ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ മുന്നേറ്റം തൊഴിൽ മേഖലയിൽ പ്രതിഫലിക്കുന്നതിന്റെ സൂചനകൾ വ്യക്തമാക്കുന്ന സര്‍വേയുമായി എഓൺ (AON). ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, 2026-ൽ ഇന്ത്യൻ കമ്പനികൾ ശരാശരി 9 ശതമാനം ശമ്പള വർദ്ധനവ് നൽകാൻ സാധ്യതയുണ്ടെന്നാണ് സർവേയുടെ പ്രധാന കണ്ടെത്തൽ. വാർഷിക ശമ്പള വർദ്ധനവ്, ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് സംബന്ധിച്ച AON ന്റെ 2024-25 സർവേ റിപ്പോർട്ടാണ് പുറത്തു വന്നത്.
എന്നാല്‍ രാജ്യത്തെ വിവിധ വ്യവസായ മേഖലകളില്‍ ഈ വളർച്ചാ നിരക്ക് ഒരുപോലെയല്ല. ഉയർന്ന ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്നതിൽ മുന്നിട്ട് നിൽക്കുന്ന രണ്ട് പ്രധാന മേഖലകള്‍ റിയൽ എസ്റ്റേറ്റ്/അടിസ്ഥാന സൗകര്യ വികസനം, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയാണ്.
ബഹുരാഷ്ട്ര പ്രൊഫഷണൽ സർവീസസ് കമ്പനിയായ AON രാജ്യവ്യാപകമായി 45 വ്യവസായ മേഖലകളിലായി 1,060 സ്ഥാപനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്.
രാജ്യവ്യാപകമായി നടക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ റിയൽ എസ്റ്റേറ്റ്/അടിസ്ഥാന സൗകര്യ വികസനം മേഖലയ്ക്ക് വലിയ ഉണര്‍വാണ് നൽകുന്നത്. പ്രധാന നഗരങ്ങളിലെ ഭവന നിർമ്മാണ മേഖലയിലും അടിസ്ഥാന സൗകര്യ പദ്ധതികളിലുമുള്ള വർധിച്ച നിക്ഷേപം ഈ വ്യവസായത്തിന് കരുത്തേകുന്നു. ഇതിന്റെ ഫലമായി, ഈ മേഖലയിൽ വൈദഗ്ധ്യമുള്ള ജോലിക്കാർക്ക് ഉയർന്ന ഡിമാൻഡാണ്. പ്രതിഭാധനരായവരെ നിലനിർത്തുന്നതിനും പുതിയവരെ ആകർഷിക്കുന്നതിനും വേണ്ടി കമ്പനികൾ തന്ത്രപരമായി ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നു. 10.9 ശതമാനമാണ് അടുത്ത കൊല്ലം ഈ മേഖലയില്‍ പ്രതീക്ഷിക്കുന്ന ശമ്പള വര്‍ധന.
ഇന്ത്യയുടെ വളർച്ചാ നിരക്കിന് ആക്കം കൂട്ടുന്നതിൽ എൻ.ബി.എഫ്.സി കൾ വലിയ പങ്കാണ് വഹിക്കുന്നത്. ചെറിയ ബിസിനസ്സുകൾക്കും വ്യക്തിഗത വായ്പകൾക്കുമുള്ള വർധിച്ചുവരുന്ന ആവശ്യം ഈ സ്ഥാപനങ്ങളുടെ വിപുലീകരണത്തിന് വഴിതെളിച്ചു. ഈ വളർച്ച നിലനിർത്തുന്നതിനായി, എൻ.ബി.എഫ്.സി.കൾ ജീവനക്കാർക്ക് മികച്ച പ്രതിഫലമാണ് ഉറപ്പാക്കുന്നത്. 10 ശതമാനമാണ് അടുത്ത കൊല്ലം എൻ.ബി.എഫ്.സി മേഖലയില്‍ പ്രതീക്ഷിക്കുന്ന ശമ്പള വര്‍ധന.
കൂടാതെ, എൻജിനീയറിങ് ഡിസൈൻ സർവീസസില്‍ 9.7 ശതമാനവും ഓട്ടോമോട്ടീവ്/വാഹന നിർമ്മാണ മേഖലയില്‍ 9.6 ശതമാനവും, റീട്ടെയിൽ, ലൈഫ് സയൻസസ് മേഖലകളില്‍ 9.6 ശതമാനവും ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ശക്തമായ ഉപഭോഗവും നയപരമായ സുസ്ഥിരതയും സാമ്പത്തിക വളർച്ചയും ഈ അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. ഈ പ്രവണത, രാജ്യത്തിന്റെ തൊഴിൽ വിപണി കൂടുതൽ കരുത്താർജിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്.
AON predicts 9% average salary hike in 2026, with Real Estate and NBFC sectors leading the trend.
Read DhanamOnline in English
Subscribe to Dhanam Magazine