News & Views

എന്തുകൊണ്ട് ആപ് തോറ്റു? ബദൽ രാഷ്ട്രീയ ശൗര്യത്തിന്റെ അസ്തമയമോ? ആപിന്റെയും പ്രതിപക്ഷ സഖ്യത്തി​ന്റെയും ഭാവി എന്ത്?

ഡൽഹിയുടെ പാഠം ഇതാണ്: സൗജന്യങ്ങൾ വോട്ടർമാരെ ആകർഷിക്കും, എന്നാൽ വിശ്വാസ തകർച്ച ജനങ്ങളെ അകറ്റും

A.S. Sureshkumar

വളർത്തി വലുതാക്കിയ ഒരു ബദൽ രാഷ്ട്രീയത്തിന്റെ കഥ കഴിക്കുകയാണ് ഡൽഹിക്കാർ. അരവിന്ദ് കെജ്രിവാളിനു ചുറ്റും ഭ്രമണം ചെയ്യുന്ന ആം ആദ്മി പാർട്ടി പിറന്ന മണ്ണിൽ മുഖമടിച്ചു വീണു. സൗജന്യങ്ങളുടെ പുതിയ പ്രലോഭനങ്ങൾ ഇത്തവണ ഏശിയില്ല. വർഷങ്ങളായി കൈപ്പറ്റുന്ന സൗജന്യങ്ങ​ളോടുള്ള അഭിനിവേശവും കടപ്പാടും പൊടുന്നനെ അൽപായുസായി മാറി. അഥവാ, ബി.ജെ.പിയുടെ പ്രലോഭനവും പ്രചാരണവും നിശ്ചയദാർഢ്യവും ഒരുപോലെ ഫലിച്ചു. നീണ്ട 27 വർഷങ്ങൾക്കു ശേഷം അങ്ങനെ, ബി.ജെ.പി വീണ്ടും ഇന്ദ്രപ്രസ്ഥത്തിൽ അധികാരത്തിലേക്ക്. തലസ്ഥാനത്തു തന്നെ തല നഷ്ടപ്പെട്ട് ആപ് രാഷ്ട്രീയം. തുടർച്ചയായി 15 വർഷം ഡൽഹി ഭരിച്ച പഴയ പ്രതാപത്തിന്റെ കണിക പോലും തിരിച്ചു പിടിക്കാനാകാതെ കോൺഗ്രസ്.

എന്തൊരു വീഴ്ച!

സീറ്റു നില വെച്ചു നോക്കിയാൽ ആപിന്റേത് കനത്ത വീഴ്ചയാണ്. 70 അംഗ നിയമസഭയിൽ കഴിഞ്ഞ രണ്ടു തവണ യഥാക്രമം 67ഉം 63ഉം സീറ്റ് തൂത്തുവാരിയാണ് ആപ് ഡൽഹി പിടിച്ചത്; പഞ്ചാബിലേക്കും ദേശീയ പാർട്ടി പദവിയിലേക്കുമൊക്കെ വളർന്നത്. ഇപ്പോൾ അധികാരം നഷ്ടപ്പെടുന്നത് സീറ്റെണ്ണം രണ്ടു ഡസനായി ചുരുങ്ങിക്കൊണ്ടാണ്. രാഷ്​​ട്രീയത്തിൽ ഒന്നും അസംഭവ്യമല്ല. എന്നാൽ ഈ വീഴ്ചയോടെ ഡൽഹിയിലും ദേശീയ രാഷ്ട്രീയത്തിലും ഒരു ഉയിർത്തെഴുന്നേൽപ് ആപിന് എത്രത്തോളം കഴിയുമെന്ന് കണ്ടറിയണം. പ്രധാനമ​ന്ത്രിക്കെതിരെ മത്സരിക്കാനും പ്രധാനമന്ത്രി സ്ഥാനാർഥി എന്ന നിലയിൽ പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും ബദൽ രാഷ്ട്രീയം ഉയർത്തിക്കൊണ്ടു വരാനും തക്ക കരുത്ത് കാട്ടിയ ശേഷമാണ് ഈ പതനം.

പാളിച്ചകളുടെ പഴുതിലൂടെ ബി.ജെ.പി

അഴിമതിക്കെതിരെ പട നയിച്ച നേതാവും പ്രസ്ഥാനവും അഴിമതി ആരോപണത്തിൽ പെട്ട് മറിഞ്ഞു വീഴുന്നതാണ് കാഴ്ച. ആപിനെ മൊത്തമായും അരവിന്ദ് കെജ്രിവാളിനെ പ്രത്യേകിച്ചും നിലം പരിശാക്കാൻ ബി.ജെ.പി ഇക്കാലമത്രയും നടത്തിയ കണിശമായ നീക്കങ്ങളാണ് ഡൽഹിയിൽ വിജയിച്ചത്. ചില പാളിച്ചകളുടെ പഴുതിലൂടെ വലിയൊരു തള്ളിക്കയറ്റം തന്നെ നടത്താൻ ബി.ജെ.പിക്ക് സാധിച്ചു. സാധാരണക്കാരന്റെ രാഷ്ട്രീയവും രോഷവും സങ്കടവും ഒരുപോലെ പങ്കുവെച്ച്, കുറ്റിച്ചൂൽ ഉയർത്തിപ്പിടിച്ച്, കോൺഗ്രസിനെയും ബി.ജെ.പിയേയും ഒരുപോലെ ഇടത്തരക്കാരന്റെ മനസിൽ നിന്ന് പുറന്തള്ളിയാണ് ആപ് അധികാര ​കസേരയിൽ എത്തിയത്. ഡൽഹിയിൽ കോൺഗ്രസിനെ വട്ടപ്പൂജ്യത്തിലേക്കും ബി.ജെ.പിയെ വെറും മൂന്നു സീറ്റിലേക്കുമാണ് ഈ ആവേശത്തിരമാല മുമ്പ് എടുത്തെറിഞ്ഞതെന്ന് ഓർക്കണം.

അനുപാതം വിട്ട ആക്രമണം

കോൺഗ്രസ് വട്ടപ്പൂജ്യത്തിൽ തന്നെ തുടരു​മ്പോഴും, തിരിച്ചു വരാൻ ബി.ജെ.പിക്ക് അവസരം നൽകിയത് ആപ് തന്നെയാണ്. മദ്യനയത്തിൽ അഴിമതിയുടെ ദുർഗന്ധമുണ്ടെന്നും മുഖ്യമന്ത്രിയുടെ ആർഭാട വസതിയിൽ കോടികളുടെ ദുർവ്യയം നടന്നുവെന്നുമുള്ള ​ശക്തമായ പ്രചാരണത്തിൽ സത്യത്തിന്റെ ചില അംശങ്ങളുണ്ടെന്ന് നിരീക്ഷിക്കുന്നവരായി ഡൽഹിയിലെ​ വോട്ടർമാർ മാറി. മദ്യക്കുപ്പി ഒന്നു വാങ്ങിയാൽ മറ്റൊന്ന് ഫ്രീ കൊടുത്ത ചരിത്രവും മുഖ്യമന്ത്രിയുടെ ആഡംബര വസതി തന്നെയും അതിന്റെ നേർചിത്രമായി. അന്വേഷണ ഏജൻസികൾ കെജ്രിവാളിനെയും മറ്റു നേതാക്കളെയും പരുന്ത് കോഴിക്കുഞ്ഞിനെ റാഞ്ചുന്ന ലാഘവത്തോടെ കൊത്തിയെടുത്തു. അനുപാതം വിട്ട പ്രതികാര രാഷ്ട്രീയം അതിലുണ്ടെന്നും, അഴിമതി ചോദ്യം ചെയ്യാൻ ബി.ജെ.പിക്കാർക്ക് എന്താണ് അർഹതയെന്നും ചോദിക്കുന്നവർ നിരവധിയുണ്ട്. അത് ചിത്രത്തിന്റെ മറ്റൊരു വശം.

പ്രതിഛായ തിരിച്ചു പിടിക്കാനായില്ല

മുഖ്യമന്ത്രിയെ മാറ്റി പരീക്ഷിച്ചും വസതിയൊഴിഞ്ഞും സൗജന്യങ്ങളുടെ പുതിയ വാഗ്ദാനപ്പട്ടിക പ്രഖ്യാപിച്ചുമൊക്കെ കെജ്രിവാൾ നടത്തിയ അവസാനവട്ട പരീക്ഷണങ്ങളൊന്നും തെരഞ്ഞെടുപ്പു ഗോദയിൽ ഏശിയില്ല എന്നു പറഞ്ഞു കൂടാ. അതുകൊണ്ടും, പഴയ ഉപകാര സ്മരണ വോട്ടർമാരിൽ ബാക്കി നിൽക്കുന്നതു കൊണ്ടുമൊക്കെയാണ് സാധാരണക്കാരുടെ മനസിൽ നിന്ന് പൂർണമായും തുടച്ചു നീക്കാനാവാതെ ആപ് വെല്ലുവിളിച്ചു നിന്ന് ഇത്രയും സീറ്റ് പിടിച്ചത്. പ്രലോഭന സൗജന്യങ്ങൾക്കെതിരെ പറഞ്ഞു കൊണ്ടിരുന്ന ബി.ജെ.പിക്ക് കെജ്രിവാളിനെ തുരത്താനുള്ള യുദ്ധത്തിൽ സൗജന്യങ്ങളുടെ വാഗ്ദാനങ്ങൾ വാരി വിതറേണ്ടി വന്നു. വോട്ടർമാർ ആദായ നികുതി ഇളവടക്കം പുതിയ ഒരു കൂട്ടം സൗജന്യ മോഹങ്ങളിൽ വീഴുകയും ചെയ്തു.

ആപ്-കോ​ൺഗ്രസ് കലഹം

സമർഥനും കൗശലക്കാരനുമായ രാഷ്ട്രീയ നേതാവാണ് കെജ്രിവാൾ. ഒരുപക്ഷേ, ബി.ജെ.പി നായകരിൽ ഭയപ്പാടുണ്ടാക്കിയ നേതാവ്. വിശ്വാസ തകർച്ചയാണ് ആപിന്റെ ഇന്നത്തെ വീഴ്ചക്ക് പ്രധാന കാരണം. കോൺഗ്രസ്-ആപ് ബന്ധമാകട്ടെ, ബി.ജെ.പിയുടെ ഉന്തിനു പുറകെ ഒരു തള്ളായി മാറുകയും ചെയ്തു. കോൺഗ്രസിനെ വിശ്വസിക്കരുതെന്ന് ആപും, ആപിനെ വിശ്വസിക്കരുതെന്ന് കോൺഗ്രസും പറഞ്ഞു പഠിപ്പിച്ച ഡൽഹിയിൽ ഇരുവരും തോളത്തു കൈയിടുന്നതാണ് ലോക്സഭ തെരഞ്ഞെടുപ്പു നേരത്ത് വോട്ടർമാർ കണ്ടത്. നിയമസഭ തെരഞ്ഞെടുപ്പു വന്നപ്പോൾ രണ്ടു കൂട്ടരും വീണ്ടും കീരിയും പാമ്പുമായി. ഇതിനിടയിൽ നിലപാടു തറ തന്നെയാണ് ഇരുപാർട്ടികൾക്കും നഷ്ടപ്പെട്ടു പോയത്. തുടക്കത്തിൽ നിന്ന് ഭിന്നമായി ബദൽ രാഷ്ട്രീയ മാതൃക നിലനിർത്താൻ ആപിന് പിന്നീടിങ്ങോട്ട് സാധിച്ചതുമില്ല. ആപിനെ മലർത്തിയടിക്കാനുള്ള ബി.ജെ.പിയുടെ വാശി മുറ്റിയ കണിശമായ നീക്കങ്ങൾക്ക് പിന്നെ വിജയിക്കാതെ തരമില്ല -വായുവിൽ നിന്ന് വിഭൂതി!

പ്രതിപക്ഷത്തിന്റെയും ആപിന്റെയും ഭാവി​?

ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം കിട്ടാതെ പോയതിന്റെ ആവേശത്തിൽ നിൽക്കുന്ന കോൺഗ്രസി​നും ‘ഇന്ത്യ’ കൂട്ടായ്മക്കും കിട്ടിയ പുതിയ ​പ്രഹരം കൂടിയാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം. ഹരിയാനയും മഹാരാഷ്ട്രക്കും പിന്നാലെ, ഡൽഹിയും പ്രതിപക്ഷത്തിന് കൈവിട്ടു പോയി. ​ആപിന്റെ തോൽവിയിൽ കോൺഗ്രസിന് പഴി കേൾക്കേണ്ടി വരും. കോൺഗ്രസിതര പ്രതിപക്ഷ മുന്നണിയെന്ന ആശയം ഉച്ചത്തിൽ ചർച്ച ചെയ്യപ്പെടും. ഇന്ത്യ കൂട്ടായ്മയുടെ ഭാവി തന്നെ എന്താകും? സ്വന്തം കുഞ്ഞുങ്ങളെ പരുന്തു റാഞ്ചാതെ നോക്കാൻ ആപ് എന്ന തള്ളക്കോഴിക്ക് കഴിയുമോ? കെജ്രിവാളിനെ അന്വേഷണ ഏജൻസികൾ നിലംതൊടുവിക്കുമോ? ഈ ചോദ്യങ്ങൾക്കെല്ലാം മുമ്പിൽ അവസാന ചിരി, ബി.ജെ.പിയുടേതു തന്നെ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT