രാജ്യത്തെ വ്യോമയാന രംഗത്തെ സ്തംഭിപ്പിച്ച ഇന്‍ഡിഗോ പ്രതിസന്ധി രാജ്യത്തെ അവശ്യ സേവന മേഖലകള്‍ക്കൊരു പാഠമാണ്. ഏതൊരു രംഗത്തും കുത്തകവല്‍ക്കരണം വരുന്നത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ഈ സംഭവം അടിവരയിടുന്നു. നിരവധി കമ്പനികളുണ്ടായിരുന്ന ഇന്ത്യന്‍ വ്യോമയാന രംഗത്ത് മത്സരം താങ്ങാനാകാതെ പലരും പാതിവഴിയില്‍ വീണു.
ആഭ്യന്തര സര്‍വീസിന്റെ 65 ശതമാനത്തോളം ഇന്‍ഡിഗോയുടെ കൈവശമാണ്. സമ്മര്‍ദത്തിലൂടെ കാര്യങ്ങള്‍ നേടിയെടുക്കാനുള്ള ഇന്‍ഡിഗോയുടെ നീക്കമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്. ഏതൊരു രംഗത്തും കുത്തകവല്‍ക്കരണം വരുന്നത് സര്‍വീസുകള്‍ മോശമാകാനും തോന്നിയ വില ഈടാക്കാനുമുള്ള ലൈസന്‍സായി മാറുകയും ചെയ്യും.
വ്യോമയാന രംഗത്തെ പ്രതിസന്ധി രാജ്യത്തെ ടെലികോം രംഗത്തിനും മുന്നറിയിപ്പാണ്. ഒരുകാലത്ത് 10ലേറെ സേവനദാതാക്കള്‍ സജീവമായിരുന്ന ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ നിയന്ത്രണം ഇപ്പോള്‍ റിലയന്‍സിന്റെ ജിയോയുടെയും ഭാരതി എയര്‍ടെല്ലിന്റെയും കൈവശമാണ്. പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ കളത്തിലുണ്ടെങ്കിലും അത്ര ഫലപ്രദമല്ല.
ഇപ്പോള്‍ തന്നെ പ്ലാനുകള്‍ തോന്നിയ പോലെ വര്‍ധിപ്പിക്കുകയാണ് ഇരു സ്വകാര്യ കമ്പനികളും. ഉപയോക്താക്കള്‍ക്ക് മറ്റൊരു ബദല്‍ ഇല്ലാത്തതിനാല്‍ വേറെ നിര്‍വാഹമില്ല. നാളെയൊരു സുപ്രഭാതത്തില്‍ നിരക്കുകള്‍ ഇരട്ടിയാക്കിയാലും നോക്കി നില്‍ക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. സ്വകാര്യ കമ്പനികളുടെ വിലപേശല്‍ ശേഷി കുറച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ സേവനദാതാക്കളെ ശക്തിപ്പെടുത്തിയില്ലെങ്കില്‍ ഭാവിയില്‍ സമാന പ്രതിസന്ധി നേരിടേണ്ടി വന്നേക്കും.
ഒരുകാലത്ത് ഇന്ത്യന്‍ ടെലികോം രംഗത്ത് ബഹുരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെടെ നിരവധി വമ്പന്മാരുണ്ടായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ ടെലികോം മേഖലയില്‍ അടച്ചുപൂട്ടല്‍ വ്യാപകമായി.
എയര്‍സെല്‍, അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ആര്‍കോം, ടാറ്റ ഡോക്കോമോ, ടെലിനോര്‍ ഇന്ത്യ, ലൂപ് മൊബൈല്‍, വീഡിയോകോണ്‍ ടെലികോം എന്നീ കമ്പനികളാണ് ചുരുങ്ങിയ കാലത്തിനിടയില്‍ വന്നു പോയത്. സാമ്പത്തിക പ്രതിസന്ധിയാണ് ഈ കമ്പനികള്‍ക്കെല്ലാം തിരിച്ചടിയായത്.
കോയമ്പത്തൂര്‍ ആസ്ഥാനമായി 1999ല്‍ ആരംഭിച്ച എയര്‍സെല്‍ 2018ല്‍ പ്രവര്‍ത്തനം അവസാനിച്ചു. തമിഴ്‌നാട്ടില്‍ വിപണി വിഹിതത്തിന്റെ സിംഹഭാഗവും എയര്‍സെല്ലിന്റെ കൈയിലായിരുന്നു. കൂടാതെ ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയിടങ്ങളിലേക്കും കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. എന്നാല്‍ ടെലികോം രംഗത്ത് മത്സരം കടുത്തതോടെ വരുമാനം ഇടിഞ്ഞു, ചെലവ് കൂടി. ഒരുഘട്ടത്തില്‍ 16,000 കോടി രൂപയോളമെത്തി കമ്പനിയുടെ കടം.
അംബാനി സഹോദരന്മാരില്‍ ടെലികോം രംഗത്തെ സാധ്യത ആദ്യം തിരിച്ചറിഞ്ഞത് അനില്‍ അംബാനിയാണ്. ആര്‍കോം എന്ന പേരില്‍ ആരംഭിച്ച കമ്പനി തുടക്കത്തില്‍ വലിയ ശ്രദ്ധ നേടിയെങ്കിലും ചെലവ് കൂടുതലും വരുമാനം കുറവുമെന്ന അവസ്ഥയിലേക്ക് വീണു. ഒടുവില്‍ ആസ്തികകള്‍ മുകേഷ് അംബാനിക്ക് വിറ്റ് ഫീല്‍ഡ് വിട്ടു.
ടാറ്റ ഗ്രൂപ്പിന്റെ പരാജയപ്പെട്ട വലിയ ബിസിനസുകളിലൊന്നാണ് ടെലികോം രംഗത്തേത്. വലിയ മുതല്‍മുടക്കോടെ 2008ല്‍ ആരംഭിച്ച ടാറ്റ ഡോക്കോമയ്ക്ക് തുടക്കത്തിലേയുള്ള പ്രൗഢി നിലനിര്‍ത്താന്‍ സാധിച്ചില്ല. ജപ്പാനീസ് കമ്പനിയായ എന്‍ടിടി ഡോക്കോമോയുമായി ചേര്‍ന്നാണ് ടാറ്റ ടെലികോം മേഖലയില്‍ നിക്ഷേപം നടത്തിയത്. പ്രകടനം മോശമായതിനെത്തുടര്‍ന്ന് ഇടക്കാലത്ത് ഡോക്കോമോ സംയുക്ത സംഭം വിട്ടു. ഒടുവില്‍ 2017ല്‍ ഭാരതി എയര്‍ടെല്‍ കമ്പനിയുടെ ആസ്തികള്‍ വാങ്ങി.
ടെലികോം രംഗം വിദേശ നിക്ഷേപകര്‍ക്കായി തുറന്നു കൊടുത്തതിന്റെ ചുവടുപിടിച്ചാണ് നോര്‍വേ ആസ്ഥാനമായ ടെലിനോര്‍ ഗ്രൂപ്പ് ഇന്ത്യയിലേക്ക് എത്തുന്നത്. എന്നാല്‍ കടുത്ത മത്സരം നടന്ന വിപണിയില്‍ അതിജീവിക്കാന്‍ ടെലിനോറിനും സാധിച്ചില്ല.
Read DhanamOnline in English
Subscribe to Dhanam Magazine