കേരളത്തില്‍ പുതിയ ആഡംബര ഹോട്ടല്‍ പദ്ധതിയുമായി അദാനി ഗ്രൂപ്പ്. ആഗോള ഹോട്ടല്‍ രംഗത്തെ മുന്‍നിരക്കാരായ ഐഎച്ച്ജി ഗ്രൂപ്പുമായി ചേര്‍ന്നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അദാനി ഗ്രൂപ്പിന്റെ പുതിയ പ്രൊജക്ട്. തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് പ്രധാന വിമാനത്താവളങ്ങളില്‍ ഹോട്ടല്‍ നിര്‍മിക്കാനാണ് സംയുക്ത സംരംഭത്തിന്റെ ലക്ഷ്യം.
കരാറില്‍ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് ലിമിറ്റഡും ഐഎച്ച്ജി ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സും ഒപ്പുവച്ചു. ഐഎച്ച്ജിയുടെ ആഡംബര ലൈഫ്‌സ്റ്റൈല്‍ ബ്യൂട്ടിക് ബ്രാന്‍ഡായ കിംപ്ടണ്‍ ഹോട്ടല്‍സ് ആന്‍ഡ് റെസ്‌റ്റോറന്റ്‌സും ഇന്ത്യയില്‍ എത്തും.
മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തപ്പോള്‍ തന്നെ ആഡംബര ഹോട്ടല്‍ പദ്ധതിയും അദാനി ഗ്രൂപ്പിന്റെ മനസിലുണ്ടായിരുന്നു. 136.31 കോടി രൂപ മുടക്കിലാണ് ഹോട്ടല്‍ വരുന്നത്. 33,902 ചതുരശ്രയടി വിസ്തീര്‍ണവും 240 മുറികളും ഹോട്ടലില്‍ ഉണ്ടാകും.
വിമാനത്താവളങ്ങളോട് ചേര്‍ന്ന് ഉയരമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ വിലക്കുള്ളതിനാല്‍ പരമാവധി ഉയരം 23 മീറ്റര്‍ ആയിരിക്കും. 660 സീറ്റുകളുള്ള കണ്‍വെന്‍ഷന്‍ സെന്ററും റെസ്റ്റോറന്റ് അടക്കമുള്ള സൗകര്യങ്ങളും പുതിയ പ്രൊജക്ടില്‍ ഉണ്ടാകും.
ഷോപ്പിംഗ് സൗകര്യം ഉള്‍പ്പെടെ എല്ലാവിധ പ്രീമിയം അനുഭവങ്ങളും ഉള്‍പ്പെടുത്തിയാകും ഹോട്ടല്‍ വരിക. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സിറ്റി സൈഡ് ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് ഹോട്ടല്‍ നിര്‍മാണം. ഈ പദ്ധതിക്ക് കേന്ദ്രം കഴിഞ്ഞവര്‍ഷം പാരിസ്ഥിതികാനുമതി നല്‍കിയിരുന്നു. തിരുവനന്തപുരത്തിന് പുറമേ ജയ്പുര്‍, മംഗളൂരു, മുംബൈ മെട്രോപൊളിറ്റന്‍ മേഖല എന്നിവിടങ്ങളിലായാണ് ഹോട്ടലുകള്‍ നിര്‍മിക്കുന്നത്.
രാജ്യത്ത് വ്യോമയാന-വിനോദസഞ്ചാര മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇത്തരം സഹകരണത്തിന് അദാനി ഗ്രൂപ്പ് തുടക്കമിട്ടിരിക്കുന്നതെന്ന് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഡയറക്ടര്‍ പ്രണവ് അദാനി പറഞ്ഞു. ഐ.എച്ച്.ജി. ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സിന് നിലവില്‍ ഇന്ത്യയില്‍ ആറു ബ്രാന്‍ഡുകളിലായി 52 ഹോട്ടലുകളുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine