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്റെ ശമ്പളം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്റെ ശമ്പളത്തില്‍ നിരവധി ഘടകങ്ങളുണ്ട്. അടിസ്ഥാന ശമ്പളം, ക്ഷാമബത്ത (ഡി.എ), വീട്ടു വാടക അലവന്‍സ് (എച്ച്ആര്‍എ), ഗതാഗത അലവന്‍സ് (ടിഎ), മറ്റ് ചെറിയ ആനുകൂല്യങ്ങള്‍. പെന്‍ഷന്‍കാര്‍ക്ക് പക്ഷേ വീട്ടുവാടക അലവന്‍സ്, ഗതാഗത അലവന്‍സ് എന്നിവ ലഭിക്കില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT