canva, https://www.ril.com, https://www.adani.com
News & Views

ട്രംപിന്റെ താരിഫ് അവസരമാക്കി അദാനിയും അംബാനിയും, ബാറ്ററിയും ഇവിയും നിര്‍മിക്കാന്‍ ചൈനീസ് ടെക്‌നോളജി വാങ്ങാന്‍ നീക്കം

പുതിയ സാഹചര്യത്തില്‍ ഇന്ത്യ-ചൈന നയതന്ത്ര-വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുമെന്നും സ്വകാര്യ മേഖലയിലെ പങ്കാളിത്തം കൂടുതല്‍ ഉദാരമാക്കുമെന്നുമാണ് വ്യവസായ ലോകത്തിന്റെ പ്രതീക്ഷ

Dhanam News Desk

അംബാനിയും അദാനിയും അടക്കമുള്ള കോര്‍പറേറ്റ് ഭീമന്മാര്‍ ചൈനീസ് കമ്പനികളില്‍ നിന്ന് സാങ്കേതിക വിദ്യ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് പിന്നാലെയാണിതെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക് വെഹിക്കിള്‍, ലിഥിയം അയണ്‍ സെല്‍ പോലുള്ള മേഖലയിലെ സാങ്കേതിക വിദ്യയില്‍ ചൈനീസ് കമ്പനികള്‍ക്കാണ് മേധാവിത്വം. വളരെ മികച്ചതും കുറഞ്ഞ ചെലവില്‍ നടപ്പിലാക്കാവുന്നതുമായ ഈ സാങ്കേതിക വിദ്യകള്‍ സ്വന്തമാക്കാന്‍ അദാനി ഗ്രൂപ്പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ജെ.എസ്.ഡബ്ല്യൂ തുടങ്ങിയ കമ്പനികള്‍ രഹസ്യ നീക്കങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്. നിര്‍മാണ രംഗത്തെ എതിരാളിയായ ഇന്ത്യക്ക് സുപ്രധാന സാങ്കേതിക വിദ്യകള്‍ കൈമാറുന്നതില്‍ ചൈന പൂര്‍ണ സമ്മതം മൂളിയിട്ടില്ല. ചൈനീസ് കമ്പനികള്‍ക്ക് വലിയ നിക്ഷേപം നടത്താന്‍ ഇന്ത്യയും അനുവദിച്ചിട്ടില്ല. ഇക്കാരണത്താലാണ് കമ്പനികള്‍ രഹസ്യ നീക്കം നടത്തുന്നതെന്നാണ് വിവരം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇന്ത്യ-ചൈന നയതന്ത്ര-വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുമെന്നും സ്വകാര്യ മേഖലയിലെ പങ്കാളിത്തം കൂടുതല്‍ ഉദാരമാക്കുമെന്നുമാണ് വ്യവസായ ലോകത്തിന്റെ പ്രതീക്ഷ.

അദാനി നീക്കം ഇങ്ങനെ

കഴിഞ്ഞ മാസം ഗൗതം അദാനി ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി നിര്‍മാതാക്കളായ ചൈനയിലെ കോണ്ടംപററി ആംപെറെക്‌സ് ടെക്‌നോളജി കമ്പനി (സി.എ.ടി.എല്‍) അടക്കമുള്ള കമ്പനികളില്‍ സന്ദര്‍ശനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. ഇ.വി ഭീമനായ ബി.വൈ.ഡിയുമായി സഹകരിച്ച് ഇന്ത്യയില്‍ ബാറ്ററി നിര്‍മാണ കേന്ദ്രം തുടങ്ങുന്ന കാര്യവും അദാനി ഗ്രൂപ്പിന്റെ പരിഗണനയിലുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്തകള്‍ അദാനി ഗ്രൂപ്പ് നിഷേധിച്ചിരുന്നു.

റിലയന്‍സും ജെ.എസ്.ഡബ്ല്യൂവും

മറ്റൊരു ഇന്ത്യന്‍ കോര്‍പറേറ്റ് ഭീമനായ ജെ.എസ്.ഡബ്ല്യൂ ഗ്രൂപ്പ് ചൈനീസ് കമ്പനിയുമായുള്ള സഹകരണം ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ചെറി ഓട്ടോമൊബൈല്‍ കമ്പനിയില്‍ നിന്നും സാങ്കേതിക വിദ്യയും വാഹന ഘടകങ്ങളും സ്വന്തമാക്കുന്നതിനാണ് ധാരണ. ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് സജ്ജന്‍ ജിന്‍ഡാല്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പിന്റെ നീക്കം. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചൈനീസ് ബാറ്ററി നിര്‍മാതാക്കളുമായി സഹകരിക്കാനുള്ള ഒരുക്കത്തിലാണെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.

നിയന്ത്രണം മറികടക്കാന്‍ കുറുക്കുവഴി

ചൈനീസ് കമ്പനികളുമായി രാജ്യത്തെ ചെറുകിട കമ്പനികള്‍ നേരത്തെയും പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്താണ് വന്‍ കോര്‍പറേറ്റ് കമ്പനികളും ഈ രംഗത്തേക്ക് ഇറങ്ങുന്നത്. ചൈനീസ് പങ്കാളിത്തത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ സിംഗപ്പൂര്‍, വിയറ്റ്‌നാം പോലുള്ള രാജ്യങ്ങളിലെ സബ്ഡിയറി കമ്പനികളെ ഉപയോഗിച്ചാണ് ഇവരുടെ ഇടപാടുകളെന്നും റിപ്പോര്‍ട്ട് തുടരുന്നു. എന്നാല്‍ താരിഫ് യുദ്ധത്തിന് പിന്നാലെ ഇന്ത്യ ചൈനയുമായുള്ള വ്യാപാര ബന്ധങ്ങള്‍ പുനസ്ഥാപിക്കുമെന്നും സൂചനകളുണ്ട്. അങ്ങനെ വന്നാല്‍ വളഞ്ഞ വഴിയിലൂടെ അല്ലാതെ ചൈനീസ് സാങ്കേതിക വിദ്യ സ്വന്തമാക്കാന്‍ ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്ക് കഴിയുമെന്നാണ് കരുതുന്നത്.

Amid rising US tariffs, business leaders the Adani and Ambani clans are exploring Chinese technology partnerships to bolster India’s domestic manufacturing and renewable energy capabilities, marking a strategic pivot in global supply chain dynamics.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT