News & Views

വി.പി.എസ് ലേക്‌ഷോർ വീണ്ടും വിവാഹവേദിയായി; ചികിത്സയിലിരിക്കുന്ന യുവതിക്ക് വരൻ ആശുപത്രിയിലെ ക്ഷേത്രത്തിൽ താലിചാർത്തി

ഇരുവരുടെയും വിവാഹം മാസങ്ങൾക്ക് മുമ്പേ നിശ്ചയിച്ചതാണ്. ഇതിനിടെ വയറുവേദന അനുഭവപ്പെട്ട് ദിയ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു

Dhanam News Desk

നാല് മാസങ്ങൾക്ക് ശേഷം വി.പി.എസ് ലേക്‌ഷോറില്‍ വീണ്ടുമൊരു കല്യാണമണ്ഡപമൊരുങ്ങി. ഗാസ്ട്രോ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന ഓച്ചിറ സൗത്ത് കൊച്ചുമുറി എടയത്ത് വീട്ടിൽ പ്രഹ്ളാദന്റെയും രമാദേവിയുടെയും മകൾ ദിയ ജി. പ്രഹ്ലാദിന് (26) കായംകുളം ഗോവിന്ദമുട്ടം പുത്തൻകണ്ടത്തിൽ പരേതനായ ഡി. ജയൻ, അനിത ദമ്പതികളുടെ മകൻ ജിതിൻ ജയൻ താലിചാർത്തി.

ഇരുവരുടെയും വിവാഹം മാസങ്ങൾക്ക് മുമ്പേ നിശ്ചയിച്ചതാണ്. ഇതിനിടെ വയറുവേദന അനുഭവപ്പെട്ട് ദിയ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നാണ് അടിയന്തിര ശസ്ത്രക്രിയ നടത്തിയത്. ഇതിനോടകം വിവാഹത്തിനുള്ള ഒരുക്കങ്ങൾ ബന്ധുക്കൾ പൂർത്തീകരിച്ചിരുന്നു. അതിനാൽ നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താൻ കുടുംബം തീരുമാനിച്ചു.

യാത്ര ചെയ്യാൻ ദിയയുടെ നിലവിലെ ആരോഗ്യസ്ഥിതി അനുവദിക്കാത്ത സാഹചര്യത്തിൽ ആശുപത്രിയിൽ തന്നെ വിവാഹം നടത്തുകയായിരുന്നു. വിവാഹ ദിനത്തിൽ അപകടത്തിൽപെട്ട ആലപ്പുഴ സ്വദേശി ആവണിയെ വരൻ ഷാരോൺ വി.പി.എസ് ലേക്‌ഷോറിലെ അത്യാഹിത വിഭാഗത്തിൽ വെച്ച് താലിചാർത്തിയത് കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു.

വി.പി.എസ് ലേക്‌ഷോർ എം.ഡി എസ്.കെ. അബ്ദുള്ള, സി.ഇ.ഒ ജയേഷ് വി. നായർ, ഗ്രൂപ്പ് സി.ഒ.ഒ ലക്ഷ്മൺ സേതുരാമൻ, സർജിക്കൽ ഗാസ്ട്രോ എന്ററോളജി ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ. എച്ച്. രമേഷ്, സീനിയർ കൺസൾട്ടന്റ് ഡോ. മായ പീതാംബരൻ തുടങ്ങിയവരും കല്യാണത്തില്‍ പങ്കെടുത്തു. സൗദി അറേബ്യയിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫിസറാണ് ജിതിൻ. എം.എ ഇംഗ്ലീഷ് പൂർത്തിയാക്കിയ ദിയ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT