canva, Facebook / Mohanlal, Mammootty, instagram/ aamirkhan actor
News & Views

ആമിര്‍ഖാന് സിനിമയില്‍ പ്രതിഫലമില്ല! 20 വര്‍ഷമായി വാങ്ങുന്നത് ലാഭത്തിന്റെ വിഹിതം; മലയാള സിനിമ മാതൃകയാക്കുമോ?

മലയാള സിനിമയില്‍ ഒരു താരവും ഇതിന് തയ്യാറായിട്ടില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന

Dhanam News Desk

താരങ്ങളുടെ പ്രതിഫലത്തെ ചൊല്ലി മലയാള സിനിമയില്‍ പ്രതിസന്ധി ഉടലെടുത്തിരിക്കെ ചര്‍ച്ചയായി ബോളിവുഡ് താരം ആമിര്‍ ഖാന്റെ ലാഭവിഹിത മോഡല്‍. 20 വര്‍ഷമായി താന്‍ പ്രതിഫലം വാങ്ങാറില്ലെന്നും പകരം സിനിമയുടെ ലാഭത്തിന്റെ വിഹിതം സ്വീകരിക്കുകയാണ് പതിവെന്നും ആമിര്‍ ഖാന്‍ അടുത്തിടെ പറഞ്ഞിരുന്നു. തന്റെ സിനിമകള്‍ക്ക് 10-20 കോടി രൂപയാണ് ചെലവ് വരുന്നത്. ഈ പണം എന്തായാലും വിപണിയില്‍ നിന്നും ലഭിക്കും. ലാഭമായി ലഭിക്കുന്ന പണത്തില്‍ നിന്നും നിശ്ചിത വിഹിതമാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. സിനിമ വിജയിച്ചാല്‍ കൂടുതല്‍ വരുമാനം നേടാനും ഇതുവഴി കഴിയുമെന്നും ആമീര്‍ ഖാന്‍ പറയുന്നു. പ്രേക്ഷകര്‍ സ്വീകരിക്കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും തന്റെ സിനിമകളുടെയും വരുമാനത്തിന്റെയും സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍മാതാവിന്റെ ഭാരം കുറയും

സിനിമയുടെ ലാഭത്തില്‍ നിന്നുള്ള വിഹിതം കൈപ്പറ്റുന്നത് നിര്‍മാതാവിന്റെ സാമ്പത്തിക ഭാരം കുറക്കുന്നതിനൊപ്പം താരങ്ങള്‍ക്കും ഏറെ ഗുണങ്ങളുണ്ടെന്നും ആമിര്‍ ഖാന്‍ പറയുന്നു. ഇഷ്ടപ്പെട്ട സിനിമകള്‍ മാത്രം ചെയ്യാനുള്ള സ്വാതന്ത്ര്യം ഇതുവഴി താരങ്ങള്‍ക്ക് ലഭിക്കുന്നു. സിനിമയുടെ ബജറ്റ് കൂടുമെന്ന ഭയവും ഇതിലില്ല. ഭീമമായ മുടക്കുമുതല്‍ കണ്ടെത്താനും നിര്‍മാതാവ് കഷ്ടപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. അവസാനം പുറത്തിറങ്ങിയ ലാല്‍ സിംഗ് ഛദ്ദയുടെ പരാജയം മാനസികമായി തന്നെ തളര്‍ത്തിയതായും താരം പറയുന്നു.

ലാഭവിഹിത മോഡല്‍

സൂപ്പര്‍ താര സിനിമയുടെ ആകെ ചെലവിന്റെ 40 ശതമാനം വരെ താരങ്ങളുടെ പ്രതിഫലത്തിന് വേണ്ടി ചെലവിടാറുണ്ടെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഇത് സിനിമയുടെ ആകെ ബജറ്റ് വര്‍ധിപ്പിക്കുകയും നിര്‍മാതാവിന്റെ സാമ്പത്തിക ഭാരം കൂട്ടുകയും ചെയ്യും. എന്നാല്‍ താരങ്ങള്‍ പ്രതിഫലം വാങ്ങാതെ ലാഭത്തില്‍ നിന്നുള്ള വിഹിതം കൈപ്പറ്റാമെന്ന കരാറിലെത്തിയാല്‍ സിനിമയുടെ ബജറ്റ് ഗണ്യമായി കുറക്കാന്‍ സഹായിക്കും. താരങ്ങളുടെ പ്രതിഫലം ലാഭവുമായി ബന്ധപ്പെട്ടതായതിനാല്‍ സിനിമയുടെ വിജയത്തിനായി താരങ്ങളും ആത്മാര്‍ത്ഥമായി പരിശ്രമിക്കുമെന്നും നിര്‍മാതാക്കള്‍ കരുതുന്നു.

മലയാളത്തില്‍ ഇങ്ങനെയൊരു മോഡലില്ല

അതേസമയം, മലയാളത്തില്‍ ഇതുവരെയും ഇങ്ങനെയൊരു മോഡല്‍ സ്വീകരിക്കാന്‍ താരങ്ങള്‍ തയ്യാറായിട്ടില്ലെന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് പറയുന്നു. സിനിമയുടെ സാമ്പത്തിക റിസ്‌ക് എടുക്കാന്‍ പല താരങ്ങളും തയ്യാറാകുന്നില്ല. താരങ്ങളും ചീഫ് ടെക്‌നീഷ്യന്‍മാരും ഈടാക്കുന്ന പ്രതിഫലം ഉയര്‍ന്നതാണ്. ഇത് സിനിമയുടെ ഗുണമേന്മയെ സാരമായി ബാധിക്കും. സിനിമയുടെ ആകെ ബജറ്റില്‍ 40 ശതമാനം വരെ താരങ്ങള്‍ക്കുള്ള പ്രതിഫലമായി നല്‍കിയാല്‍ മറ്റ് കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അടുത്ത മാസം സൂചനാ പണിമുടക്ക് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT