പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്നുണ്ടായ കടുത്ത പാചകവാതക ക്ഷാമം കാരണം ഈ വാരാന്ത്യത്തോടെ കേരളത്തിലെ 70 ശതമാനം റസ്റ്റോറന്‍റുകളും ഹോട്ടലുകളും അടച്ചുപൂട്ടാൻ സാധ്യത. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം വരും ദിവസങ്ങളില്‍ പുനരാരംഭിച്ചില്ലെങ്കിൽ സംസ്ഥാനത്തെ ഭൂരിഭാഗം ഭക്ഷണശാലകളും പ്രവർത്തനരഹിതമാകും. കൊച്ചി അടക്കമുളള നഗരങ്ങളില്‍ ഇപ്പോള്‍ തന്നെ എല്‍.പി.ജി ക്ഷാമം മൂലം ഭൂരിഭാഗം ഹോട്ടലുകളും ഭാഗികമായാണ് പ്രവര്‍ത്തിക്കുന്നത്. എൽപിജി സിലിണ്ടറുകളുടെ വിതരണ തടസം കടുത്ത പ്രതിസന്ധിയാണ് ഹോട്ടല്‍ മേഖലയില്‍ സൃഷ്ടിക്കുന്നത്.
നിലവിൽ കൈവശമുള്ള സ്റ്റോക്ക് ഉപയോഗിച്ച് രണ്ട് മൂന്ന് ദിവസങ്ങൾ കൂടി മാത്രമേ മിക്ക ഹോട്ടലുകൾക്കും പ്രവർത്തിക്കാൻ സാധിക്കൂ. പശ്ചിമേഷ്യയിലെ സംഘർഷം മൂലം കപ്പൽ ഗതാഗതത്തിലുണ്ടായ തടസത്തെത്തുടർന്ന്, മാർച്ച് 8 ന് ആശുപത്രികൾ പോലുള്ള അത്യാവശ്യ സർവീസുകൾ ഒഴികെയുള്ള സ്ഥാപനങ്ങൾക്ക് വാണിജ്യ ഗ്യാസ് വിതരണം ചെയ്യുന്നത് കേന്ദ്ര സർക്കാർ നിർത്തിവെച്ചിരുന്നു. പ്രതിസന്ധി മറികടക്കാൻ മെനുവിൽ വിപുലമായ മാറ്റങ്ങൾ വരുത്താനാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നിർദ്ദേശിച്ചിരിക്കുന്നത്.
ഷവർമ, ഷവായ്, ദോശ, ചൈനീസ് വിഭവങ്ങൾ എന്നിവയാണ് മെനുവിൽ നിന്ന് ആദ്യം ഒഴിവാക്കപ്പെടുന്നത്. ദോശ പോലുള്ള വിഭവങ്ങൾ പല പ്രമുഖ ഹോട്ടലുകളും ഇതിനകം നിർത്തിവെച്ചു. ഇതിന് പകരം മൊത്തമായി പാകം ചെയ്യാവുന്ന വിഭവങ്ങളിലേക്കും ഇൻഡക്ഷൻ കുക്കിംഗിലേക്കും ഹോട്ടലുകൾ മാറുകയാണ്. വിതരണം ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ഹോട്ടലുകളും അടച്ചുപൂട്ടേണ്ടി വരുമെന്ന ആശങ്ക ശക്തമാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ വിറക് ഉപയോഗിച്ച് പാകം ചെയ്യുന്നത് പ്രായോഗികമല്ല എന്നതും ഹോട്ടലുകാരെ വലക്കുന്നു.
A severe commercial LPG shortage caused by the West Asia conflict threatens to shut down most of restaurants and hotels in Kerala in coming days.
Read DhanamOnline in English
Subscribe to Dhanam Magazine