canva
News & Views

മാര്‍ച്ചെത്തും മുമ്പേ ചൂട് കനത്തു, എ.സി വില്പന പറപറക്കുന്നു

പരമാവധി കച്ചവടം പിടിക്കാന്‍ എ.സി കമ്പനികള്‍ക്കൊപ്പം വ്യാപാരികളും തങ്ങളുടേതായ ഓഫറുകള്‍ നല്‍കുന്നുണ്ട്

Dhanam News Desk

ഫെബ്രുവരിയില്‍ തന്നെ ചൂട് കനത്തതോടെ സംസ്ഥാനത്ത് എ.സി വില്പന കുതിക്കുന്നു. മുന്‍ വര്‍ഷങ്ങളിലെ ചൂട് ഓര്‍മയിലുള്ളതിനാല്‍ പണച്ചെലവ് നോക്കാതെ എ.സി വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. മുമ്പ് നഗരങ്ങളിലായിരുന്നു എ.സിക്ക് ആവശ്യക്കാരേറെ. എന്നാലിപ്പോള്‍ ഗ്രാമങ്ങളില്‍ പോലും വില്പന വന്‍തോതില്‍ ഉയര്‍ന്നു.

ഇ.എം.ഐ സൗകര്യം ലഭിക്കുമെന്നതിനാല്‍ സാമ്പത്തികശേഷി കുറഞ്ഞവരും എ.സി വാങ്ങാന്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നതായി തൃശൂര്‍ കൂള്‍ എ.സി ഉടമ തോമസ് ജേക്കബ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ പിന്നിട്ടതോടെ എ.സികള്‍ക്ക് ക്ഷാമം ഉണ്ടായിരുന്നതായി അദ്ദേഹം പറയുന്നു. ഇത്തവണയും വില്പന ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഓഫറുകളുമായി കമ്പനികള്‍

പരമാവധി കച്ചവടം പിടിക്കാന്‍ എ.സി കമ്പനികള്‍ക്കൊപ്പം വ്യാപാരികളും തങ്ങളുടേതായ ഓഫറുകള്‍ നല്‍കുന്നുണ്ട്. ഇതും വില്പന ഉയരുന്നതിന് കാരണമായിട്ടുണ്ട്. ഒന്ന്, ഒന്നര ടണ്‍ എ.സികള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. കേരളത്തില്‍ വില്ക്കുന്ന എ.സികളില്‍ കൂടുതലും ഒരു ടണ്ണിന്റേതാണ്. മൊത്തം വില്പനയുടെ 65 ശതമാനത്തിലധികം ഈ വിഭാഗത്തിലാണ്. കഴിഞ്ഞ വര്‍ഷം അഞ്ചുലക്ഷം യൂണിറ്റിലധികം കേരളത്തില്‍ വിറ്റഴിഞ്ഞിരുന്നു. ഇത്തവണ ഈ റെക്കോഡും മറികടക്കുമെന്നാണ് പ്രാഥമിക സൂചന.

രാജ്യത്തെ മൊത്തം വില്പനയുടെ ഏഴ് ശതമാനം കേരളത്തിലാണ്. നിലവില്‍ 30,000 കോടിക്ക് മുകളിലാണ് രാജ്യത്തെ എസി വിപണി. കാലാവസ്ഥയിലെ മാറ്റങ്ങളും ആളുകളുടെ വരുമാനം കൂടുന്നതുമാണ് എയര്‍ കണ്ടീഷണര്‍ വിപണിയ്ക്ക് കരുത്തു പകരുന്നതെന്ന് രാജ്യത്തെ പ്രമുഖ എസി നിര്‍മാതാക്കളായ ബ്ലൂ സ്റ്റാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT