കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിലുള്ള എക്സ്പോർട്ട് ഇൻസ്പെക്ഷൻ കൗൺസിലിൻ്റെ (ഇ.ഐ.സി ) നിയന്ത്രണത്തിലുള്ള കൊച്ചി എക്സ്പോർട്ട് ഇൻസ്പെക്ഷൻ ഏജൻസിയിൽ (ഇ.ഐ.എ) അത്യന്താധുനിക മൈക്രോബയോളജി ലബോറട്ടറി പ്രവർത്തനമാരംഭിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയും ഇ.ഐ.സി ഡയറക്ടറുമായ നിതിൻ കുമാർ യാദവ് ഐ.എ.എസ് ഉദ്ഘാടനം നിർവഹിച്ചു.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതിലും കയറ്റുമതിയുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിലും ഈ സൗകര്യം പ്രധാന പങ്ക് വഹിക്കും. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ പ്രത്യേകിച്ച് ലബോറട്ടറി സംവിധാനങ്ങൾ തുടർച്ചയായി നവീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കയറ്റുമതി, ഇറക്കുമതി, ആഭ്യന്തര വിപണി എന്നിവയുമായി ബന്ധപ്പെട്ട് ഭക്ഷ്യ വസ്തുക്കളുടെ വിശദമായ മൈക്രോബയോളജി വിശകലനം നടത്താൻ നൂതന സാങ്കേതിക സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
യൂറോപ്യൻ യൂണിയൻ അടുത്തിടെ കയറ്റുമതിക്കായി 102 മത്സ്യബന്ധന സ്ഥാപനങ്ങളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. അതിൽ 18 എണ്ണം നമ്മുടെ മേഖലയിൽ നിന്നുള്ളതാണ്. ഇത് ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയെ ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിതിൻ കുമാർ പറഞ്ഞു.
ലബോറട്ടറി ഇതിനകം ദേശീയ അംഗീകാരം നേടിക്കഴിഞ്ഞതായി ഇ.ഐ.സി.യുടെ അഡീഷണൽ ഡയറക്ടർ ഡോ. ജെ.എസ്. റെഡ്ഡി പറഞ്ഞു. പരിസ്ഥിതി മന്ത്രാലയം ഇതിനെ ജനിതകമാറ്റം വരുത്തിയ സസ്യങ്ങളുടെയും സസ്യ ഉത്പന്നങ്ങളുടെയും (ജി.എം.ഒ) പരിശോധനയ്ക്കുള്ള ദേശീയ റഫറൽ ലബോറട്ടറിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
A state-of-the-art microbiology lab opens in Kochi to boost food safety and export quality standards.
Read DhanamOnline in English
Subscribe to Dhanam Magazine