News & Views

2024ല്‍ പണി പോയത് ഒരുലക്ഷം പേര്‍ക്ക്, ഈ തൊഴില്‍ രംഗത്ത് പിരിച്ചുവിടല്‍ വ്യാപകമാകും: മുന്നറിയിപ്പ്

ഇന്ത്യന്‍ കമ്പനികളില്‍ നിശബ്ദ പിരിച്ചുവിടല്‍ (silent layoffs) വ്യാപകമാകുന്നു

Dhanam News Desk

തൊഴില്‍ രംഗത്ത് ഭീഷണിയായി വീണ്ടും കമ്പനികളുടെ കൂട്ടപിരിച്ചുവിടല്‍. 2024 പകുതി പൂര്‍ത്തിയാക്കുമ്പോള്‍ ഐ.ടി സെക്ടറില്‍ ആഗോളതലത്തില്‍ ഒരുലക്ഷത്തോളം പേര്‍ക്ക് ജോലി നഷ്ടമായെന്ന് കണക്കുകള്‍. കോവിഡിന് ശേഷം തുടങ്ങിയ പുതിയ പ്രവണത ഇനിയും തുടരുമെന്നും കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടടമാകാനുള്ള സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പുതിയ നിയമനങ്ങള്‍ നടത്താന്‍ കമ്പനികള്‍ മടിക്കുന്നതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.

2022ലാണ് ആമസോണ്‍, ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയവര്‍ ആളുകളെ വ്യാപകമായി പിരിച്ചുവിടാന്‍ തുടങ്ങിയത്. തൊട്ടടുത്ത വര്‍ഷം ഇത് വലിയ രീതിയില്‍ വര്‍ധിച്ചു. 2,62,915 പേര്‍ക്കാണ് 2023ല്‍ പണി പോയത്. ഈ വര്‍ഷമെങ്കിലും കാര്യങ്ങള്‍ ട്രാക്കിലാകുമെന്ന് കരുതിയെങ്കിലും സംഭവിച്ചത് വിപരീതമാണ്.

2024 ജനുവരി മുതലുള്ള കണക്കെടുത്താല്‍ ടെക് കമ്പനികളില്‍ നിന്നും 99,737 പേരെ പിരിച്ചുവിട്ടതായി ലേഓഫ്‌സ് എന്ന വെബ്‌സൈറ്റിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ടെക് കമ്പനികളിലെ പിരിച്ചുവിടലുകള്‍ ക്രോഡീകരിക്കുന്നതിനായി അമേരിക്കക്കാരനായ റോജര്‍ ലീ തുടങ്ങിയ വെബ്‌സൈറ്റാണ് ലേഓഫ്‌സ്.

കമ്പനികള്‍ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുന്നതും സാമ്പത്തിക മാന്ദ്യവും സാങ്കേതിക വിദ്യയുടെ കൂടുതല്‍ ഉപയോഗവും കാരണമാണ് പിരിച്ചുവിടലുകള്‍ കൂടുന്നതെന്നാണ് വിലയിരുത്തല്‍. കൂടാതെ ഇന്ത്യന്‍ കമ്പനികള്‍ക്കിടയില്‍ നിശബ്ദ പിരിച്ചുവിടല്‍ (silent layoffs) വ്യാപിക്കുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്താണ് നിശബ്ദ പിരിച്ചുവിടല്‍

ജോലി ചെയ്തുകൊണ്ടിരിക്കുന്ന കമ്പനിയില്‍ തന്നെ 30 ദിവസത്തിനുള്ളില്‍ മറ്റൊരു ജോലി കണ്ടെത്താന്‍ തൊഴിലാളിയെ പ്രേരിപ്പിച്ചുകൊണ്ടാണ് ഇത്തരം പിരിച്ചുവിടല്‍ തുടങ്ങുന്നത്. ഇത്രയും ദിവസത്തിനുള്ളില്‍ മറ്റൊരു ജോലി കണ്ടെത്താനായില്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെടും. അപ്രധാനമായ ജോലികള്‍ ഏല്‍പ്പിച്ചുകൊണ്ടോ അടിക്കടി മോശം പ്രകടന റിപ്പോര്‍ട്ട് നല്‍കിക്കൊണ്ടോ ജീവനക്കാരെ സ്വയം പിരിഞ്ഞുപോകാന്‍ പ്രേരിപ്പിക്കുന്ന കമ്പനികളുമുണ്ട്. ജോലിക്കാരെ കുറയ്ക്കാനായി ഇന്ത്യയിലെ പല പ്രമുഖ കമ്പനികളും ഇങ്ങനെ ചെയ്യാറുണ്ടെന്ന് ടെക് രംഗത്തെ തൊഴിലാളി സംഘടനയായ എ.ഐ.ഐ.ടി.ഇ.യു പറയുന്നു.

ഇന്ത്യയിലെ മുന്‍നിര ഐ.ടി കമ്പനികളില്‍ നിന്നടക്കം ഏതാണ്ട് മൂവായിരത്തോളം ജീവനക്കാരെ ഈ വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിലായി പിരിച്ചുവിട്ടെന്ന് മറ്റൊരു റിപ്പോര്‍ട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. ടെര്‍മിനേഷന് വിധേയരായി പുറത്താകുന്നവര്‍ക്ക് മറ്റ് കമ്പനികളില്‍ പിന്നീട് ജോലി ലഭിക്കാന്‍ പ്രയാസമാണെന്നും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നു.

കമ്പനിയിലെ ഉയര്‍ന്ന ശമ്പളം പറ്റുന്ന മുതിര്‍ന്ന ജീവനക്കാര്‍ക്കാണ് കൂടുതല്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടേണ്ടി വരുന്നത്. കമ്പനികള്‍ പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ ആദ്യം വെട്ടുക ഇത്തരക്കാരുടെ പേരുകളായിരിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT